എല്ലാറ്റിനും ഉത്തരങ്ങളുമായി ആ ചോദ്യം
Mail This Article
കൊച്ചി ∙ ചോദ്യം: നായ ഓരിയിടുന്നത് എന്തിന്?
ഉത്തരം: ‘പലകാരണങ്ങളുണ്ടാകാം. ഒറ്റപ്പെടുമ്പോഴും താൻ എവിടെയാണുള്ളതെന്നു മറ്റു നായ്ക്കളെ അറിയിക്കാനും നായ ഓരിയിടും. ചെന്നായ്ക്കളിൽ നിന്നു ലഭിച്ച സ്വഭാവമാണിത്. കുരയ്ക്കുന്നതു പോലെയല്ല, ഓരിയിടുമ്പോൾ കൂടുതൽ ദൂരം ശബ്ദമെത്തും. അസുഖം വന്നാൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനും ഓരിയിടും. ആൾ അടുത്തു ചെന്നാലുടൻ നിർത്തുകയും ചെയ്യും. ആംബുലൻസ്, ഫയർ എൻജിൻ എന്നിവയുടെ സുരക്ഷാ അലാം കേട്ടാലും നായ ഓരിയിടും.’
ഇതുപോലുള്ള സംശയങ്ങളുണ്ടെങ്കിൽ നേരെ ഫോണെടുക്കുക, ഇൗ 04872 690222. നമ്പറിൽ വിളിക്കുക. പീച്ചിയിലെ കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ മറുപടി നൽകും. അവരുടെ ‘ഫസ്റ്റ് ക്വസ്റ്റ്യൻ’ ഫോൺ ഇൻ പരിപാടിയിലേക്കു വിളിക്കാനുള്ള നമ്പറാണിത്.
അയൽപക്കത്തെ നായ ഓരിയിടുന്നതിന്റെ കാരണം തേടി, പന്തളം സ്വദേശി എൻ.കെ. അശോകൻ 2014 ൽ മൃഗസംരക്ഷണ വകുപ്പിനു നൽകിയ വിവരാവകാശ അപേക്ഷ കഴിഞ്ഞ ദിവസം വിവരാവകാശ കമ്മിഷണർ വിൻസൻ എം.പോൾ തീർപ്പാക്കിയിരുന്നു.
വകുപ്പിന്റെ കൈയിലില്ലാത്ത വിവരങ്ങൾ നൽകാൻ കഴിയില്ലെന്നായിരുന്നു കമ്മിഷണറുടെ തീർപ്പ് ഇത്തരത്തിൽ വിവരാവകാശ പ്രകാരമുള്ള ചോദ്യമുയർന്നപ്പോഴാണു വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രീയ നിഗമനങ്ങൾ ക്രോഡീകരിച്ചതെന്ന് പീച്ചികേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് പറഞ്ഞു.
‘രസകരമായ ഒട്ടേറെ ചോദ്യങ്ങളാണു പരിപാടിയിൽ ലഭിക്കുന്നത്. എന്തുകൊണ്ടാണു ഭൂമി സൂര്യനിൽ പോയി വീഴാത്തത്, എന്റെ കറിവേപ്പ് ചെടിയുടെ ഇലകൾ പുഴു തിന്നുമ്പോൾ ഞാൻ ചെടിയുടെ പക്ഷത്താണോ പുഴുവിന്റെ പക്ഷത്താണോ നിൽക്കേണ്ടത്? മരങ്ങളുടെ വേര് എത്ര ആഴം വരെ പോകും?, മൃഗങ്ങൾ സ്വപ്നം കാണാറുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ പരിപാടിയിൽ ലഭിക്കുന്നുണ്ട് – സജീവ് പറഞ്ഞു.