ആംബുലൻസിൽ 310 കിലോമീറ്റർ; അമ്മയുടെ അടുത്തെത്തി കുഞ്ഞു ഫസ്രിൻ
Mail This Article
പാറശ്ശാല (തിരുവനന്തപുരം) ∙ സോഫിയ കണ്ണീരണിഞ്ഞു കാത്തുനിന്നു; തന്റെ കുഞ്ഞു ഫസ്രിനെ മാറോടണച്ചു മുത്തം കൊടുക്കാൻ; ഓമനക്കുഞ്ഞിനെ കണ്ണു നിറയെ കാണാൻ. പിറന്നുവീണ നാൾ തന്നെ നാഗർകോവിലിൽനിന്നു ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്കു കൊണ്ടു പോയ കുഞ്ഞു ഫസ്രിൻ 15–ാം ദിവസം ശസ്തക്രിയയ്ക്കു ശേഷം വീണ്ടും കളിയിക്കാവിള അതിർത്തി കടന്ന് അമ്മയുടെ അരികിൽ തിരിച്ചെത്തി. വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ 310 കിലോമിറ്റർ യാത്ര ചെയ്തെത്തിയ പിഞ്ചുമകളെ എറ്റുവാങ്ങാൻ കാത്തുനിന്ന മാതാവ് ചികിത്സാ ദൗത്യത്തിന്റെ അത്ഭുത വിജയത്തിനിടയിലും കോവിഡ് കാലത്തിന്റെ നോവുള്ള കാഴ്ചയായി.
ഹൃദ്രോഗം സ്ഥിരീകരിച്ച ചോരക്കുഞ്ഞിനു ലോക്ഡൗണിനിടയിലും അടിയന്തര ചികിത്സ ഒരുക്കുകയായിരുന്നു. നാഗർകോവിൽ ഇടലാക്കുടിയിലെ ഫൈസൽ–സോഫിയ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണു ഫസ്രിൻ. വിഷു ദിനത്തിൽ നാഗർകോവിലിലെ ജയഹരൺ ആശുപത്രിയിലായിരുന്നു പ്രസവം.
ജനിച്ചപ്പോൾ തന്നെ കുഞ്ഞിന്റെ ശരീരത്തിൽ നീലനിറം വ്യാപിച്ചതോടെ അവിടത്തെ ഹൃദ്രോഗ വിദഗ്ധൻ ഡോ. വെങ്കിടേഷ് കൊച്ചി ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ.എഡ്‌വിൻ ഫ്രാൻസിസിനെ ബന്ധപ്പെട്ടു. തുടർന്നു മുഖ്യമന്ത്രി ഇടപെട്ടു. അന്നു രാത്രി തന്നെ കുഞ്ഞിനെ ലിസി ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായിരുന്ന മാതാവ് സോഫിയ നാഗർകോവിലിൽ തുടർന്നു. ഫൈസലും ബന്ധുവുമായിരുന്നു കുഞ്ഞിനൊപ്പം.
ശുദ്ധ, അശുദ്ധ രക്തക്കുഴലുകൾ പരസ്പരം മാറിപ്പോകുന്ന 'ട്രാൻസ്‌പൊസിഷൻ ഓഫ് ഗ്രേറ്റ് ആർട്ടറീസ്' എന്ന സങ്കീർണ രോഗമായിരുന്നു കുഞ്ഞിന്. ലിസി ആശുപത്രിയിൽ എത്തിച്ചയുടൻ ഡോ.ജി.എസ്.സുനിലിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി. 13 ദിവസത്തെ നിരീക്ഷണത്തിനു ശേഷം ഇന്നലെ മടക്കയാത്ര.
English Summary: Child back with mother