ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ തോറ്റ സിപിഎം നേതാവും മുൻ എംപിയുമായ എ.സമ്പത്തിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.  സംസ്ഥാന മന്ത്രിക്കു തുല്യമായ ആനുകൂല്യങ്ങളും  സൗകര്യങ്ങളുമായി കാബിനറ്റ് പദവിയിൽ,  ഈ മന്ത്രിസഭയുടെ കാലാവധി തീരും‌വരെയാണു നിയമനം.

സമ്പത്തിനായി ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റ്, ഒരു ഓഫിസ് അറ്റൻഡന്റ്, ഡ്രൈവർ എന്നീ തസ്തികകളും സൃഷ്ടിച്ചു. എൽഡിഎഫ് സർക്കാരിൽ കാബിനറ്റ് പദവിയുള്ളവരുടെ എണ്ണം  24 ആയി. 20 മന്ത്രിമാർക്കു പുറമേ, ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ, മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, ചീഫ് വിപ്പ് കെ.രാജൻ എന്നിവർക്കും കാബിനറ്റ് പദവിയുണ്ട്.

സമ്പത്തിന് അലവൻസ് ഉൾപ്പെടെ 90,000 രൂപയോളം വേതനമുണ്ടാകും. വാഹനവും വസതിയും അനുവദിക്കണം. സംസ്ഥാന സർക്കാരിന്റെ കാര്യങ്ങൾ നോക്കാൻ ഡൽഹിയിൽ റസിഡന്റ് കമ്മിഷണർ ഉണ്ടായിരിക്കെ, ഇത്തരത്തിൽ രാഷ്ട്രീയനിയമനം ആദ്യമാണ്. 

ഡൽഹിയിലുണ്ട് ഉദ്യോഗസ്ഥനിര

ന്യൂഡൽഹി ∙ കേന്ദ്രവുമായുള്ള ഇടപെടലുകൾ കാര്യക്ഷമമാക്കാനാണ് സമ്പത്തിന്റെ നിയമനമെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു. എന്നാൽ ഇതിനായി ഒട്ടേറെ ഉദ്യോഗസ്ഥർ ഡൽഹി കേരള ഹൗസിലുണ്ട്. റസിഡന്റ് കമ്മിഷണർക്കാണു കേരള ഹൗസിന്റെ ചുമതല. പിന്നെ അഡീഷനൽ റസിഡന്റ് കമ്മിഷണർ (ഇപ്പോൾ ഈ തസ്തികയിൽ ആളില്ല).

കേരള ഹൗസിന്റെ പ്രവർത്തനങ്ങൾക്ക് കൺട്രോളറുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുമ്പോൾ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ലെയ്സൺ ഓഫിസറുണ്ട്. സുപ്രീം കോടതിയിലെയും മറ്റും കേസുകൾക്ക് ലോ ഓഫിസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ. പ്രോട്ടോക്കോൾ ഓഫിസർക്കു പുറമേ വിനോദസഞ്ചാരം, ഇൻഫർമേഷൻ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർമാരുമുണ്ട്. അണ്ടർ സെക്രട്ടറി റാങ്കിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർക്കാണു വിവിധ വകുപ്പുകളുടെ ചുമതല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com