‘സ്വപ്ന അങ്ങേയറ്റം സ്വാധീന ശക്തിയുള്ള സ്ത്രീ; ആനൂകൂല്യങ്ങൾ നൽകുന്നത് ഉചിതമല്ല’
Mail This Article
കൊച്ചി∙ നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് അധികാരത്തിന്റെ ഇടനാഴികളിലുള്ള സ്വാധീനം പ്രകടമാണെന്ന് സാമ്പത്തിക കുറ്റവിചാരണക്കോടതി. കേസിലെ പ്രതികളായ സ്വപ്ന, മലപ്പുറം വേങ്ങര സ്വദേശി ഇ. സയീദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
സംസ്ഥാന സർക്കാരിലെ ഉന്നതരുമായി അടുപ്പമുള്ള സ്വപ്ന സുരേഷിന് ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നതു തെളിവുകൾ നശിപ്പിക്കപ്പെടാൻ വഴിയൊരുക്കുമെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അധികാര വഴികളിൽ സ്വാധീനമുള്ള പ്രതിക്കു ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കേസുകളിൽ പ്രതികളാവുന്ന സ്ത്രീകൾക്കു സാധാരണ ലഭിക്കാറുള്ള ആനൂകൂല്യങ്ങൾ സ്വപ്നയ്ക്കു നൽകുന്നത് ഉചിതമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉന്നത സ്വാധീനം ഉപയോഗിച്ചാണു സ്വപ്ന സുരേഷ് സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായ ജോലി നേടിയത്. തിരുവനന്തപുരത്തെ കോൺസുലേറ്റിലെ ജോലി രാജി വച്ചിട്ടും അവിടത്തെ ഉന്നതരെ സഹായിക്കാൻ ഇവർക്കു കഴിഞ്ഞിരുന്നു. പ്രതി അങ്ങേയറ്റം സ്വാധീന ശക്തിയുള്ള സ്ത്രീയാണെന്നു കസ്റ്റംസ് ഹാജരാക്കിയ രേഖകളിലും വ്യക്തമാണ്. സ്വപ്ന സുരേഷ് തയാറായില്ലെങ്കിൽ നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തു നടക്കുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കോവിഡ് വ്യാപനം തടയാൻ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരത്തു നിന്നു കാറിൽ കൊച്ചിയിലേക്ക് ഒളിച്ചു കടന്ന സ്വപ്ന അവിടെ താമസിച്ച ശേഷം കൂട്ടുപ്രതി സന്ദീപ് നായർക്കൊപ്പം റോഡ് മാർഗം ബെംഗളൂരുവിലേക്കു പോയതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ച സമയത്തും ചെക്ക് പോസ്റ്റുകൾ സുരക്ഷിതമായി കടന്ന് സ്വതന്ത്രരായി ബെംഗളൂരുവിലെത്താൻ പ്രതികൾക്കു കഴിഞ്ഞെന്ന പ്രോസിക്യൂഷൻ വാദവും കോടതി ശരിവച്ചു.
English summary: Court on Swapna Suresh bail plea