കളിക്കൂട്ടുകാരിയുടെ മണംപിടിച്ച്, പുഴയ്ക്കരികില്‍; എട്ടാം ദിവസം ധനുവിനെ കണ്ടെത്തി വളര്‍ത്തുനായ
Mail This Article
മൂന്നാർ ∙ മരണം തണുത്ത കൈകൾ കൊണ്ടു മറച്ചുപിടിച്ച കുഞ്ഞു ധനുവിനെ ഒടുവിൽ കുവി കണ്ടെത്തി. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി എന്ന വളർത്തുനായ 8ാം ദിവസം ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ആ കുഞ്ഞുശരീരം അത്രമേൽ മാറിപ്പോയിരുന്നു. എന്നിട്ടും ദുഃഖത്തിന്റെ പാരമ്യത്തിൽ കുവി നിർത്താതെ കരഞ്ഞു.
പെട്ടിമുടി ദുരന്തത്തിൽ കാണാതായ ധനുഷ്കയുടെ (2) മൃതദേഹം പുഴയിൽ മരത്തിൽ തങ്ങിനിന്ന നിലയിലാണ് കണ്ടെത്തിയത്. ദുരന്തഭൂമിയിലൂടെ ഓടി നടന്ന കുവിയാണ് രക്ഷാപ്രവർത്തകർക്കു കുഞ്ഞിന്റെ ശരീരം കാണിച്ചു കൊടുത്തത്. വളർത്തു നായ കുട്ടിയുടെ മണം പിടിച്ച് രാവിലെ മുതൽ ഈ പ്രദേശത്തുണ്ടായിരുന്നു.
പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ ആ പ്രദേശത്ത് തിരച്ചിൽ നടത്തിയതോടെയാണ് മൃതദേഹം കിട്ടിയത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ 56 ആയി. ധനുഷ്കയുടെ അച്ഛൻ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദർശിനിയെയും ഇനി കണ്ടെത്താനുണ്ട്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തിൽ ജീവനോടെയുള്ളത്. 14 പേരെ ഇനിയും കണ്ടെത്താനുണ്ട്.
English summary: Pettimudi: Dog finds body