വ്യാപാരി പെൻഷൻ; കേരളത്തിൽ 8 ലക്ഷം പേർക്കു പ്രയോജനം
Mail This Article
കൊച്ചി ∙ വ്യാപാരികൾക്കു പ്രഖ്യാപിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി കേരളത്തിൽ പ്രയോജനപ്പെടുക 8 ലക്ഷത്തിലേറെ പേർക്ക്. ബജറ്റിൽ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത് ഒന്നരക്കോടി രൂപയിൽ താഴെ വിറ്റുവരവുള്ളവർക്കാണ്. കേരളത്തിലാകെ 12 ലക്ഷം വ്യാപാരികളുണ്ടെന്നാണു കണക്ക്. അതിൽ ജിഎസ്ടിയിലുള്ളവർ ഏകദേശം 4 ലക്ഷം മാത്രം. 20 ലക്ഷത്തിലേറെ വിറ്റുവരവുള്ള വ്യാപാരികളാണ് ജിഎസ്ടി റജിസ്ട്രേഷൻ എടുക്കേണ്ടത്. 20 ലക്ഷം മുതൽ 1.5 കോടി വരെ വിറ്റുവരവുള്ളവരുടെ എണ്ണം ഏകദേശം 2.8 ലക്ഷമാണ്.
20 ലക്ഷത്തിൽ താഴെ വരുമാനമുള്ളവർ (അഥവാ ജിഎസ്ടിയിൽ ഇല്ലാത്തവർ) ഏകദേശം 8 ലക്ഷം പേരുണ്ട്. മാസം ഒന്നേകാൽ ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള തട്ടുകടകളും ചായക്കടകളും മുറുക്കാൻ കടകളും പലവ്യഞ്ജനക്കടകളും ജനറൽ സ്റ്റോറുകളുമെല്ലാം ഈ വിഭാഗത്തിൽപ്പെടും. അവർക്കും പെൻഷൻ പദ്ധതിയിൽ ചേരാം. എന്നാൽ ഇതു പങ്കാളിത്ത പെൻഷൻ പദ്ധതിയാണ്. എത്ര തുക അംശദായം ഓരോ വ്യാപാരിയും അടയ്ക്കണമെന്നതു സംബന്ധിച്ച വിശദാംശങ്ങൾ ആയിട്ടില്ല.