ADVERTISEMENT

ശബരിമല ∙ മണ്ഡലകാല തീർഥാടനം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ, ശബരിമലയിലേക്ക് ഈ സീസണിലെ ഏറ്റവും വലിയ തീർഥാടകപ്രവാഹം. മിനിറ്റിൽ 3600 പേർ വരെ ഇന്നലെ പമ്പയിൽ നിന്നു മലകയറിയതോടെ ക്യൂ ശബരിപീഠം വരെ നീണ്ടു. പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം വർധിപ്പിക്കാൻ പൊലീസിനു കഴിയാതെ വന്നതോടെ ദർശനത്തിന് 18 മണിക്കൂറിലേറെ കാത്തുനിൽപ്.

തുടർന്ന് തീർഥാടകരെ പമ്പയിൽ തടഞ്ഞു. നിലയ്ക്കലിൽ വാഹനങ്ങൾ തടഞ്ഞു. പൊലീസ് നടപ്പാക്കിയ പരിഷ്കാരങ്ങൾ തീർഥാടകരെ വലച്ചു. കെഎസ്ആർടിസിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തിങ്കളാഴ്ച രാത്രിയിലും ഇന്നലെ രാവിലെയും അയ്യപ്പന്മാരുടെ മടക്കയാത്രയ്ക്ക് തടസ്സമായി. 

മൂന്നാം ഘട്ടം സേവനത്തിന് എത്തിയ പൊലീസിന്റെ പരിചയക്കുറവും ഏകോപനമില്ലായ്മയുമാണ് പമ്പയിലും നിലയ്ക്കലിലും പ്രശ്നമാകുന്നത്. മകരവിളക്കിന്റെ വലിയ തിരക്കിൽ പോലും  കെഎസ്ആർടിസി ബസുകൾ  തടഞ്ഞിടാറില്ല. വേണ്ടിവന്നാൽ തന്നെ മുന്നറിയിപ്പ് നൽകി മടക്കയാത്രയ്ക്കു വേണ്ട  ബസുകൾ  പമ്പയിൽ ക്രമീകരിക്കും. ഇങ്ങനെയല്ലാതെ നടത്തിയ പരിഷ്കാരമാണ്  വിനയായത്.

തിങ്കളാഴ്ച രാത്രി 8 മുതൽ ചെറിയ വാഹനങ്ങൾ പമ്പയിലേക്കു വിടാതെ നിലയ്ക്കലിൽ തടഞ്ഞു. അതിൽ വന്ന തീർഥാടകർ കെഎസ്ആർടിസിയുടെ ചെയിൻ സർവീസിൽ കയറിയതോടെ അതും പൊലീസ് തടഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന 179 കെഎസ്ആർടിസി ബസുകളും നിലയ്ക്കലിൽ പിടിച്ചിട്ടു. പുലർച്ചെ 3.30ന് ശേഷമാണ് ഇവ കടത്തിവിട്ടത്. 

ഇതോടെ തിങ്കളാഴ്ച രാത്രി 10ന് ശേഷം പമ്പ സ്റ്റാൻഡിൽ നിലയ്ക്കൽ ചെയിൻ, ദീർഘദൂര സർവീസുകൾക്ക് ബസ് ഇല്ലാതെ വന്നു. വഴിയിൽ തടഞ്ഞിട്ടതു കാരണം ബസ് ജീവനക്കാർക്ക് ഉറങ്ങാൻ അവസരം കിട്ടിയതുമില്ല. ഇത് ഇന്നലെ രാവിലത്തെ സർവീസുകളെ ബാധിച്ചു. 

ബസില്ലാതെ കുടുങ്ങിയ തീർഥാടകർ ബഹളംവച്ചപ്പോൾ തങ്ങളുടെ നിസ്സഹായത കെഎസ്ആർടിസി അധികൃതർ ബോധ്യപ്പെടുത്തി. ഉച്ചയ്ക്കു ശേഷമാണ്  സർവീസുകൾ സാധാരണ നിലയിലായത്.

English summary: Huge crowd in Sabarimala

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com