ADVERTISEMENT

കൊച്ചി / തിരുവനന്തപുരം / മലപ്പുറം ∙ ഇന്നലെ പുലർച്ചെ മൂന്നോടെ, ഐബിയുടെ സഹായത്തോടെയാണു കെ.ടി. റമീസിനെ പെരിന്തൽമണ്ണയിലെ വീട്ടിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. പകൽ മുഴുവൻ ചോദ്യം ചെയ്ത ശേഷം, രാത്രിയോടെ അറസ്റ്റ് ചെയ്തു. ഇതിനിടെ വീട്ടിൽ നടത്തിയ റെയ്ഡിൽ യാത്രയുമായും ബാങ്ക് ഇടപാടുകളുമായും ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചു. ലാപ്ടോപ്പും പരിശോധിച്ചു. 

കോഴിക്കോട് വിമാനത്താവളത്തിൽ 2015 ൽ 17.5 കിലോഗ്രാം സ്വർണം ഡിആർഐ പിടികൂടിയ കേസിൽ റമീസ് പ്രതിയായിരുന്നു. റിമാൻഡ് ചെയ്തെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാൽ കൊഫെപോസ ചുമത്തിയില്ല. 

2014 ൽ തിരുവനന്തപുരത്തു 3.5 കിലോ സ്വർണവും കോഴിക്കോട്ടു 2 കിലോ സ്വർണവും പിടികൂടിയ കേസുകളിലും ഇയാളുടെ പേര് ഉയർന്നിരുന്നു. തിരുവനന്തപുരത്തെ കേസിൽ സന്ദീപ് നായരും ഇബ്രാഹിംകുട്ടി എന്നയാളും പിടിയിലായിരുന്നു. ഇരുവർക്കും ടിക്കറ്റ് എടുത്തുനൽകിയത് റമീസ് ആണെന്നും കണ്ടെത്തിയിരുന്നു.

swapna-nia
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സന്ദീപുമായെത്തിയ എൻഐഎ സംഘം അങ്കമാലി കറുകുറ്റിയിലൂടെ കടന്നുപോകുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

കഴിഞ്ഞ നവംബർ 8നു ദുബായിൽ നിന്നു കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ ഇയാളിൽനി ന്ന് കസ്റ്റംസ് 6 എയർഗണ്ണുകൾ പിടികൂടിയിരുന്നു. കസ്റ്റംസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും തോക്കു കടത്തു കേസിൽ സംസ്ഥാന പൊലീസിന്റെ ബാലിസ്റ്റിക് റിപ്പോർട്ട് കിട്ടാത്തതിനാൽ കുറ്റപത്രം നൽകാനായിട്ടില്ല. അനധികൃതമായി സാധനങ്ങൾ കടത്തിയെന്ന കേസ് പിഴ ഈടാക്കി തീർത്തു. റമീസ് 2014 ൽ വാളയാറിലെ മാൻവേട്ട കേസിലും പ്രതിയായെങ്കിലും പിടികൂടാനായില്ല.

തോക്കു കടത്തുകേസ് റമീസിന് ഉന്നത ബന്ധം സഹായമായെന്ന്  സംശയം

കോഴിക്കോട് ∙ തോക്കു കടത്തു കേസിൽ റമീസിനെതിരെ നടപടി വൈകുന്നത് ഉന്നത ബന്ധം കാരണമെന്നു കസ്റ്റംസിനു സംശയം. നവംബറിൽ കൊച്ചി വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജന്റ്സ് 9 ലക്ഷം രൂപ വിലവരുന്ന എയർ റൈഫിളുകളുടെ ഭാഗങ്ങളാണു പിടിച്ചത്.

തോക്കിന്റെ ഭാഗങ്ങളുടെ പരിശോധന റിപ്പോർട്ട് സംസ്ഥാന പൊലീസ് നൽകാത്തതിനാൽ 6 മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാനായിട്ടില്ല. 3 തവണ കത്തയച്ചെങ്കിലും ഒരു മറുപടി പോലും ലഭിച്ചില്ല. ഇപ്പോൾ സ്വർണ കടത്തുകേസ് ഉയർന്നു വന്നതിനെ തുടർന്ന്  4 ദിവസം മുൻപ് വീണ്ടും ഈ കേസിൽ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ, 13 തോക്കുകളുടെ ഭാഗങ്ങളുണ്ടെന്ന മറുപടി ലഭിച്ചു. 

പാലക്കാട്ടെ ഒരു റൈഫിൾ  ക്ലബിന്റെ പേരിലുള്ള ബില്ലുമായാണ് റമീസ് എയർ റൈഫിളുകൾ കൊണ്ടുവന്നത്. റമീസ് ക്ലബ് അംഗമാണെന്നും എന്നാൽ തോക്ക് വാങ്ങാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ക്ലബ് ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ക്ലബ് റമീസിനു കാരണം കാണിക്കൽ നോട്ടിസും നൽകി.   

റമീസും സന്ദീപും കണ്ണികളായി 2014ലും കേസ്

തിരുവനന്തപുരം ∙ 2014ൽ തിരുവനന്തപുരത്ത് 3.5 കിലോ സ്വർണം പിടിച്ച കേസിൽ കണ്ണികളാണ് സന്ദീപ് നായരും ഇന്നലെ അറസ്റ്റിലായ റമീസും. അന്ന് ഇബ്രാഹിംകുട്ടി എന്ന യാത്രക്കാരനിൽ സംശയം തോന്നി കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് ബാഗിൽ ഇലക്ട്രോണിക് സാധനത്തിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്.

ഇതിനിടെ ഇബ്രാഹിംകുട്ടിയുടെ ഫോണിലേക്കു റമീസിന്റെയും സന്ദീപ് നായരുടെയും കോളുകൾ വന്നു. ഇബ്രാഹിംകുട്ടിയുടെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായി സന്ദീപും അന്നു തിരുവനന്തപുരത്തു വിമാനമിറങ്ങിയിരുന്നു. ഇരുവർക്കും ടിക്കറ്റ് എടുത്തതും റമീസ് തന്നെ. സന്ദീപിന്റെ ബാഗിലും സ്വർണമുണ്ടെന്ന് ഇബ്രാംഹികുട്ടി പറഞ്ഞിരുന്നു. എന്നാൽ അപ്പോഴേക്കേും സന്ദീപ് വിമാനത്താവളത്തിൽനിന്നു പുറത്തുകടന്നു.

ദുബായിൽ നിന്നു നാട്ടിലെത്തിയപ്പോൾ കസ്റ്റംസ് റമീസിനെയും ചോദ്യം ചെയ്തിരുന്നുവെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപ്പെട്ടു. കേസിന്റെ ഇൗ വിവരങ്ങളെല്ലാം എൻഐഎ കസ്റ്റംസിൽനിന്നു ശേഖരിച്ചിട്ടുണ്ട്.

English summary: Gold smuggling: Ramees arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com