കേരളത്തിൽ റെയിൽപാത ഇരട്ടിപ്പിക്കലിന് 258 കോടി രൂപ
Mail This Article
ന്യൂഡൽഹി ∙ കേരളത്തിൽ പാതയിരട്ടിപ്പിക്കലിന് 258 കോടി രൂപ റെയിൽവേ ബജറ്റിൽ വകയിരുത്തി. മറ്റു പല സംസ്ഥാനങ്ങൾക്കും അനുവദിച്ച തുക വച്ചു നോക്കുമ്പോൾ ഏറെ കുറവാണിത്. തിരുനാവായ– ഗുരുവായൂർ, അങ്കമാലി–ശബരിമല എന്നീ പുതിയ പാതകൾക്കും നാമമാത്രമായ തുക വിലയിരുത്തിയിട്ടുണ്ട് (ഒരു കോടി രൂപ വീതം). കേരളത്തിനു കൂടി ഉപകാരപ്പെടുന്ന മംഗളൂരു സെൻട്രൽ– നേത്രാവതി സെക്ടറിൽ 11 കോടി രൂപ ഇരട്ടിപ്പിക്കലിനു വകയിരുത്തിയിട്ടുണ്ട്. വിവിധ ഇനങ്ങളിൽ നിന്നാണ് തുക അനുവദിക്കുന്നത്.
കോട്ടയം വഴിയുള്ള പാതയിൽ കുറുപ്പന്തറ– ചിങ്ങവനം സെക്ടറിൽ 26.54 കിലോമീറ്റർ പാതയിരട്ടിപ്പിക്കാൻ 84 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആലപ്പുഴ റൂട്ടിൽ അമ്പലപ്പുഴ– ഹരിപ്പാട് സെക്ടറിന് 26 കോടി രൂപ. തിരുവനന്തപുരം–കന്യാകുമാരി പാതയ്ക്ക് 133 കോടി രൂപ. ചെങ്ങന്നൂർ– ചിങ്ങവനം (16 കോടി), മുളന്തുരുത്തി– കുറുപ്പന്തറ (5.25കോടി). എറണാകുളം–കുമ്പളം, കുമ്പളം– തുറവൂർ, തുറവൂർ– അമ്പലപ്പുഴ സെക്ടറുകൾക്ക് ഒരു കോടി രൂപ വീതം. ഷൊർണൂർ– എറണാകുളം സെക്ടറിൽ മൂന്നാമത്തെ ലൈനിന് ഒരു കോടി രൂപ ടോക്കൺ തുകയായി വകയിരുത്തി.
മറ്റു പ്രധാന പദ്ധതികൾക്ക് വകയിരുത്തിയ തുക:
ഗേജ് മാറ്റം
∙കൊല്ലം –തിരുനെൽവേലി– തിരുച്ചെന്തൂർ–തെങ്കാശി–വിരുദനഗരം : 5 കോടി
യാർഡ്,പാത വികസനം
∙എറണാകുളത്ത് അഡീഷനൽ പിറ്റ് ലൈൻ– 58 ലക്ഷം
∙തിക്കോടി–മാഹി–വടകര ഇന്റർമീഡിയറ്റ് ബ്ലോക്ക്– 4.5 കോടി
∙കണ്ണൂരിൽ പുതിയ പ്ലാറ്റ് ഫോം– 2 കോടി
∙കുമ്പള–മഞ്ചേശ്വരം ഇന്റർമീഡിയറ്റ് ബ്ലോക്ക്– 1.5 കോടി
∙തിരുവനന്തപുരം ഡിവിഷൻ ലെവൽക്രോസിങ് വികസനം– 2 കോടി
∙പാലക്കാട് ഡിവിഷനൽ ലെവൽക്രോസിങ് വികസനം– 60 ലക്ഷം
∙തിരുവനന്തപുരം ഡിവിഷൻ ലെവൽക്രോസിങ് ഇന്റർലോക്കിങ്– 1 കോടി
∙തിരുവനന്തപുരം–എറണാകുളം–തൃശൂർ ലെവൽക്രോസിങ് കമ്യൂണിക്കേഷൻ വികസനം– 1 കോടി
∙ഷൊർണൂർ–മംഗളൂരു ലെവൽക്രോസ് കമ്യൂണിക്കേഷൻ വികസനം –5 കോടി
∙എറണാകുളം–കായംകുളം ലെവൽക്രോസിങ് ഇന്റർലോക്കിങ്– 2 കോടി
∙തിരുവനന്തപുരം ഡിവിഷൻ ലെവൽക്രോസിങ് ഇന്റർലോക്കിങ്– 1 കോടി
∙കുഞ്ഞിപ്പള്ളി മേൽപാലം–50 ലക്ഷം
∙കാഞ്ഞങ്ങാട് പള്ളിക്കര മേൽപാലം– 6 കോടി
∙തലശ്ശേരി– ധർമടം മേൽപാലം–1.5 കോടി
∙മയ്യനാട് റോഡ് മേൽപാലം– 5 ലക്ഷം
∙പൂങ്കുന്നം മേൽപാലം– 2 കോടി
∙വൈക്കം റോഡ് –കുറുപ്പന്തറ മേൽപാലം– 2 കോടി
∙തൃശൂർ–ഒല്ലൂർ മേൽപാലം– 3 കോടി
∙ചാലക്കുടി –കറുകുറ്റി മേൽപാലം– 3 കോടി
∙എറണാകുളം–ആലപ്പുഴ–കായംകുളം അടിപ്പാതകൾ– 5 കോടി
∙എറണാകുളം–കോട്ടയം–കായംകുളം അടിപ്പാതകൾ– 87 ലക്ഷം
vകുമ്പള–ഉപ്പള ലെവൽക്രോസിങ് 285 സബ്‍വേ– 4.5 കോടി
ട്രാക്ക് പുതുക്കൽ
∙ഷൊർണൂർ–എറണാകുളം– 5 കോടി
∙എറണാകുളം– തിരുവനന്തപുരം– 5 കോടി
(വിവിധ ഡിവിഷനുകളിലായി പാത പുതുക്കാനും മേൽപാലം, അടിപ്പാത നിർമാണത്തിനുമായി വേറെയും തുക വകയിരുത്തിയിട്ടുണ്ട്.)
