ഒന്നുറങ്ങാൻ ഈ അമ്മയും മകളും ഓരോ രാത്രിയും താണ്ടുന്നത് 50 കിലോമീറ്റർ !
Mail This Article
ഷൊർണൂർ ∙ വീടിന്റെ സുരക്ഷയിൽ എന്നും സുഖമായുറങ്ങുന്ന നമുക്ക് സങ്കൽപിക്കാനാകാത്ത അനാഥയാത്രയാണിവരുടെ ജീവിതം. 80 വയസ്സുള്ള അമ്മിണിയും 52 വയസ്സുള്ള മകൾ കാമാക്ഷിയും എന്നും രാത്രി ഷൊർണൂരിൽനിന്നു ബസ് കയറും, 50 കിലോമീറ്റർ അകലെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക്; ഒന്നു തലചായ്ക്കാൻ വേണ്ടി മാത്രം.
ക്ഷേത്രത്തിന്റെ നടപ്പന്തലിൽ കിടന്നുറങ്ങി പിറ്റേന്നു കണ്ണനെ കണ്ടു തൊഴുത് ഷൊർണൂരിലേക്കു മടങ്ങും. പരിചയമുള്ള കടകളിലും വീടുകളിലും ചെറിയ പണികൾ ചെയ്തു പകൽ ചെലവിടും. രാത്രി വീണ്ടും ഗുരുവായൂരേക്ക്. കിടന്നുറങ്ങാനിടം തേടിയുള്ള ഇവരുടെ നിത്യദുരിതയാത്രയുടെ കഥയറിയാവുന്ന ചില ബസുകാർ ടിക്കറ്റ് തുക വാങ്ങാറില്ല.
ചുഡുവാലത്തൂരിൽ വീട് എന്നൊരു അഭയസ്ഥാനമുണ്ടായിരുന്നു അമ്മിണിക്കും പണ്ട്. അഞ്ചേക്കറോളം സ്ഥലവും. എന്നാൽ, എല്ലാം പല കാലത്ത് പല കാരണങ്ങളാൽ അന്യാധീനപ്പെട്ടുപോയി.
കാമാക്ഷിക്ക് ഒരു മകനുണ്ട്, രാജൻ. കുട്ടിക്കാലത്തുണ്ടായ അപകടത്തിൽ ശരീരം തളർന്ന രാജൻ, കളിമണ്ണിൽ കരകൗശല വസ്തുക്കളുണ്ടാക്കും. ഷൊർണൂർ കാരക്കാട്ടെ സന്നദ്ധ സംഘടന ‘ജീവഥ’ നൽകിയ ബങ്ക് ഷോപ്പിൽ ലോട്ടറി വിൽക്കുകയാണ്. മൺപാത്ര തൊഴിലാളി വ്യവസായ സഹകരണ സംഘം ഓഫിസിന്റെ തിണ്ണയിലാണ് ഉറക്കം.
English summary: Homeless mother and daughter wandering for shelter in Thrissur