മരട് ഫ്ലാറ്റ്: ആദ്യ സ്ഫോടനം ജനുവരി 11നു രാവിലെ 11ന്
Mail This Article
കൊച്ചി ∙ മരടിൽ സുപ്രീംകോടതി നിർദേശ പ്രകാരം പൊളിക്കുന്ന ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്താനുള്ള സമയം നിശ്ചയിച്ചു. നാല് ഫ്ലാറ്റുകളിലെ അഞ്ചു ടവറിനായി 95 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കും.
സ്ഫോടന സമയം
∙ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്: ജനുവരി 11, രാവിലെ 11.00
∙ നെട്ടൂർ ആൽഫ സെറീൻ: ജനുവരി 11, രാവിലെ 11.30
∙ നെട്ടൂർ ജെയിൻ കോറൽ കോവ്: ജനുവരി 12, രാവിലെ 11.00
∙ കണ്ണാടിക്കാട് ഗോൾഡൻ കായലോരം: ജനുവരി 12, ഉച്ചയ്ക്ക് 2.00
ഇൻഷുറൻസ് പരിരക്ഷ
∙ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്: 25 കോടി
∙ നെട്ടൂർ ആൽഫ സെറീൻ ടവർ – 1: 25 കോടി, ടവർ – 2: 25 കോടി
∙ നെട്ടൂർ ജെയിൻ കോറൽ കോവ്: 10 കോടി
∙ കണ്ണാടിക്കാട് ഗോൾഡൻ കായലോരം: 10 കോടി
ഔദ്യോഗികമായ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നിശ്ചിത സമയക്രമത്തിൽ ഭേദഗതി ഉണ്ടാകൂവെന്ന് പൊളിക്കുന്നതിന്റെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. നിലവിൽ വിള്ളൽ വീണ വീടുകളുടെ അറ്റകുറ്റപ്പണി ഫ്ലാറ്റുകൾ പൊളിക്കാൻ കരാറുള്ള കമ്പനി നിർവഹിക്കുമെന്നും സബ് കലക്ടർ അറിയിച്ചു.
സമീപവാസികൾക്ക് തേഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷയാണുണ്ടാവുക. ഏതെങ്കിലും കെട്ടിടത്തിനു നാശനഷ്ടമുണ്ടായാൽ വിപണി വിലയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകും. ജനവാസമേഖലയിൽ അല്ലാത്തതിനാലാണു ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളുടെ ഇൻഷുറൻസ് പരിരക്ഷ 10 കോടി രൂപയായി കുറച്ചത്. ക്ലെയിമുകൾക്ക് ദൂരപരിധി ബാധകമായിരിക്കില്ല.
ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ ഉള്ളവരെ 3–4 മണിക്കൂർ നേരത്തേക്ക് ഒഴിപ്പിക്കും. സമീപത്തെ വീടുകളുടെ ചിത്രങ്ങൾ പകർത്തും. സ്ഫോടനത്തിനിടെ കേടുപാടുകൾ പറ്റിയാൽ നഷ്ടപരിഹാരം ഉറപ്പാക്കാനാണിത്. സമീപത്തെ വീടുകളും കെട്ടിടങ്ങളും സ്ട്രക്ചറൽ എൻജിനീയർമാർ ഓഡിറ്റ് ചെയ്യും. ഈ സ്ട്രക്ചറൽ ഓഡിറ്റും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു പ്രയോജനപ്പെടുത്തും.
ജനവാസ മേഖലയിലുള്ള നെട്ടൂരിലെ ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുന്നത് അവസാനത്തേക്കു മാറ്റണമെന്ന ആവശ്യവുമായി പരിസരവാസികൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഇന്നു നടത്താനിരുന്ന പട്ടിണി സമരം പരിസരവാസികളുടെ കർമസമിതി മാറ്റിവയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് അധികൃതർ ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്താനുള്ള സമയക്രമം പ്രഖ്യാപിച്ചത്.
English Summary: Explosion time set for Maradu flats: Holy Faith to be razed at 11am on Jan 11