മലയാളിത്തം പുലർത്തിയ ശങ്കർ റെഡ്ഡി വിരമിക്കുന്നു
Mail This Article
തിരുവനന്തപുരം∙ ‘ഓപ്പറേഷൻ അവിയൽ’ എന്നായിരുന്നു ഒരു വർഷം ഓണദിനങ്ങൾക്കു തൊട്ടുമുൻപ് സർക്കാർ ഓഫിസുകളിലെ ഓണപ്പടി പിടിക്കാൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ പേര്. ആ പേര് ഇട്ടതു വിജിലൻസ് ഡയറക്ടർ ആയിരുന്ന എൻ.ശങ്കർ റെഡ്ഡിയായിരുന്നു. തെലങ്കാന സ്വദേശിയായ ശങ്കർ റെഡ്ഡി മലയാളത്തിൽ ഇത്രയും മനോഹരമായ പേരിടുന്നതു മലയാളികളായ പൊലീസ് ഓഫിസർമാർക്കും അത്ഭുതമായിരുന്നു.
ഇപ്പോൾ കേരള റോഡ് സേഫ്റ്റി അതോറിറ്റി ഡിജിപിയും റോഡ് സേഫ്റ്റി കമ്മിഷണറുമായ എൻ.ശങ്കർ റെഡ്ഡി 34 വർഷത്തെ സേവനത്തിനു ശേഷം ഇന്നു വിരമിക്കും. കേരളത്തിൽ നിന്നു പുറത്തേക്കു മറ്റൊരു തസ്തികയിലേക്കും കേന്ദ്ര ഡപ്യുട്ടേഷനിൽ പോയിട്ടില്ല. അന്വേഷണത്തിൽ ശാസ്ത്രീയ മാർഗങ്ങൾ മാത്രം ഉപയോഗിക്കുന്ന സത്യസന്ധനായ, സൗമ്യനായ ഓഫിസർ എന്നാണു സഹപ്രവർത്തകർ റെഡ്ഡിയെ വിലയിരുത്തുക. അദേഹം വിജിലൻസ് ഡയറക്ടർ ആയി വന്നപ്പോഴാണു ബാർ കോഴക്കേസ് പുനഃരന്വേഷണത്തിനു കോടതി തീരുമാനിക്കുന്നത്.
കെ.എം.മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്ന അന്നത്തെ വിജിലൻസ് ഡയറക്ടർ വിൻസന്റ് പോൾ നൽകിയ റിപ്പോർട്ട് കോടതിക്കു മുന്നിലുണ്ടായിരുന്നു. ആദ്യ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ ശാസ്ത്രീയമായി അവലോകനം നടത്തി പുനഃരന്വേഷിച്ചു ബാർ കോഴയിൽ തെളിവില്ലെന്ന റിപ്പോർട്ട് തന്നെ അദ്ദേഹം നൽകി. എൽഡിഎഫ് സർക്കാർ വന്നപ്പോൾ കേസ് വീണ്ടും പുനഃരന്വേഷിച്ചെങ്കിലും റെഡ്ഡി കണ്ടെത്തിയ നിഗമനങ്ങളിൽ തന്നെ എത്തിച്ചേർന്നു.
English Summary: N Shankar Reddy