ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കു സർക്കാർ ഉടൻ കൈമാറില്ലെന്നു സൂചന. ഉന്നതതല നിർദേശത്തെ തുടർന്നു സെർവറിലെ ദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നതു നിർത്തി. സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫിസിലും മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസിലും കയറിയിറങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്തുന്നതിനാണ് എൻഐഎ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂലൈ മുതൽ ഈ വർഷം ജൂലൈ വരെയുള്ള ദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കാനാണ് അവർ ചീഫ് സെക്രട്ടറിക്കു 18 ദിവസം മുൻപു കത്തു നൽകിയത്.

എന്നാൽ അത് എപ്പോൾ കൈമാറണമെന്നു വ്യക്തമാക്കിയിരുന്നില്ല.ഈ പഴുതിൽ പിടിച്ചാണു ദൃശ്യങ്ങൾ തൽക്കാലം ശേഖരിച്ചു സൂക്ഷിക്കേണ്ടതില്ലെന്ന നിലപാട് ഉന്നതതലത്തിൽ കൈക്കൊണ്ടത്. പ്രതികളുടെ മൊഴികളിൽ നിന്നു തന്നെ സ്വപ്നയും മറ്റു ചില പ്രതികളും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഓഫിസി‍ൽ പലവട്ടം വന്നുപോയതായി വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ മറ്റൊരു ഉദ്യോഗസ്ഥനും എൻഐഎയുടെ സംശയനിഴലിലാണ്. അദ്ദേഹത്തെ കാണാനും സ്വപ്ന എത്തിയതായി അന്വേഷണ സംഘം സംശയിക്കുന്നു. സെക്രട്ടേറിയറ്റിലും അനക്സ് മന്ദിരങ്ങളിലുമായി 83 ക്യാമറകളാണുള്ളത്. ഇതിൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ 4 ക്യാമറകൾ കഴിഞ്ഞ മേയിൽ ഒരാഴ്ചയോളം കേടായിരുന്നുവെന്നു പൊതുഭരണ വകുപ്പിലെ അഡീഷനൽ സെക്രട്ടറി എൻഐഎയെ അറിയിച്ചിരുന്നു.

അതൊഴികെയുള്ള എല്ലാ ദൃശ്യവും അവിടെയുണ്ടെന്നും പറഞ്ഞിരുന്നു. അതിനിടെയാണു ദൃശ്യം തൽക്കാലം കൈമാറേണ്ടതില്ലെന്ന ധാരണ ഉന്നതതലത്തിൽ ഉണ്ടായത്. ആദ്യം ഏതാനും ദിവസം ദൃശ്യങ്ങൾ ശേഖരിക്കുന്ന നടപടി കൺട്രോൾ റൂമിൽ നടന്നിരുന്നു.

English Summary: Secretariat CCTV Visuals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com