യുവതിയുടെയും യുവാവിന്റെയും 4 ദിവസം പഴക്കമുള്ള മൃതദേഹങ്ങൾ അപ്പാർട്മെന്റിൽ
Mail This Article
ആലുവ∙ തോട്ടയ്ക്കാട്ടുകര അക്കാട്ട് ലെയ്നിലെ അപ്പാർട്മെന്റിൽ യുവതിയുടെയും യുവാവിന്റെയും 4 ദിവസം പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂർ കുന്നുപറമ്പിൽ പരേതനായ രാജന്റെയും ലക്ഷ്മിയുടെയും മകൻ രമേശ് (33), തൃശൂർ സൗത്ത് കോട്ടായി തേക്കിൻകാട് കോളനി കൈലാസ് നിവാസിൽ സതീഷിന്റെ ഭാര്യ മോനിഷ (25) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുർഗന്ധത്തെ തുടർന്നു സമീപത്തു താമസിക്കുന്നവർ അപ്പാർട്മെന്റ് ഉടമയെ വിവരം അറിയിച്ചതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വാതിലും ജനലുകളും അകത്തു നിന്നു പൂട്ടിയിരുന്നില്ല. തറയിൽ നിന്നു രണ്ടടി ഉയരത്തിൽ ഭിത്തിയിൽ ചോരപ്പാടുകളുണ്ട്.
രമേശിന്റെ മൃതദേഹത്തിനു മുകളിൽ കുറുകെയാണ് മോനിഷയുടെ മൃതദേഹം കിടന്നത്. തോട്ടയ്ക്കാട്ടുകര തേവലപ്പുറത്ത് ഇക്ബാലിന്റേതാണ് 3 നില അപ്പാർട്മെന്റ്. താഴത്തെ നിലയും മുകളിലത്തെ നിലയും സതീഷും ഭാര്യ മോനിഷയും രമേശും ചേർന്ന് വാടകയ്ക്ക് എടുത്തിരുന്നു. ഐഎംഎ ഡിജിറ്റൽ സ്റ്റുഡിയോയെന്ന പേരിൽ സിനിമാ എഡിറ്റിങ് ജോലികൾ നടത്താനെന്നാണു പറഞ്ഞിരുന്നത്. മോനിഷ കുറച്ചുനാളായി ഇവിടെയായിരുന്നു താമസം. ഇവരുടെ ക്യാമറയും മൊബൈൽ ഫോണുകളും പൊലീസിനു ലഭിച്ചു.
രമേശ് നേരത്തേ ആലുവയിൽ മൊബൈൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു.മോനിഷയ്ക്കു 2 കുട്ടികളുണ്ട്. രമേശ് അവിവാഹിതനാണ്.