ADVERTISEMENT

കൊച്ചി ∙ ഇരുപതോളം ഹവാല സംഘങ്ങൾ മുതൽ മുടക്കിയ സ്വർണക്കടത്താണു തിരുവനന്തപുരത്തു നടന്നതെന്നാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഹവാല ഇടപാടുകാരോ അതുമായി ബന്ധമുള്ളവരോ ആയ 12 പേർ ഇതിനകം കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. സന്ദീപ് നായർ, കെ.ടി. റമീസ്, ഫൈസൽ ഫരീദ്, റബിൻസ് എന്നിവരാണു സംഘത്തിലെ പ്രധാനികളെന്നും സ്വപ്നയുടെയും സരിത്തിന്റെയും യുഎഇ കോൺസുലേറ്റ് ബന്ധങ്ങൾ സ്വർണക്കടത്തിനായി ദുരുപയോഗിച്ചുവെന്നുമാണ് കസ്റ്റംസ് കരുതുന്നത്. ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ജൂൺ 30ന് എത്തിയ നയതന്ത്ര പാഴ്സൽ, ഈ മാസം 5നാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തുറന്നു നോക്കുന്നത്. ശുചിമുറി ഫിറ്റിങ്സുകൾക്കകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു 30 കിലോഗ്രാം സ്വർണം.

പ്രതികൾ തിരുവനന്തപുരത്തു ഫ്ലാറ്റുകളിലും ഹോട്ടലുകളിലും സ്വർണക്കടത്തു സംബന്ധിച്ചു ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നാണു കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരന്റെ ഫ്ലാറ്റിലടക്കം ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും സ്വർണക്കടത്തിനെപ്പറ്റി ശിവശങ്കറിന് അറിവുണ്ടായിരുന്നില്ലെന്നാണു പ്രധാന പ്രതികൾ കസ്റ്റംസിനു നൽകിയിരിക്കുന്ന മൊഴി. സ്വപ്ന, സരിത്, സന്ദീപ് എന്നിവരുമായി ശിവശങ്കറിന് അടുത്തബന്ധം ഉണ്ടായിരുന്നതായും മൊഴികളിലുണ്ട്. എന്നാൽ, മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും സ്വർണക്കടത്തുമായി ശിവശങ്കറിനെ നേരിട്ടു ബന്ധപ്പെടുത്തുന്ന തെളിവുകൾ കസ്റ്റംസിനു ലഭിച്ചിട്ടില്ല. 

സംഘം ഒരു വർഷത്തിനിടെ 23 തവണയായി 200 കിലോഗ്രാമോളം സ്വർണം കടത്തിയെന്നു വ്യക്തമായിട്ടുണ്ട്. സന്ദീപിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നു ലഭിച്ച കാർഗോ പായ്ക്കറ്റുകളും പാഴ്സൽ കവറുകളും ഇലക്ട്രിക് ഉപകരണ ഭാഗങ്ങളുമൊക്കെ നേരത്തെ നടത്തിയ സ്വർണക്കടത്തിനു തെളിവുകളാണ്. പിടിയിലായ പി.ടി. അബ്ദു വഴി വിറ്റ 78 കിലോഗ്രാം സ്വർണം ഒഴിച്ച്, കള്ളക്കടത്തു സ്വർണം എവിടെയാണ് എത്തിയതെന്ന വിവരങ്ങളും കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്. സ്വർണം വാങ്ങിയ ബാക്കി ഹവാല സംഘങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണവർ. 

സന്ദീപ്, സ്വപ്ന എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം, യുഎഇയിൽ കൂടുതൽ അന്വേഷണം നടത്താനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. ഫൈസൽ ഫരീദ്, റബീൻസ് എന്നിവരെ ദുബായിൽ നിന്നു നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുവരുടെയും പാസ്പോർട്ട് റദ്ദാക്കാനുള്ള അപേക്ഷ നൽകി.

ഇതിനകം കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികൾ (16)

പി.എസ്. സരിത്, കെ.ടി. റമീസ്, ജലാൽ മുഹമ്മദ്, അംജദ് അലി, പി. മുഹമ്മദ് ഷാഫി, എടക്കണ്ടൻ സെയ്തലവി, ടി.എം. അൻവർ, ടി.എം. സംജു, പി.എം. അബ്ദുൽ ഹമീദ്, പഴേടത്ത് അബൂബക്കർ, പി.ടി. അബ്ദു, മുഹമ്മദ് അബ്ദു ഷമീം, സി.വി. ജിഫ്സൽ, ഹംസത് അബ്ദുസ്സലാം, സന്ദീപ് നായർ, സ്വപ്ന. 

English Summary: Hawala groups invested for gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com