വാക്പോരിനെക്കുറിച്ചും പോര്
Mail This Article
തിരുവനന്തപുരം ∙ അവിശ്വാസ ചർച്ചയിൽ പ്രതിപക്ഷം തെറി മുദ്രാവാക്യം വിളിച്ചുവെന്ന മുഖ്യമന്ത്രിയുടെ പുതിയ വെളിപ്പെടുത്തലിനെ ചുറ്റി മറ്റൊരു രാഷ്ട്രീയ വിവാദം ഉയർന്നു. മുഖ്യമന്ത്രിയുടെ ആരോപണം ഏറ്റുചൊല്ലിയും ആവർത്തിച്ചും മന്ത്രിമാർ രംഗത്തെത്തി. ആരോപണം നിഷേധിച്ച പ്രതിപക്ഷനേതാവ് ആരാണു സഭയിൽ തെറി പറയുന്നതെന്ന് എല്ലാവർക്കും അറിയാമെന്നു തിരിച്ചടിച്ചു.
അവിശ്വാസ ചർച്ച നടന്ന 24നോ പിറ്റേന്നോ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയോ അതിനുശേഷം സിപിഎം, സർക്കാർ കേന്ദ്രങ്ങൾ ആരോപിക്കുകയോ ചെയ്യാത്ത കാര്യമാണു മൂന്നാം ദിവസം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. സ്വർണക്കടത്ത് മുൻനിർത്തി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കു മൂന്നേ മുക്കാൽ മണിക്കൂർ പ്രസംഗിച്ചിട്ടും മറുപടി പറഞ്ഞില്ലെന്ന വിമർശനം ഉയർന്നതോടെയാണു പ്രതിപക്ഷത്തെ വെട്ടിലാക്കുന്ന പ്രത്യാരോപണവുമായി മുഖ്യമന്ത്രി എത്തിയത്.
പ്രസംഗം മൂന്നു മണിക്കൂർ പിന്നിട്ട ശേഷവും കാതലായ വിഷയങ്ങളിലേക്കു വരാഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു നടുത്തളത്തിലിറങ്ങി. 45 മിനിറ്റ് അവിടെ അവർ മുദ്രാവാക്യങ്ങൾ മുഴക്കിയപ്പോഴും പ്രസംഗം തുടർന്ന പിണറായിയെ അതിൽ ചിലതു ചൊടിപ്പിച്ചുവെന്നാണു ബുധനാഴ്ചത്തെ അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കിയത്.
എന്നാൽ മുദ്രാവാക്യങ്ങൾ ഉയർന്ന സമയത്തൊന്നും മുഖ്യമന്ത്രിയെ പ്രകോപിതനായി കണ്ടിരുന്നില്ല. പലപ്പോഴും ചിരിച്ചു കൊണ്ടാണ് പ്രതിപക്ഷത്തെ നേരിട്ടതും. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമാശകളിലൂടെ കുത്തി മുറിവേൽപ്പിക്കാൻ നോക്കിയതും ശ്രദ്ധിക്കപ്പെട്ടു. അതേസമയം രാവിലെ വിമാനത്താവള സ്വകാര്യവത്കരണ വിവാദം വിശദീകരിച്ചു തുടങ്ങുമ്പോൾ പ്രതിപക്ഷത്തെ ചിലർ വിളിച്ചു പറഞ്ഞ കമന്റുകൾ മുഖ്യമന്ത്രിയെ പ്രകോപിതനാക്കി.
ഉച്ചയ്ക്കുശേഷം കെ.ബി. ഗണേഷ്കുമാറും അനിൽ അക്കരയുമായുള്ള ഉരസലിന്റെ പേരിലും ക്ഷുഭിതനായി. എന്നാൽ, ചർച്ചയ്ക്കുള്ള മറുപടിയിലും മുഖ്യമന്ത്രി കയർക്കുമെന്നു വിചാരിച്ചവരുടെ കണക്കുകൂട്ടൽ തെറ്റി. ശാന്തനായാണ് അദ്ദേഹം സംസാരിച്ചത്. അതുകൊണ്ടു തന്നെ തങ്ങളുടെ ഭാഗത്തുനിന്നു തെറി ഉയർന്നുവെങ്കിൽ മുഖ്യമന്ത്രി ആ സമീപനം സ്വീകരിക്കുമോയെന്നു പ്രതിപക്ഷം ചോദിക്കുന്നു. രൂക്ഷമായ വാക്പോരിനു വേദിയായെങ്കിലും സഭയ്ക്കു കളങ്കമുണ്ടാകുന്ന പരാമർശങ്ങളിൽ നിന്നു പൊതുവേ ഭരണ–പ്രതിപക്ഷങ്ങൾ വിട്ടുനിൽക്കുകയാണു ചെയ്തതും.
നടുത്തളത്തിലിറങ്ങുമ്പോൾ രൂക്ഷ മുദ്രാവാക്യങ്ങൾ മുഴക്കുന്ന സമീപനം തുടർന്നു എന്നതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്നു പ്രതിപക്ഷം ആണയിടുന്നു. സോളർ കാലത്ത് ഉമ്മൻ ചാണ്ടിക്കെതിരെ വന്ന മുദ്രാവാക്യങ്ങളുടെ കാഠിന്യവും ഓർമിപ്പിക്കുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ പദവി വഹിക്കുന്ന മുതിർന്ന നേതാവിനെതിരെ പ്രതിഷേധത്തിലും പുലർത്തേണ്ട മര്യാദയും ഔചിത്യവും പ്രതിപക്ഷം പാലിച്ചില്ലെന്നു ഭരണപക്ഷവും ആരോപിക്കുന്നു.
English summary: No confidence motion Kerala