ലോക്ഡൗൺ: ഉത്തരവ് പലവട്ടം പുതുക്കിയിട്ടും അവ്യക്തത മാറാതെ ഇളവുകൾ
Mail This Article
തിരുവനന്തപുരം ∙ ലോക്ഡൗൺ ഇളവു സംബന്ധിച്ചു വ്യക്തത വരുത്താൻ ഇറക്കിയ പുതിയ സർക്കാർ ഉത്തരവിലും അവ്യക്തത. 17നു ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിലെ ചില വ്യവസ്ഥകൾ പുതിയ ഉത്തരവിൽ ഒഴിവാക്കി. നേരത്തേ അനുവദിച്ച ഇളവുകൾ ക്രോഡീകരിച്ചു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഈ മാസം 11ന് ഇറക്കിയ ഉത്തരവിലെ ഏതാനും കാര്യങ്ങളും പുതിയ ഉത്തരവിൽ ഇല്ല.
വർക്‌ഷോപ്പുകൾ (വ്യാഴം, ഞായർ), കണ്ണടക്കടകൾ (തിങ്കൾ), എസി വിൽക്കുന്ന കടകൾ തുടങ്ങിയവ തുറക്കുന്നതിന് 11ലെ ഉത്തരവിലുള്ള അനുമതി പുതിയ ഉത്തരവിൽ ഇല്ല. പുതിയ ഉത്തരവിൽ എസി വിൽപനയെക്കുറിച്ചു പറയുന്നില്ലെങ്കിലും ഫാൻ വിൽക്കാൻ അനുമതിയുണ്ട്.
ഫ്രിജ്, വാഷിങ് മെഷീൻ റിപ്പയറിങ് കടകൾ തിങ്കളും മൊബൈൽ ചാർജിങ് കടകൾ, കംപ്യൂട്ടർ സർവീസ് കേന്ദ്രങ്ങൾ എന്നിവ ഞായറും തുറക്കാൻ 11ലെ ഉത്തരവിൽ അനുവദിച്ചിരുന്നു.
ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങളും യന്ത്രങ്ങളും നന്നാക്കുന്ന കടകൾ തുറക്കാമെന്നു മാത്രമാണു പുതിയ ഉത്തരവിൽ പറയുന്നത്. വിശദാംശങ്ങളോ തുറക്കാവുന്ന ദിവസങ്ങളോ ഇല്ല. ഒറ്റ, ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിലുള്ള വാഹന നിയന്ത്രണത്തിൽനിന്ന് ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കി.
മൊബൈൽ ഫോൺ കടകൾ തുറക്കാമെന്ന് മുഖ്യമന്ത്രി; ആശയക്കുഴപ്പമെന്ന് വ്യാപാരികൾ
മൊബൈൽ ഫോൺ റീചാർജ് കടകൾ തുറക്കാമെന്ന കേന്ദ്ര ഇളവിന്റെ ഭാഗമായി മൊബൈൽ കടകളും തുറക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരച്ചു. എന്നാൽ, ഇതു വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണു വ്യാപാരികൾ പറയുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന ഇത്തരം ഇളവുകളുടെ ഉത്തരവ് ഇല്ലെങ്കിൽ പൊലീസ് അംഗീകരിക്കുന്നില്ല. കടകൾ അടയ്ക്കേണ്ടി വരുന്നു.
ബാർബർമാർ വീട്ടിൽ മുടിവെട്ടാമെന്ന് മുഖ്യമന്ത്രി; പുറത്തിറങ്ങിയ ആൾക്കെതിരെ കേസ്
റെഡ് സോണിലും ഹോട്സ്പോട്ടുകളിലും ഒഴികെ ബാർബർമാർക്കു വീടുകളിൽ പോയി മുടിവെട്ടാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തേ ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും പിൻവലിക്കുകയായിരുന്നു.
വീട്ടിലെ തുണിയും കത്രികയും ഉപയോഗിക്കാമെന്നതിനാൽ വീട്ടിലെത്തി മുടിവെട്ടാമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതേസമയം, മുടിവെട്ടാനായി പുറത്തിറങ്ങിയ ബാർബർമാരെ ചിലയിടങ്ങളിൽ കഴിഞ്ഞദിവസം പൊലീസ് പിടികൂടി. ഒരാൾക്കെതിരെ കേസുമെടുത്തു.
