ADVERTISEMENT

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിൽ ചന്ദ്രനെ കുത്തിയ കത്തി, കേസിലെ ഒന്നും രണ്ടും പ്രതികളായ ആർ. ശിവരഞ്ജിത്തിനെയും എ.എൻ. നസീമിനെയും കൂട്ടി ക്യാംപസിൽ നടത്തിയ തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു. കോളജിലേക്കു കയറുന്ന ഭാഗത്ത്, ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാറുള്ള സ്ഥലത്തു ചവറുകൾക്കടിയിൽ മണ്ണിൽ താഴ്ത്തിയിരുന്ന കത്തി ശിവരഞ്ജിത് തന്നെയാണു പുറത്തെടുത്തത്.

സംഭവത്തിന് ഒരാഴ്ച മുൻപ് ഓൺലൈൻ വഴിയാണു കത്തി വാങ്ങിയതെന്നു ശിവരഞ്ജിത് പൊലീസിനോടു പറഞ്ഞു. യൂണിയൻ ഓഫിസിൽ സൂക്ഷിച്ചിരുന്ന കത്തി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച 12നു രാവിലെ മുതൽ പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്നു. തന്നെ നസീം പിടിച്ചുനിർത്തുകയും ശിവരഞ്ജിത് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് അഖിലിന്റെ മൊഴി.

പിരിച്ചുവിട്ട എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയുമായ ശിവരഞ്ജിത്തിനെയും നസീമിനെയും ഒരേ വിലങ്ങിൽ ബന്ധിച്ചാണു രാവിലെ 8.55നു തെളിവെടുപ്പിനു കൊണ്ടുവന്നത്. സംഘർഷത്തിനുശേഷം അടച്ചിട്ടിരിക്കുന്നതിനാൽ അധ്യാപകരും വിദ്യാർഥികളും ഉണ്ടായിരുന്നില്ല. പ്രതികളുമായി കോളജ് യൂണിയൻ ഓഫിസിലും ഇടിമുറിയിലും പോയ പൊലീസ് 5 മിനിറ്റിനകം തിരിച്ചെത്തിയ ശേഷമാണു കത്തി കണ്ടെടുത്തത്. ഉടൻ തന്നെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കു മടങ്ങുകയും ചെയ്തു.

വിലസിയ ക്യാംപസിൽ വിലങ്ങുകളുമായി

തിരുവനന്തപുരം ∙ നേതാക്കളായി അരങ്ങുതകർത്ത കോളജിൽ കൈവിലങ്ങുമായി പൊലീസ് അകമ്പടിയിൽ എത്തിയപ്പോൾ അവർ ആദ്യമൊന്നു പകച്ചു.  പിന്നെ കൂസലില്ലാതെ പൊലീസിനൊപ്പം നടന്നു. യൂണിവേഴ്സിറ്റി കോളജിൽ സ്വന്തം സംഘടനാ പ്രവർത്തകന്റെ നെ‍ഞ്ചിൽ കത്തിയിറക്കിയ കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ആർ.ശിവരഞ്ജിത്ത്, രണ്ടാം പ്രതിയും സെക്രട്ടറിയുമായ എ.എൻ.നസീം എന്നിവരെ  തെളിവെടുപ്പിനായാണ്  ഇന്നലെ രാവിലെ ക്യാംപസിൽ എത്തിച്ചത്. 

എസ്എഫ്ഐ ലോക്കൽ ഭാരവാഹി അഖിൽ ചന്ദ്രനെ കുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന ഇരുവരേയും   ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങിയെങ്കിലും കനത്ത പ്രതിഷേധം ഭയന്നു കോളജിലേയ്ക്കു കൊണ്ടു വരാതെ 2 ദിവസം കന്റോൺമെന്റ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ  8.55ന് സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലാണ്  വിലങ്ങണിയിച്ച് കോളജിൽ എത്തിച്ചത്. ഒരു വിലങ്ങിലാണു രണ്ടുപേരേയും  ബന്ധിച്ചിരുന്നത്. കോളജിന് അവധി ആയതിനാൽ അധ്യാപകരും വിദ്യാർഥികളും ഉണ്ടായിരുന്നില്ല. 

കോളജിൽ സുരക്ഷാ ജോലിക്കു നിയോഗിച്ചിട്ടുള്ള പൊലീസുകാർ കവാടം തുറന്നു. അകത്തേക്കു കടന്ന പൊലീസ് വാഹനം അവിടെ നിർത്തിയശേഷം പ്രതികളെ ഇറക്കി. 

പ്രതികളുമായി കോളജ് യൂണിയൻ ഓഫിസിലും ഇടിമുറിയിലും പോയ പൊലീസ് 5 മിനിറ്റിനകം തിരിച്ചെത്തിച്ച ശേഷമാണു കത്തി കണ്ടെടുത്തത്. 

കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കു ഹാജരാക്കിയ ശേഷമാണു ജയിലിൽ തിരികെ കൊണ്ടുപോയത്. 12.40ന് പൊലീസ് വാനിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജനകീയ പ്രതിഷേധം ഭയന്നു പുറത്തിറക്കിയില്ല. ഡോക്ടർ വാനിലുള്ളിൽ വന്നാണു പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയത്.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com