കേരളത്തിന് ഗുണം
കൊച്ചി ∙ റെയിൽ മേഖലയിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാനും സ്റ്റേഷൻ നവീകരണം വ്യാപിപ്പിക്കാനുമുളള തീരുമാനം കേരളത്തിനു ഗുണകരം. കോഴിക്കോട്, എറണാകുളം സ്റ്റേഷനുകൾ നേരത്തെ തന്നെ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കൊല്ലം, കോട്ടയം, ചെങ്ങന്നൂർ, ആലുവ, കണ്ണൂർ സ്റ്റേഷനുകളും വൈകാതെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
ഇടക്കാലത്തു ചില സ്റ്റേഷനുകൾ നവീകരിക്കാൻ 20 കോടി രൂപ വീതം അനുവദിച്ചെങ്കിലും അവയെ പൂർണ തോതിലുളള നവീകരണത്തിനായി തിരഞ്ഞെടുത്തിരുന്നില്ല. സ്റ്റേഷനുകളിൽ ലഭ്യമായ ഭൂമിയും പ്ലാറ്റ്ഫോമുകൾക്കു മുകളിലായുളള എയർ സ്പേസും വാണിജ്യ ആവശ്യങ്ങൾക്കായി വിട്ടു നൽകി സ്റ്റേഷനുകൾക്ക് ആധുനിക മുഖം നൽകുന്നതാണ് പദ്ധതി. ദീർഘകാല പാട്ടത്തിനാണു ഭൂമി വിട്ടു നൽകുന്നത്.
വിമാനത്താവളം പോലെ സ്റ്റേഷനുകൾ
നവീകരണ പദ്ധതി നടപ്പാക്കുന്ന കമ്പനികൾ പ്ലാറ്റ്ഫോമുകൾക്കു മുകളിലായി വരുന്ന ആദ്യ നിലകൾ റെയിൽവേ ആവശ്യങ്ങൾക്കു നൽകിയ ശേഷം പിന്നീടുളള എട്ടോ പത്തോ നിലകൾ ഹോട്ടലുകൾ, മൾട്ടിപ്ലക്സുകൾ, ഷോപ്പിങ് മാളുകൾ എന്നിവ നിർമിച്ചു വരുമാനം കണ്ടെത്തണം. സ്റ്റേഷനു പുറത്തുളള റെയിൽവേ ഭൂമികളിൽ പാർപ്പിട സമുച്ചയങ്ങൾ വരെ നിർമിക്കാം. 99 വർഷമാണു പാട്ട കാലവധി. സ്റ്റേഷൻ വികസനവും കമ്പനിയുടെ ചുമതലയാകും.
ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡവല്പമെന്റ് കോർപറേഷനാണു (ഐആർഎസ്ഡിസി) പദ്ധതി നടപ്പാക്കുന്നത്. സ്റ്റേഷനിലേക്കു പ്രവേശിക്കാനും പുറത്തേക്കു പോകാനും പ്രത്യേക വഴികൾ, മൾട്ടിലവൽ പാർക്കിങ്, ഫുഡ് കോർട്ട്, ആധുനിക വിശ്രമ കേന്ദ്രങ്ങൾ ഉൾപ്പെടെ വിമാനത്താവള നിലവാരത്തിലേക്കു സ്റ്റേഷനുകളെ ഉയർത്താനാണു ശ്രമം. യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാനായി 3000 കോടി രൂപയാണു ഇത്തവണ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. സിസിടിവി ക്യാമറകൾ ട്രെയിനുകളിലും സ്റ്റേഷനുകളിലും വ്യാപിപ്പിക്കും.
ട്രെയിൻ 18 പോലെ വേഗം കൂടിയ ട്രെയിൻ സെറ്റുകൾ രാജധാനി, ശതാബ്ദി ട്രെയിനുകൾക്കു പകരം പുറത്തിറക്കും. ഇവയുടെ ഉൽപാദനം ഘട്ടം ഘട്ടമായി വർധിപ്പിക്കും. റെയിൽവേ ആധുനികവൽക്കരണത്തിനും വികസനത്തിനും പ്രതിവർഷം 1.5 ലക്ഷം കോടി രൂപ വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. റെയിൽവേ സ്വന്തം ചെലവിൽ സർക്കാർ സഹായവുമായി മുന്നോട്ടു പോയാൽ പദ്ധതികൾ തീരാൻ കാലങ്ങൾ വേണ്ടി വരുമെന്നതിനാൽ സ്വകാര്യ പങ്കാളിത്തം പ്രോൽസാഹിപ്പിക്കാനാണു ശ്രമം. അനുമതി നൽകിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുളള തീരുമാനം കേരളത്തിലെ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കു ഗുണം ചെയ്യും.