ADVERTISEMENT

തിരുവനന്തപുരം ∙ ഭൂമിയുടെ റജിസ്ട്രേഷൻ, റവന്യു രേഖകളിൽ സർവേ ഭൂപടവും യോജിപ്പിക്കുന്ന വിധത്തിൽ റവന്യു വകുപ്പിന്റെ ഡിജിറ്റൽ രേഖകൾ പരിഷ്കരിക്കുന്നു. സർവേ ഭൂപടവും ഉൾപ്പെടുന്നതോടെ ഭൂരേഖകളിലെ അളവുകളും ഉടമസ്ഥതയും സംബന്ധിച്ച പരാതികൾ വലിയ തോതിൽ പരിഹരിക്കാനാകും. 

നിലവിൽ റജിസ്ട്രേഷൻ വകുപ്പിന്റെ പേൾ സോഫ്റ്റ്‌വെയറും റവന്യു വകുപ്പിന്റെ റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം) സംവിധാനവും യോജിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം സർവേ വിഭാഗത്തിന്റെ വിവരങ്ങളും കൂടി ചേർക്കുന്ന നപടിയാണു നടക്കാൻ പോകുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ, കോട്ടയം ജില്ലയിലെ കടുത്തുരുത്തി വില്ലേജുകളിലെ ഭൂരേഖകളിൽ ഇതു നടപ്പാക്കും. ഇതിനായി 2 വില്ലേജുകളിലും ഡിജിറ്റൽ സർവേയിലൂടെ ശേഖരിച്ച വിവരങ്ങൾ ഭൂനക്ഷ എന്ന സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്ന നടപടികൾ താമസിയാതെ ആരംഭിക്കും. ഇതിന് 6 മുതൽ 8 മാസം വരെ വേണ്ടി വരും. 14.6 കോടി രൂപയാണു ചെലവ്. 

ഇതിനു മുന്നോടിയായി, വിവിധ സംസ്ഥാനങ്ങളിലെ ഭൂരേഖകളുടെ ആധുനികീകരണത്തിലെ മികച്ച രീതികൾ മനസ്സിലാക്കി കേരളത്തിൽ നടപ്പാക്കുന്നതിനായി ദേശീയ സെമിനാർ ഇന്നും നാളെയുമായി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കും. മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, യുപി, മധ്യപ്രദേശ്, ഗോവ, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങി സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ഭൂവിഭവ വകുപ്പിലെ കേന്ദ്ര സർക്കാർ പ്രതിനിധികളും പങ്കെടുക്കുമെന്ന് ലാൻഡ് റവന്യു കമ്മിഷണർ സി.എ.ലത, സർവേ വകുപ്പ് ഡയറക്ടർ വി.ആർ.പ്രേംകുമാർ എന്നിവർ അറിയിച്ചു. സർവേ, റവന്യു, റജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ സംയോജിപ്പിക്കാൻ രൂപീകരിച്ചിട്ടുള്ള കേരള ഭൂരേഖ നവീകരണ മിഷനാണു സെമിനാർ സംഘടിപ്പിക്കുന്നത്.

റീസർവേ വേഗത്തിലാക്കാൻ ‘കോർസ്’

ഷില്ലർ സ്റ്റീഫൻ

തിരുവനന്തപുരം ∙ വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന റീസർവേ നടപടികൾ വേഗത്തിലാക്കാൻ ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ആരംഭിച്ച പുതിയ സാങ്കേതികവിദ്യ കേരളത്തിലും വന്നേക്കും. സർവേ ഓഫ് ഇന്ത്യ ഉപയോഗിക്കുന്നതും രാജ്യാന്തര ശ്രദ്ധ നേടിയതുമായ കോർസ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ജിപിഎസ് സർവേ ആണ് ഉദ്ദേശിക്കുന്നത്. 20 കിലോമീറ്റർ വരെ അകലത്തിലുള്ള 2 സ്ഥലങ്ങൾക്കിടയിലെ കനാലുകളും കെട്ടിടങ്ങളും വഴികളും ഉൾപ്പെടെ സൂക്ഷ്മതയോടെ ഡിജിറ്റൽ മാപ്പിങ് ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇത്. 

നിലവിൽ ഉപയോഗിക്കുന്ന ടോട്ടൽ സ്റ്റേഷൻ പോലുള്ള ഉപകരണങ്ങളെക്കാൾ കൃത്യവും വേഗവുമാർന്ന സർവേ നടത്താൻ ഇപ്രകാരം സാധിക്കും. ഏറെ ചെലവുള്ള പദ്ധതിയായതിനാൽ കേന്ദ്ര സഹായം ഇല്ലാതെ നടപ്പാക്കാനാകില്ല.  മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രം സഹായം നൽകുന്നുണ്ട്. സംസ്ഥാനത്ത് ആകെ1664 വില്ലേജുകളിൽ 907 വില്ലേജുകളിൽ ആണു  റീസർവേ പൂർത്തിയാക്കിയത്. 86 വില്ലേജുകളിൽ ഡിജിറ്റൽ സർവേയും പൂർത്തിയായി. ബാക്കിയുള്ള വില്ലേജുകളിൽ കോർസ്  പദ്ധതി താമസിയാതെ തയാറാക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണു റീസർവേ പൂർത്തിയാകാത്ത ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ളത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com