ADVERTISEMENT

കോൺഗ്രസ് നേതാവായിരുന്ന പട്ടം താണുപിള്ള തിരുവിതാംകൂർ നിയമസഭയിൽ അംഗമായിരുന്ന കാലം. തിരുവനന്തപുരം നഗരമധ്യത്തിലെ അയ്യങ്കാളി ഹാൾ (പഴയ വിജെടി ഹാൾ) ആയിരുന്നു അസംബ്ലി. അധ്യക്ഷ സ്ഥാനം വഹിക്കുന്നത് അധികാരത്തിന്റെ കേന്ദ്ര സ്ഥാനീയനായ ദിവാൻ സി.പി. രാമസ്വാമി അയ്യർ; പട്ടത്തിന്റെ മുഖ്യ എതിരാളി.

പൊലീസ് അതിക്രമത്തിനെതിരെ പട്ടം ആഞ്ഞടിച്ചപ്പോൾ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ ‘സോ കോൾഡ് കോൺഗ്രസ് മാൻ’ (കോൺഗ്രസുകാരനെന്ന് അറിയപ്പെടുന്ന) എന്നു വിശേഷിപ്പിച്ചു. അതിനെതിരെ പരാതിയുമായി ഏഴുന്നേറ്റപ്പോൾ അധ്യക്ഷനായ ദിവാന്റെ റൂളിങ് വന്നു; ‘സോ കോൾഡ് പ്രയോഗത്തിൽ ആക്ഷേപമായൊന്നുമില്ല’.

തന്നെയടിച്ച വടി മനസ്സിൽ കരുതിവച്ച പട്ടം മറുപടി പ്രസംഗത്തിൽ അധ്യക്ഷനെ അഭിസംബോധന ചെയ്തു തുടങ്ങിയതിങ്ങനെ; ‘സോ കോൾഡ് ദിവാൻ ഓഫ് ട്രാവൻകൂർ’! ‘സോ കോൾഡ് പൊലീസ് കമ്മിഷണർ’ എന്നതടക്കം ആ പ്രസംഗത്തിലുടനീളം പട്ടം ‘സോ കോൾഡ്’ കൊണ്ടു നിറച്ചു. സർവ ശക്തനായിരുന്ന ദിവാനും അനുചരൻമാർക്കും കേട്ടിരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായി വിലയിരുത്തപ്പെടുന്ന അദ്ദേഹം വിടപറഞ്ഞിട്ട് ഇന്ന് അര നൂറ്റാണ്ട്.

നയിക്കാനായി ജനിച്ചു

സ്വദേശമായ തിരുവനന്തപുരം നഗരത്തിലെ പട്ടത്തെ പേരിനൊപ്പം പെരുമ നൽകി വളർത്തിയ താണുപിള്ള ജന്മസിദ്ധമായി നേതൃഗുണമുള്ള വ്യക്തിയായിരുന്നുവെന്ന് അദ്ദേഹവുമായി ദീർഘകാല ബന്ധമുള്ള സ്വാതന്ത്ര്യ സമര സേനാനി കെ.അയ്യപ്പൻപിള്ള അനുസ്മരിക്കുന്നു. കോൺഗ്രസിനൊപ്പം 1885 ൽ ജനിച്ച പട്ടം അഭിഭാഷക ജോലിക്കിടെ സ്റ്റേറ്റ് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാവുന്നത്.

1948 ൽ തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ പട്ടം കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം മൂലം പാർട്ടി വിട്ട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്പി) രൂപീകരിച്ചു. 1954 ൽ പിഎസ്പി- കോൺഗ്രസ് സഖ്യത്തിൽ പട്ടം മുഖ്യമന്ത്രിയായി. വിമോചന സമരത്തെ തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യം വിജയിച്ചതോടെയാണു പട്ടം സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിയാകുന്നത്.

ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസിൽ ഇത് അസ്വാസ്ഥ്യം സൃഷ്ടിച്ചതോടെ ആർ.ശങ്കറെ മുഖ്യമന്ത്രിയാക്കാനായി പട്ടത്തിനു ഗവർണർ പദവി വാഗ്ദാനം ചെയ്ത് ഒഴിവാക്കുകയായിരുന്നു. നിർബന്ധിച്ചാണ് അദ്ദേഹത്തെക്കൊണ്ടു ഗവർണർ സ്ഥാനം ഏറ്റെടുപ്പിച്ചതെന്നു കെ.അയ്യപ്പൻ പിള്ള ഓർമിക്കുന്നു.

കണ്ണ് നിറഞ്ഞത് ഒരിക്കൽ മാത്രം

രാഷ്ട്രീയത്തിൽ ഒപ്പം നിന്നവർ കൈവിടുന്ന സന്ദിഗ്ധ ഘട്ടങ്ങളിൽപോലും തളരാതെ നിന്ന പട്ടത്തിന്റെ കണ്ണ് നിറഞ്ഞു കണ്ടിട്ടുളളത് ഒരിക്കൽ മാത്രമാണെന്ന് അദ്ദേഹത്തിന്റെ ഇളയ മകൾ സരസ്വതി നായർ പറയുന്നു; ഗാന്ധിജിയുടെ മരണ വാർത്ത കേട്ടപ്പോഴായിരുന്നു അത്. അച്ഛന്റെ മന:ശുദ്ധി അറിയാവുന്നതുകൊണ്ടാവും സിപി മുതൽ ഇഎംഎസ് വരെ രാഷ്ട്രീയ എതിരാളികൾക്കെല്ലാം അദ്ദേഹത്തോടു ബഹുമാനമായിരുന്നു’- പട്ടത്തിന്റെ 4 മക്കളിൽ ജീവിച്ചിരിക്കുന്ന ഏക മകളായ സരസ്വതി ഓർമിക്കുന്നു. 

English Sumary: Pattom A Thanu Pilla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com