കൈക്കു കടിയേറ്റെങ്കിലും കാര്യമാക്കിയില്ല; വായിൽ നിന്നു നുരയും പതയും വന്നു: വൈകാതെ മരണം
Mail This Article
പോത്തൻകോട് (തിരുവനന്തപുരം) ∙ പിടികൂടിയ മൂർഖന്റെ കടിയേറ്റിട്ടും കാഴ്ചക്കാർക്കു വേണ്ടി പ്രദർശിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ പാമ്പുപിടിത്തക്കാരൻ മരിച്ചു. 11 വർഷമായി പാമ്പുപിടിത്ത രംഗത്തുള്ള മംഗലപുരം ശാസ്തവട്ടം റബീന മൻസിലിൽ സക്കീർ ഹുസൈൻ (30) ആണു മരിച്ചത്. ഞായർ രാത്രി എട്ടരയോടെ നാവായിക്കുളം 28–ാം മൈൽ കാഞ്ഞിരംവിളയിലാണു സംഭവം. കൈക്കു കടിയേറ്റെങ്കിലും കാര്യമാക്കാതെ കാഴ്ചക്കാർക്കു പാമ്പിനെ കാട്ടിക്കൊടുക്കുന്നതിനിടെ വായിൽ നിന്നു നുരയും പതയും വരികയായിരുന്നു.
സുഹൃത്ത് മുകേഷിനെ ഫോണിൽ വിളിച്ച് സക്കീർ തന്നെ പാമ്പുകടിയേറ്റ വിവരം പറഞ്ഞെങ്കിലും ഉടൻ തളർന്നു വീണു. കയ്യിൽ നിന്നു പാമ്പും രക്ഷപ്പെട്ടു. കൂടി നിന്നവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ വാവ സുരേഷാണു പാമ്പിനെ വീണ്ടും പിടികൂടിയത്. സക്കീർ ഹുസൈന്റെ ഭാര്യ ഹസീന. മക്കൾ: നേഹ, നിഹ. 348 പാമ്പുകളെ പിടിച്ചിട്ടുണ്ട് സക്കീർ. 12 തവണ കടിയേറ്റിട്ടുമുണ്ട്.
English summary: Snake catcher dies in Thiruvananthapuram