ADVERTISEMENT

പീരുമേട് ∙​ നെടുങ്കണ്ടം സ്റ്റേഷനിൽ തനിക്കു നേരെയും പൊലീസ് മൂന്നാം മുറ പ്രയോഗിച്ചെന്നു ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ശാലിനി ഹരിഹരൻ. വനിത പൊലീസ് ഉദ്യോഗസ്ഥ തന്റെ സ്വകാര്യഭാഗങ്ങളിൽ പച്ചമുളക് പുരട്ടി ചോദ്യം ചെയ്തു. പൊലീസുകാർ തന്നോടും മഞ്ജുവിനോടും മോശമായി പെരുമാറുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു. കുമാറിനെ മർദിച്ചതിനു ശേഷമാണ് എസ്ഐ കെ.എ. സാബുവിന്റെ നിർദേശമനുസരിച്ച് വനിത പൊലീസുകാർ തന്നെയും മഞ്ജുവിനെയും മർദിച്ചത്. പിരിച്ചെടുത്ത പണം എവിടെയെന്നു ചോദിച്ചായിരുന്നു മർദനം.

പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച കോലാഹലമേട് സ്വദേശി കുമാർ (രാജ് കുമാർ) ഒന്നാം പ്രതിയായ ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ രണ്ടും മൂന്നും പ്രതികളാണ് ശാലിനിയും മഞ്ജുവും. കുമാറിനെ പൊലീസുകാർ മർദിക്കുന്നത് താൻ കണ്ടതാണെന്നും ശാലിനി പറഞ്ഞു. തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും കുമാറാണ് തന്നെ സ്ഥാപനത്തിന്റെ എംഡിയാക്കിയതെന്നും ശാലിനി പറഞ്ഞു. ഹരിത ഫിനാൻസിൽ നിന്ന് ലഭിക്കുന്ന പണം ഫിനാൻസ് സ്ഥാപനം തുടങ്ങാനും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുമാണ് കുമാർ ഉപയോഗിച്ചിരുന്നത്.

നാട്ടുകാരുടെ പണം എങ്ങനെ തിരിച്ചടയ്ക്കും എന്ന് അന്വേഷിച്ചപ്പോൾ കുട്ടിക്കാനത്തെ വസ്തു വിറ്റ് കിട്ടിയ 4.60 കോടി രൂപ കൈയിലുണ്ടെന്നും അത് നാസർ എന്ന അഭിഭാഷകനെ ഏൽപിച്ചിരിക്കുകയാണെന്നുമാണ് കുമാർ പറഞ്ഞത്. കുമാറിന് ബാങ്കുകളിൽ നിക്ഷേപമില്ലെന്നും ശാലിനി പറഞ്ഞു. തൂക്കുപാലത്ത് ഓഫിസ് തുറന്നതിനു ശേഷം ഒട്ടേറെ പൊലീസുകാർക്ക് കൈക്കൂലി കൊടുത്തിട്ടുണ്ട്. കുമാറിനോട് എസ്ഐ സാബു 50,000 രൂപ ആവശ്യപ്പെട്ടിരുന്നു.

തുക ക്വാർട്ടേഴ്‌സിൽ താൻ ഒറ്റയ്ക്ക് എത്തിക്കണമെന്നാണ് സാബു പറഞ്ഞിരുന്നത്. എന്നാൽ കസ്റ്റഡിയിലെടുക്കുന്നതുവരെ ഈ പണം നൽകിയിരുന്നില്ല. ശാലിനിയോട് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വ ജാമ്യത്തിലിറങ്ങിയ ശാലിനി വീട്ടിലെത്താതെ അപ്രത്യക്ഷയായത് ഏറെ അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ താൻ തിരുവല്ലയിലെ ബന്ധുവീട്ടിലായിരുന്നെന്ന് ശാലിനി മാധ്യമങ്ങളോട് വിശദീകരിച്ചു.

മർദനം ഒന്നരക്കോടി രൂപ കണ്ടെത്താൻ

നെടുങ്കണ്ടം ∙ സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ട ഒന്നരക്കോടി രൂപ കണ്ടെത്തുന്നതിനാണ് പൊലീസ് കുമാറിനെ ക്രൂരമായി മർദിച്ചതെന്ന് ക്രൈംബ്രാഞ്ച്. തൂക്കുപാലം ഹരിത ഫിനാൻസിൽ നിന്നും കുമാറിന്റെ വീട്ടിൽ നിന്നും ശാലിനി, മഞ്ജു എന്നിവരുടെ പക്കൽ നിന്നും ലഭിച്ച രേഖകളിൽ ഒന്നരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് നെടുങ്കണ്ടം പൊലീസ് കണ്ടെത്തിയിരുന്നത്.

തുടർച്ചയായി നാലുദിവസം കുമാറിനെ പ്രാകൃത രീതിയിൽ മർദനം നടത്തിയത് ചില പൊലീസുകാർ ചോദ്യംചെയ്തിരുന്നു. ഇനിയും മർദനം തുടർന്നാൽ ഇയാൾ മരിച്ചുപോകുമെന്ന് പ്രതികളോട് പൊലീസുകാർ പറഞ്ഞതായും ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com