സിൽവർ ലൈൻ വേഗപാത മന്ത്രിസഭ അംഗീകരിച്ചു
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ തിരുവനന്തപുരം – കാസർകോട് വേഗപാത സിൽവർ ലൈനിന്റെ വിശദമായ പദ്ധതി റിപ്പോർട്ടിനും അലൈൻമെന്റിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. 63,941 കോടി രൂപ ചെലവുവരുന്ന പദ്ധതിക്കു വിദേശവായ്പ ലഭ്യമാക്കാൻ ജൈക്ക, കെഎഫ്ഡബ്ല്യു, എഡിബി, എഐഐബി എന്നീ ധനകാര്യ സ്ഥാപനങ്ങളെയും ഭൂമി ഏറ്റെടുക്കാനുള്ള പണം കണ്ടെത്താൻ ധനകാര്യസ്ഥാപനങ്ങൾ, ദേശസാൽകൃത ബാങ്കുകൾ എന്നിവയെയും സമീപിക്കാൻ നടത്തിപ്പ് ഏജൻസിയായ കെ-റെയിലിന് നിർദേശം നൽകി.
നേരത്തെ അംഗീകരിച്ച രൂപരേഖയിൽ പയ്യോളി, മാഹി എന്നിവിടങ്ങളിലെ അലൈൻമെന്റുകളിൽ മാറ്റം വരുത്തിയാണു സർക്കാർ അന്തിമ അംഗീകാരം നൽകിയത്. പദ്ധതിക്ക് ഇനി കേന്ദ്രസർക്കാരിന്റെ വിവിധ അനുമതികൾ വേണം. പങ്കാളിത്തം വഹിക്കുന്ന റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയാണ് ആദ്യം വേണ്ടത്. പിന്നീടു നിതി ആയോഗിന്റെയും കേന്ദ്രമന്ത്രിസഭയുടെയും അനുമതി. നിശ്ചയിച്ച അലൈൻമെന്റ് പ്രകാരമുള്ള സ്ഥലമേറ്റെടുപ്പ് അതിനിടയിൽത്തന്നെ തുടങ്ങാനാണ് സർക്കാരിന്റെ ശ്രമം.
15 മുതൽ 25 മീറ്റർ വരെ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. കേന്ദ്ര, സംസ്ഥാന നിയമപ്രകാരമുള്ള നഷ്ടപരിഹാര പാക്കേജ് നൽകിയാണു സ്ഥലം ഏറ്റെടുക്കുക. തിരുവനന്തപുരത്തു നിന്നു കാസർകോട് വരെയുള്ള 529 കിലോമീറ്റർ ദൂരം 4 മണിക്കൂർ കൊണ്ടു സഞ്ചരിക്കാനാകും. ടിക്കറ്റ് നിരക്ക് ഏകദേശം 1450 രൂപയായിരിക്കും.
അകലെത്തെളിയുന്നു, രജതരേഖ
തിരുവനന്തപുരം ∙ സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി നിർമിക്കുന്ന പാത കുറുകെ കടക്കാൻ ഓരോ 500 മീറ്ററിലും മേൽപ്പാലമോ അടിപ്പാതയോ നിർമിക്കും. സുരക്ഷ ഉറപ്പാക്കാനായി പാതയുടെ ഇരുവശവും കോൺക്രീറ്റ് ഭിത്തികളുമുണ്ടാകും. പദ്ധതിക്കായി 1226 ഹെക്ടർ ഭൂമി ഏറ്റെടുക്കും. ഇതിൽ 1074 ഹെക്ടറാണ് സ്വകാര്യ ഭൂമി. ബാക്കി സർക്കാരിന്റെയും റെയിൽവേയുടെയും ഭൂമിയാണ്. 9000 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. നിർമാണകാലത്ത് 50,000 പേർക്കും സർവീസ് തുടങ്ങിയാൽ 11,000 പേർക്കും ജോലി ലഭിക്കും.
പദ്ധതി 5 വർഷത്തിനുള്ളിൽ യാഥാർഥ്യമായാൽ തുടക്കത്തിൽ പ്രതിദിനം 68,000 യാത്രക്കാരുണ്ടാകുമെന്നു രൂപരേഖയിലെ വിലയിരുത്തൽ. 2028 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം 82,000 കവിയും. ചരക്കുഗതാഗതത്തിന് റോറോ സർവീസുകളുണ്ടാകും. ഇതോടെ പ്രതിദിനം 500 ട്രക്കുകൾ റോഡിൽ കുറയുമെന്നാണു വിലയിരുത്തൽ.
വിദേശ വായ്പയായി 34,500 രൂപ ലഭ്യമാക്കുകയാണ് ലക്ഷ്യം. ബാക്കി തുക കേന്ദ്ര, സംസ്ഥാന സർക്കാരുകളും റെയിൽവേയും വഹിക്കും. കേരളത്തിലെ 4 രാജ്യാന്തര വിമാനത്താവളങ്ങളെയും സിൽവർ ലൈനുമായി ബന്ധിപ്പിക്കാനുള്ള കണക്‌ഷൻ സർവീസുകളുണ്ടാകും.
സംയുക്ത സംരംഭമായി സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ കേരളവും റെയിൽവേയും 2017 ലാണ് ധാരണയായത്. പാരിസിലെ സിസ്ട്ര ജിസിയുടെ നേതൃത്വത്തിൽ നടന്ന ലിഡാർ സർവേ, പരിസ്ഥിതി ആഘാത പഠനം, മണ്ണുപരിശോധന, ഗതാഗത സർവേ എന്നിവയുടെ അടിസ്ഥാനത്തിലാണ് രൂപരേഖ തയാറാക്കിയതെന്ന് കെ റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ പറഞ്ഞു.
കടക്കാനുണ്ട്, കടമ്പകൾ
സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചെങ്കിലും പദ്ധതിക്ക് ഇനിയും ഒട്ടേറെ കടമ്പകളുണ്ട്. വിദേശവായ്പ കണ്ടെത്താനുള്ള പ്രാഥമിക ചർച്ച നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും അന്തിമ ചർച്ചകൾക്കായി സർക്കാർ അംഗീകാരം കാത്തുനിൽക്കുകയായിരുന്നു.
റെയിൽവേ മന്ത്രാലയം നേരത്തേ തത്വത്തിൽ അനുമതി നൽകിയിരുന്നെങ്കിലും പുതിയ പശ്ചാത്തലത്തിൽ അനുമതി നൽകുമോ എന്ന ആശങ്കയുണ്ട്. ഭൂമി ഏറ്റെടുക്കലായിരിക്കും പ്രധാന വെല്ലുവിളി.
English summary: Kerala silver line project