ധർമജൻ ബോൾഗാട്ടിയിൽ നിന്ന് മൊഴിയെടുത്തു
Mail This Article
കൊച്ചി∙ നടിമാരായ ഷംനയുടെയും മിയയുടെയും ഫോൺ നമ്പർ തട്ടിപ്പുസംഘം ആവശ്യപ്പെട്ടതായും അവരെ പരിചയപ്പെടുത്തിത്തരുമോ എന്നു ചോദിച്ചതായും നടൻ ധർമജൻ ബോൾഗാട്ടി പറഞ്ഞു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസിനു മൊഴി നൽകാനെത്തിയ ധർമജൻ മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഷംന കാസിമിന്റെയും തന്റെയും ഫോൺ നമ്പരുകൾ തട്ടിപ്പു സംഘത്തിനു കൈമാറിയത് പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണെന്നു പൊലീസിൽ നിന്നു മനസ്സിലാക്കാൻ സാധിച്ചവെന്നും അദ്ദേഹം പറഞ്ഞു.
‘‘ അഷ്ഗർ അലി എന്നു പരിചയപ്പെടുത്തിയയാളാണ് എന്നെ വിളിച്ചത്. സെലിബ്രിറ്റികളെ ഉപയോഗിച്ചു സ്വർണം കടത്ത്, കറൻസി കടത്ത് എന്നിവ ചെയ്യുന്ന സംഘമാണെന്നു പറഞ്ഞാണ് വിളിച്ചത്. ലോക്ഡൗണിൽ വീട്ടിലിരിക്കുമ്പോഴായിരുന്നു ഇത്. 14 കോടി എന്നൊക്കെ പറയുന്നുണ്ടായിരുന്നു. തമാശയായാണു തോന്നിയത്. രണ്ടു മൂന്നു തവണ വിളിച്ചപ്പോൾ സംശയം തോന്നി. പൊലീസിൽ പരാതി കൊടുത്തതോടെ അവരുടെ ഫോൺ സ്വിച്ചോഫ് ആയി.
കടത്തിന് എസ്കോർട്ട് പോകാനൊന്നും എന്നോട് ആവശ്യപ്പെട്ടില്ല. എന്നെക്കണ്ടാൽ സ്വർണക്കടത്തുകാരനെന്നു തോന്നില്ലായിരിക്കും. എന്നെ വിളിച്ച കാര്യം ഷംനയോടു പറഞ്ഞിട്ടില്ല’’–ധർമജൻ പറഞ്ഞു. അതേസമയം, ധർമജന്റെ ആരോപണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം അന്വേഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു.
യുവതികളെ തട്ടിപ്പിന് ഇരയാക്കിയ സംഭവത്തിൽ താൻ ഇടനിലക്കാരിയല്ലെന്ന് മോഡൽ മീര മാധ്യമങ്ങളോട് പറഞ്ഞു.
English summary: Dharmajan Bolgatty questioned