ADVERTISEMENT

കൊച്ചി ∙ പത്തനംതിട്ട ചിറ്റാറിൽ വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ശേഷം മരിച്ചനിലയിൽ കണ്ടെത്തിയ കുടപ്പനക്കുളം സ്വദേശി പി.പി. മത്തായിയുടെ മൃതദേഹം അടുത്തയാഴ്ച വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾക്കു വേഗത്തിൽ വിട്ടുകൊടുക്കാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

അന്വേഷണം സിബിഐക്കു വിട്ടിട്ടും മൃതദേഹം സംസ്കരിച്ചില്ലെന്നും ബന്ധുക്കൾ തയാറാകുന്നില്ലെന്നും സർക്കാരിനോടു സംസ്കാരം നടത്താൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട എഴുമറ്റൂർ സ്വദേശി പ്രവീൺ കുമാർ നൽകിയ പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ജൂലൈ 28ന് കസ്റ്റഡിലെടുത്ത് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്കു കൊണ്ടുപോയ മത്തായിയെ അന്നു രാത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മനുഷ്യാവകാശ കമ്മിഷൻ വീണ്ടും വിശദീകരണം തേടി

പത്തനംതിട്ട ∙ ചിറ്റാർ ഫോറസ്റ്റ് കസ്റ്റഡി മരണത്തിൽ നടപടി ക്രമങ്ങൾ വിശദീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ വീണ്ടും ജില്ലാ പൊലീസ് മേധാവിക്ക് കത്തയച്ചു. ഡോ. ലിജോ കുരിയാടത്തിന്റെ പരാതിയിലാണ് നടപടി. 4 ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. നേരത്തേ മറ്റൊരു പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം ചോദിച്ചിരുന്നു.

വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ഡോക്ടർമാരുടെ പാനൽ 

പത്തനംതിട്ട ∙ കർഷകനായ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി.മത്തായി വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് പ്രത്യേക ഉത്തരവ് വേണോയെന്ന ആശയക്കുഴപ്പത്തിന് വിരാമം. അടുത്ത ദിവസം തന്നെ പ്രഥമ വിവര റിപ്പോർട്ട് രേഖപ്പെടുത്തി സിബിഐ അന്വേഷണം തുടങ്ങും. 

റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികൾ തുടങ്ങി. ഇതിനായി സ്വതന്ത്ര ഡോക്ടർമാരുടെ പാനൽ സിബിഐ രൂപീകരിക്കും. റീപോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം സംസ്കരിച്ചാൽ മതിയെന്ന ഉത്തരവും കുടുംബത്തിന് ആശ്വാസമായി. സിബിഐ പറയുന്നതു പ്രകാരം സംസ്കാര തീയതി തീരുമാനിക്കും എന്ന കുടുംബത്തിന്റെ നിലപാടിനു ഹൈക്കോടതിയിൽ അംഗീകാരം ലഭിച്ചെന്നു മത്തായിയുടെ കുടുംബത്തിന്റെ അഭിഭാഷകർ പറഞ്ഞു.

English summary: Farm owner Mathai's post mortem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com