കലക്ടറുടേത് വ്യാജ വരുമാന സർട്ടിഫിക്കറ്റ്
Mail This Article
തിരുവനന്തപുരം ∙ വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കി സിവിൽ സർവീസിലെ ഒബിസി ക്വോട്ടയിൽ ഐഎഎസ് നേടിയെന്ന പരാതിയിൽ തലശ്ശേരി സബ് കലക്ടർ ആസിഫ് കെ. യൂസഫിനെതിരെ അന്വേഷണ റിപ്പോർട്ട്. സംവരണത്തിന് ആസിഫിന് അർഹതയില്ലെന്ന് എറണാകുളം കലക്ടർ എസ്.സുഹാസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കു സമർപ്പിച്ചു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കും. സിവിൽ സർവീസ് റാങ്കും അസാധുവാകും. ശിക്ഷ നേരിടേണ്ടി വരും. കേന്ദ്ര പഴ്സനൽ മന്ത്രാലയമാണ് തുടർനടപടി തീരുമാനിക്കേണ്ടത്. 2016 ബാച്ചിൽ 215–ാം റാങ്കുകാരനായ എറണാകുളം സ്വദേശി ആസിഫ് ഒബിസി സംവരണത്തിലാണ് ഐഎഎസും കേരള കേഡറും നേടിയത്. സംവരണം കിട്ടാൻ സമർപ്പിച്ച സാമ്പത്തിക വിവരങ്ങളും സർട്ടിഫിക്കറ്റും തെറ്റാണെന്ന പരാതിയിലാണു കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം ചീഫ് സെക്രട്ടറി അന്വേഷണം പ്രഖ്യാപിച്ചത്. മാതാപിതാക്കൾക്കു പാൻകാർഡ് ഇല്ലെന്നും ആദായനികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്നും അപേക്ഷയിൽ രേഖപ്പെടുത്തിയിരുന്നു.
സിവിൽ സർവീസിന് അപേക്ഷിക്കുന്നതിനു മുൻപുള്ള 3 വർഷത്തെ കുടുംബ വരുമാനം 6 ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ഒബിസി സംവരണത്തിന് അർഹത. 2013–15 ൽ ആകെ വരുമാനം 2.4 ലക്ഷം രൂപ എന്നാണ് ആസിഫിന്റെ അപേക്ഷയിൽ പറയുന്നത്. എന്നാൽ ഇത് 28.71 ലക്ഷം രൂപയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആസിഫ് നൽകിയ 2015–16 ലെ വരുമാന സർട്ടിഫിക്കറ്റിൽ 1.8 ലക്ഷം എന്നാണു രേഖപ്പെടുത്തിയത്. എന്നാൽ, രേഖകൾ പ്രകാരം 4.33 ലക്ഷം രൂപയാണ്.