ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയോടെ കേരള കോൺഗ്രസ് (എം) ആയി ഔദ്യോഗികമായി മാറിയ ജോസ് കെ.മാണി വിഭാഗത്തിന്റെ കാര്യത്തിൽ എന്തു വേണമെന്നു യുഡിഎഫ് കൂട്ടായി തീരുമാനിക്കും. തിരക്കിട്ട് ഇക്കാര്യത്തിൽ നീക്കമുണ്ടാകാൻ ഇടയില്ല.

കേന്ദ്ര കമ്മിഷൻ ജോസ് കെ.മാണിക്ക് ആധികാരികത നൽകുകയും പി.ജെ.ജോസഫിന്റെ അവകാശവാദം തള്ളുകയും ചെയ്തതോടെ ഈ രണ്ടു കൂട്ടരെയും തുടർന്ന് എങ്ങനെ സമീപിക്കണമെന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണു കോൺഗ്രസിലും ഘടക കക്ഷികളിലുമുള്ളത്. ഇരുകൂട്ടരുമായുള്ള സന്ധി സംഭാഷണങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്ന മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തുടർന്നും തയാറാണെങ്കിലും അതു യുഡിഎഫ് ചർച്ച ചെയ്തെടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മതിയെന്നാണു ലീഗിലെ ധാരണ.

ജോസ് വിഭാഗത്തിന്റെ വിലപേശൽ ശേഷി കൂടിയതോടെ അവരെ മടക്കിക്കൊണ്ടുവരിക എളുപ്പമാകില്ല. ജോസഫ് വിഭാഗം മുന്നണിയിലുണ്ടെന്നു കരുതാമെങ്കിലും കേരള കോൺഗ്രസ് (എം) ആണ് ഔദ്യോഗികമായി യുഡിഎഫിലെ ഘടകകക്ഷി. ആ പാർട്ടിയുടെ പൈതൃകം ജോസ് കെ.മാണിക്ക് അവകാശപ്പെട്ടതും ആയി.

കേന്ദ്ര കമ്മിഷൻ തീരുമാനത്തോടെ ആത്മവിശ്വാസത്തിലായ ജോസ് കെ.മാണി, തങ്ങളുടെ സാധ്യതകൾ കൂടുതൽ വലുതായെന്ന കണക്കുകൂട്ടലിലാണ്. യുഡിഎഫിന് അവരെ മടക്കിക്കൊണ്ടുവരണമെന്നുണ്ട്; എൽഡിഎഫിനു താൽപര്യമുണ്ട്; ബിജെപിക്കു പോലും നോട്ടമുണ്ട്. ചിഹ്നം, വിപ്പ് എന്നീ കാര്യങ്ങളിലും അവസാനവാക്ക് ജോസിന്റെതായതോടെ പി.ജെ.ജോസഫ് വിഭാഗത്തിലെ എംഎൽഎമാർക്കും തദ്ദേശ സ്ഥാപന പ്രതിനിധികൾക്കുമെല്ലാം മറുഭാഗത്തിന്റെ ഓരോ നടപടിയും നിർണായകമാകും. ഇതെല്ലാം കണക്കിലെടുത്തു മാത്രമേ യുഡിഎഫിനും തീരുമാനത്തിലെത്താൻ കഴിയൂ. 

ഈ പശ്ചാത്തലത്തിലാണു കേരള കോൺഗ്രസിനെ (എം) പുറത്താക്കിയിട്ടില്ലെന്നും അവരുമായുള്ള ചർച്ച അടഞ്ഞ അധ്യായമല്ലെന്നും യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കാലുപിടിച്ചു തിരികെ കൊണ്ടുവരേണ്ട കാര്യമില്ലെന്ന എതിർ വാദവും ശക്തം. പ്രവർത്തകരുടെയും അണികളുടെയും ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമം ജോസഫിന്റെ പ്രതികരണങ്ങളിലും നിഴലിക്കുന്നു. 

ഇരുകൂട്ടരും വീണ്ടും യുഡിഎഫിന്റെ ഭാഗമാകുന്നത് എളുപ്പമാകില്ലെന്ന വിലയിരുത്തലാണ് ഇടതുമുന്നണിക്ക്. അതിനുള്ള ശ്രമങ്ങൾപോലും വീണ്ടും അന്തഃച്ഛിദ്രങ്ങൾക്കു വഴിവയ്ക്കുമെന്ന് അവർ കരുതുന്നു. യുഡിഎഫിന്റെ പ്രതിച്ഛായയെ ഈ തർക്കം തുടർന്നും ബാധിക്കുന്നത് അവർക്കു താൽപര്യമുള്ള കാര്യമാണ്. അതല്ല, കേരള കോൺഗ്രസ് (എം) രാഷ്ട്രീയ തീരുമാനമെടുത്ത് എൽഡിഎഫിനൊപ്പം വരുന്നതും സ്വാഗതം ചെയ്യും. സിപിഐയുടെ എതിർപ്പുളളതിനാൽ തദ്ദേശ തിരഞ്ഞെടുപ്പു വേളയിൽ മുന്നണിക്കു പുറത്തുള്ള സഖ്യവും അതിന്റെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിൽ എൽഡിഎഫിൽ അംഗത്വവുമെന്നതാണു സിപിഎം കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്ന ആശയം.

English Summary: UDF to be careful regarding Kerala Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com