ADVERTISEMENT

ഷൊർണൂർ ∙ പ്രതിദിനം കുറഞ്ഞത് 25,000 യാത്രക്കാർ ഇല്ലാത്ത റെയിൽവേ സ്റ്റേഷനുകൾക്ക് ഇനി വലിയ വികസന പദ്ധതികളില്ല. ടിക്കറ്റ് വിൽപനയിൽ 50% കുറവുള്ള സ്റ്റേഷനുകളിലെ സ്റ്റോപ്പ് പിൻവലിച്ചേക്കും. അടുത്ത റെയിൽവേ ടൈംടേബിളിൽ, സ്റ്റോപ്പുകൾ ഗണ്യമായി കുറയ്ക്കുന്നതുൾപ്പെടെ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച പഠന റിപ്പോർട്ട് മന്ത്രാലയത്തിനു സമർപ്പിക്കാനൊരുങ്ങുകയാണു റെയിൽവേ. രാഷ്ട്രീയ നേതൃത്വം ഇത് അംഗീകരിച്ചാൽ, സാധാരണക്കാരന്റെ ചെലവു കുറഞ്ഞ ഗതാഗത സംവിധാനം എന്ന മുഖച്ഛായ തന്നെ റെയിൽവേയ്ക്കു നഷ്ടമാകും. 

യാത്രക്കാർ കുറഞ്ഞ സ്റ്റേഷനുകളിൽ നടപ്പാലം, എസ്കലേറ്റർ, ലിഫ്റ്റ് തുടങ്ങിയവ പുതുതായി അനുവദിക്കില്ല. കഴിഞ്ഞ 2 വർഷത്തെ ടിക്കറ്റ് വിൽപനയുടെ കണക്കു പരിശോധിച്ചാണു സ്റ്റോപ്പുകൾ പിൻവലിക്കുക. കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ചെറിയ സ്റ്റേഷനുകൾ (ടിക്കറ്റ് വിൽപനയും ശുചീകരണവും മാത്രമുള്ള സ്റ്റേഷനുകൾ) നിലനിർത്തേണ്ടതുണ്ടോ എന്നും ആലോചനയിലുണ്ട്. 

ലോക്ഡൗണിൽ സർവീസ് നിർത്തിയ സാഹചര്യം പുതിയ തുടക്കത്തിനുള്ള അവസരമാക്കുകയാണു റെയിൽവേ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിന്റെ അധ്യക്ഷനായ ബിബേക് ദിബ്രോയിയുടെ നേതൃത്വത്തിലുള്ള സമിതി 5 വർഷം മുൻപു സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളാണ് ഓരോന്നായി നടപ്പാക്കുന്നത്. 

ഇപ്പോൾ നിർത്തിയിട്ടിരിക്കുന്ന സർവീസുകളിൽ ലാഭകരമായതു മാത്രം പുനരാരംഭിച്ചാൽ മതി എന്ന നിർദേശവും റെയിൽവേക്കു മുന്നിലുണ്ട്. 

കേരളത്തിലെ വികസനം 4 സ്റ്റേഷനുകളിൽ

റെയിൽവേയുടെ കണക്കനുസരിച്ച് കേരളത്തിൽ കൂടുതൽ യാത്രക്കാരും വരുമാനവുമുള്ളതു കോഴിക്കോട്, തൃശൂർ, എറണാകുളം ജംക്‌ഷൻ, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളിലാണ്. രണ്ടാം പട്ടികയിൽ കണ്ണൂർ, പാലക്കാട്, ഷൊർണൂർ, ആലുവ, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം എന്നിവയുണ്ട്. പുതിയ നിർദേശം നടപ്പാക്കിയാൽ ആദ്യ പട്ടികയിലില്ലാത്ത സ്റ്റേഷനുകൾക്കു പുതിയ പദ്ധതികൾ ലഭിക്കില്ല. 

English summary: Railway station development projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com