നാട്ടിലെത്തിയപ്പോൾ പ്രവാസിക്കുനേരെ വീട്ടുകാരും വാതിലടച്ചു; ‘വെള്ളം പോലും കൊടുത്തില്ല’
Mail This Article
എടപ്പാൾ ∙ വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിച്ചില്ല; മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആരോഗ്യ പ്രവർത്തകരെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എടപ്പാൾ സ്വദേശിയായ യുവാവാണ് പുലർച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം നേരത്തേ തന്നെ വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവർ വീട്ടിൽ കയറേണ്ടെന്നു ശാഠ്യം പിടിച്ചു.
വെള്ളം ആവശ്യപ്പെട്ടിട്ടു പോലും നൽകിയില്ലത്രെ. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നൽകി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. ഒടുവിൽ എടപ്പാൾ സിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീൽ ഇടപെട്ട് ആംബുലൻസ് എത്തിച്ച് മണിക്കൂറുകൾക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റീൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു.
മകൾക്ക് രോഗം; ക്വാറന്റീൻ ലംഘിച്ച എസ്ഐക്ക് സസ്പെൻഷൻ
കൊല്ലം ∙ ഡൽഹിയിൽ നിന്നെത്തിയ മകളെ കാറിൽ സ്രവപരിശോധനയ്ക്കു കൊണ്ടുപോയ ശേഷം ക്വാറന്റീനിൽ കഴിയാതെ പുത്തൂർ പൊലീസ് സ്റ്റേഷനിൽ ജോലിക്കെത്തിയ എസ്ഐക്കു സസ്പെൻഷൻ.
മകൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ എസ്ഐക്കൊപ്പം ജോലി ചെയ്തവർ ആശങ്കയിലായി. തിരുവല്ല സ്വദേശിയായ ക്രൈം എസ്ഐ സുരേഷ്ബാബുവാണ് ക്വാറന്റീനിൽ പോകാതെ ജോലിക്കെത്തിയത്.