മാവേലിക്കര ജയിലിലെ മരണം കൊലപാതകം എന്ന് മജിസ്ട്രേട്ട്; അന്വേഷിക്കാതെ സർക്കാർ
Mail This Article
കോട്ടയം ∙ മാവേലിക്കര സ്പെഷൽ സബ് ജയിലിൽ തടവുകാരനെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നുമുള്ള മജിസ്ട്രേട്ടിന്റെ റിപ്പോർട്ടിൽ 2 മാസമായിട്ടും നടപടിയില്ല.
ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പു കേസിൽ അറസ്റ്റിലായ കുമരകം മഠത്തിൽ എം.ജെ. ജേക്കബ് മാർച്ച് 21നു ജയിലിൽ മരിച്ച സംഭവം അന്വേഷിച്ച് അന്നത്തെ മാവേലിക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വിവേജ രവീന്ദ്രൻ മേയ് 10നാണു റിപ്പോർട്ട് നൽകിയത്. ജേക്കബ് തൂവാല തൊണ്ടയിൽ തിരുകി ജീവനൊടുക്കിയെന്നായിരുന്നു പൊലീസിന്റെയും ജയിൽ ഉദ്യോഗസ്ഥരുടെയും വാദം. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ജേക്കബിന്റെ ശരീരത്തിലെ പരുക്കുകൾ, സഹതടവുകാരുടെ മൊഴികളിലെ പൊരുത്തക്കേട്, 2 തടവുകാരുടെ കയ്യിലെ മുറിവുകൾ, ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ എന്നിവ വിലയിരുത്തിയാണു മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്.
ഇല്ലാത്ത രോഗികളുടെ പേരിൽ 69.45 ലക്ഷം രൂപ തട്ടിയെന്ന മുംബൈ രാം തീർഥ് ലീസിങ് കമ്പനിയുടെ പരാതിയിൽ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത ജേക്കബിനെ മാർച്ച് 20നു രാത്രിയാണു ജയിലിലെത്തിച്ചത്. പിറ്റേന്നു രാവിലെ ആറിനു 11–ാം നമ്പർ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
English summary: Mavelikara jail death