ADVERTISEMENT

അടിമാലി ∙ യുവതിയെയും കുഞ്ഞിനെയും ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച അയൽവാസി വെട്ടേറ്റു മരിച്ചു. യുവതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാങ്കുളം അൻപതാംമൈലിനു സമീപം ചിക്കണാംകുടി ആദിവാസി സങ്കേതത്തിലെ ലക്ഷ്മണൻ (54) ആണ് വെട്ടേറ്റു മരിച്ചത്. പ്രതി ഇരുമ്പുപാലം പുല്ലാട്ടുമുഴിയിൽ ഇക്ബാൽ (51) ഒളിവിലാണ്. ഇക്ബാലിന്റെ ഒപ്പം താമസിക്കുന്ന കുടി നിവാസി ലഷീദ(30)യെയും 6 മാസം പ്രായമുള്ള കുഞ്ഞിനെയും പരുക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ രാവിലെ 11നാണ് സംഭവം. ഇക്ബാൽ മദ്യപിച്ച് വീട്ടിലെത്തിയതിനെത്തുടർന്ന് ലഷീദയുമായി വാക്കുതർക്കമുണ്ടായെന്നും കുഞ്ഞിനെയും ലഷീദയെയും കൊല്ലുമെന്നു പറഞ്ഞ് വാക്കത്തി കൊണ്ട് ആക്രമിക്കാനൊരുങ്ങിയെന്നും പൊലീസ് പറഞ്ഞു. സമീപത്ത് താമസിക്കുന്ന ലക്ഷ്മണന്റെ വീട്ടിലേക്ക് ലഷീദ കുഞ്ഞുമായി ഓടി. പിറകെ എത്തിയ ഇക്ബാൽ അവിടെ വച്ച് ലഷീദയുടെ കഴുത്തിൽ വെട്ടി. നിലത്തുവീണ ലഷീദയിൽ നിന്ന് കുട്ടിയെ പിടിച്ചുവാങ്ങി. തടസ്സം പിടിക്കാനെത്തിയ ലക്ഷ്മണനെ ഇക്ബാൽ വെട്ടി വീഴ്ത്തുകയായിരുന്നു. ലക്ഷ്മണൻ മരിച്ചെന്നു കണ്ട ഇക്ബാൽ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാർ എത്തിയാണ് ലഷീദയെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ മല്ലികയുടെ മുന്നിലാണ് ലക്ഷ്മണനെ വെട്ടിക്കൊലപ്പെടുത്തിയത്.

മരിച്ച ലക്ഷ്മണനുമായി ഇക്ബാലിന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറ‍ഞ്ഞു. സുഹൃത്തുക്കളായ ലക്ഷ്മണനും ഇക്ബാലും ഒരു മാസം മുൻപ് അബ്കാരി കേസിൽ ഉൾപ്പെട്ട് ഒളിവിലായിരുന്നു. ലക്ഷ്മണൻ ആണ് പ്രതിപ്പട്ടികയിൽ തന്റെ പേര് പറഞ്ഞുകൊടുത്തതെന്നാണ് ഇക്ബാൽ വിശ്വസിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പക കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്ന് മൂന്നാർ എസ്എച്ച്ഒ സുമേഷ് സുധാകരൻ പറഞ്ഞു. 

lakshmanan
ലക്ഷ്മണൻ

മൂന്നാർ ഡിവൈഎസ്പി എം. രമേശ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഭവ സ്ഥലത്തെത്തി പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. ഇതിനിടെ ഇക്ബാൽ ഫോണിൽ പൊലീസുമായി ബന്ധപ്പെട്ടു. മുൻവൈരാഗ്യം തീർത്തതാണെന്ന് ഇക്ബാൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ. ലക്ഷ്മണന്റെ മക്കൾ: വിജയൻ, വിജിമോൾ. മരുമക്കൾ: തങ്കച്ചൻ, സുധ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com