4 ജില്ലകൾ ഹോട്‌സ്പോട്ട് കോട്ടയവും ഇടുക്കിയും 3 വരെ ഗ്രീൻ ആകില്ല
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ ഒന്നാകെ ഹോട്സ്പോട്ട് ആയി തുടരുമെന്നും മറ്റു ജില്ലകളിലെപ്പോലെ ചില പ്രദേശങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിബന്ധനകൾ 3 വരെ തുടരും. കോട്ടയം, ഇടുക്കി ജില്ലകൾ തിരികെ ഗ്രീൻ സോണിലേക്കു മേയ് 3 വരെ മാറ്റില്ല. നിലവിൽ രോഗികളില്ലാത്ത ജില്ലകളിലും നിരീക്ഷണത്തിലുള്ളവരുണ്ട്.
ഇരുചക്രവാഹനത്തിൽ പിന്നിൽ യാത്ര ചെയ്യാം
തിരുവനന്തപുരം ∙ ഇരുചക്രവാഹനത്തിൽ പിന്നിലും ആളെ അനുവദിച്ച് പുതിയ ഉത്തരവ്. നാലു ചക്രവാഹനങ്ങളുടെ പിന്നിൽ 2 പേരെയും ഇരുചക്രവാഹനത്തിനു പിന്നിൽ ഒരാളെയും അനുവദിച്ച ആദ്യ ഉത്തരവിലെ നിർദേശം കേന്ദ്രം എതിർത്തതിനെ തുടർന്നു പിൻവലിച്ചെങ്കിലും ഇപ്പോൾ ഉൾപ്പെടുത്തി. കേന്ദ്രാനുമതി ലഭിച്ചതാണു കാരണമെന്നറിയുന്നു.
സ്റ്റാംപ് വെണ്ടർമാർക്ക് ആഴ്ചയിൽ രണ്ടു ദിവസം മുദ്രപ്പത്രം വിൽക്കാൻ അനുമതി നൽകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഉത്തരവിലില്ല.
നിർമാണ മേഖലയിൽ സിമന്റ്, സ്റ്റീൽ, രാസവളങ്ങൾ എന്നിവയ്ക്ക് ഇളവുണ്ടെങ്കിലും തടിവ്യവസായത്തെ ഉൾപ്പെടുത്തിയില്ല. നിർമാണ മേഖലയ്ക്കു തടി ആവശ്യമാണ്. ക്വാറി, ഖനന മേഖലകൾക്കും ഇളവുണ്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെയും ഇളവിലുൾപ്പെടുത്തി.
ഹോട്സ്പോട്ടുകളല്ലാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിച്ചും അകലം പാലിച്ചും പ്രഭാത സവാരി നടത്താം. വിവിധ ജോലികൾക്ക് അതിഥിത്തൊഴിലാളികളെ എത്തിക്കുന്നതിനുള്ള ഗതാഗതത്തിനും പുതിയ ഉത്തരവിൽ വ്യവസ്ഥകളുണ്ട്. ക്യാംപുകളിൽ നിന്നു പരിശോധന നടത്തി വേണം അവരെ കൊണ്ടുപോകാൻ.
അവശ്യ സർവീസിൽ പിആർഡിയും
പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ( പിആർഡി) പ്രവർത്തനം അവശ്യ സർവീസിൽ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. വകുപ്പിൽ ജോലി ചെയ്യുന്നവർക്കു നിയന്ത്രണങ്ങൾ ബാധകമല്ല. കോവിഡിന്റെ സാഹചര്യത്തിൽ പിആർഡി ഡയറക്‌ടറേറ്റിലും ജില്ലാ ഇൻഫർമേഷൻ ഓഫിസുകളിലും 24 മണിക്കൂർ പ്രവർത്തനം നടന്നുവരികയാണ്.
റവന്യു, പൊലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് എമർജൻസി സർവീസ്, ജയിൽ, ലീഗൽ മെട്രോളജി, മുനിസിപ്പൽ– പഞ്ചായത്ത് ലൈസൻസ് സേവനങ്ങൾ എന്നിവയെയും നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി.
പ്രവാസി ധനസഹായം: ഹെൽപ്‌ലൈനായി
തിരുവനന്തപുരം ∙ കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികൾക്കു നോർക്ക നൽകുന്ന ധനസഹായത്തിനുള്ള ജില്ലാ ഹെൽപ്‌ലൈൻ നമ്പറുകൾ: തിരുവനന്തപുരം 9495231749, കൊല്ലം 8289889610, പത്തനംതിട്ട 9895634239, ആലപ്പുഴ 9446095099, കോട്ടയം 9847463156, ഇടുക്കി 8547784694, എറണാകുളം 9497685653, തൃശൂർ 9995885281, പാലക്കാട് 8078188315, മലപ്പുറം 9447653355, കോഴിക്കോട് 9495106941, വയനാട് 7907963045, കണ്ണൂർ 9447619044, കാസർകോട് 9037730304.
English summary: Kerala lockdown relaxations