‘കല്യാണം വാക്കുറപ്പിച്ചിരിക്കുന്ന സമയം; ഒരു കത്ത് വന്നു, ആദ്യത്തെ പ്രേമലേഖനം’
Mail This Article
കല്യാണം ഏതാണ്ട് വാക്കുറപ്പിച്ചിരിക്കുന്ന സമയം. മണവാളന്റെ കൈപ്പടയിൽ തപാലിൽ ഒരു കത്ത് വന്നു. ആദ്യത്തെ പ്രേമലേഖനം! എനിക്കാകെയൊരു വെപ്രാളവും നാണവും. തുറന്നു നോക്കിയപ്പോൾ രണ്ടേ രണ്ടു വരി: ‘‘തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. പ്രാർഥിക്കണം’’.
അന്ന്, ഉമ്മൻ ചാണ്ടിയെയോ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയോ കുറിച്ച് എനിക്കു വലിയ പിടിയൊന്നുമില്ല. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ രണ്ടാമത്തെ മത്സരമാണ്. പി.സി.ചെറിയാനാണ് എതിർ സ്ഥാനാർഥി. കടുപ്പമാണ്. നീ ശരിക്കു പ്രാർഥിച്ചോ – എന്റെ കസിനും പേടിപ്പിച്ചു. ഞാൻ ഉള്ളുരുകിയങ്ങു പ്രാർഥന തുടങ്ങി. എങ്ങാനും തോറ്റുപോയാൽ കെട്ടാൻ പോകുന്ന പെണ്ണിന്റെ ഭാഗ്യക്കേടാണെന്ന് ആരെങ്കിലും പറഞ്ഞാലോ.
അദ്ദേഹം ജയിച്ചു; നല്ല ഭൂരിപക്ഷത്തോടെ. അന്നനുഭവിച്ച സന്തോഷം! പിന്നെയങ്ങോട്ട് എത്രയെത്ര തിരഞ്ഞെടുപ്പുകൾ. പക്ഷേ അന്നത്തെ ആ സന്തോഷത്തിന്റെയത്ര വരില്ല അതൊന്നും. ആ ജയത്തോടെ മന്ത്രിയായി. അതോടെ കല്യാണം നീണ്ടുപോയി, ചെക്കന് ഒഴിവു കിട്ടേണ്ടേ? കല്യാണം മാറിപ്പോകുമോ എന്നു ചില ബന്ധുക്കളൊക്കെ അടക്കം പറയാൻ തുടങ്ങി. പക്ഷേ എനിക്കു മാത്രം ഒരു പേടിയുമില്ല. എന്റെ കിലോക്കണക്കിനു തൂക്കമുള്ള പ്രേമലേഖനങ്ങൾക്കു നാലഞ്ചു വരിയുടെ പിശുക്കിയുള്ള മറുപടിയും ആഴ്ചയിൽ രണ്ടു വട്ടമുള്ള ഫോൺ വിളികളും തന്നെ ധാരാളമായിരുന്നു ആ ആളെ അറിയാൻ. അന്നുമിന്നും എനിക്ക് ഉറപ്പാണ്, ഉമ്മൻചാണ്ടി ഒരു വാക്കു പറഞ്ഞാൽ വാക്കാണ്.
കുഞ്ഞിനെ (അങ്ങനെയാണ് അദ്ദേഹത്തെ ഞാൻ വിളിക്കുന്നത്) സംബന്ധിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും അനിഷ്ടമുള്ളതും ഒരൊറ്റ കാര്യത്തിലാണ് – ആ പാവത്തം. അത് അമ്മയിൽ നിന്നു കിട്ടിയ സ്വഭാവമാണ്. പറ്റില്ല, ചെയ്യില്ല എന്ന് അറത്തു മുറിച്ചു പറയേണ്ടിടത്ത് കുഞ്ഞ് അതു ചെയ്യില്ല. കുഞ്ഞിനെക്കൊണ്ടതിനു കഴിയില്ല. അതൊരു കുഴപ്പമാണ്. ഒരു മനുഷ്യരിലും കാണാത്തൊരു താഴ്മയും ക്ഷമയും സഹനവുമാണ്. എല്ലാം ‘പോട്ടെ, പോട്ടെ’ എന്നു വയ്ക്കും.
വീട്ടുകാര്യങ്ങൾക്ക് ഒരിക്കലും ഉപകാരപ്പെടാത്ത, കൊച്ചുവർത്തമാനം പറഞ്ഞിരിക്കാൻ 5 മിനിറ്റ് നീക്കിവയ്ക്കാനുള്ള സാവകാശമില്ലാത്ത, ഒരിക്കൽ പോലും ഷോപ്പിങ്ങിനു കൂട്ടുവരാത്ത ഒരാളുമായുള്ള 43 വർഷം പിന്നിടുന്ന ദാമ്പത്യത്തെ നിറവോടെ ഉറപ്പിച്ചു നിർത്തുന്നതിലും ആ ‘പാവത്തം’ സ്വഭാവത്തിനു വലിയ പങ്കുണ്ട്.
അധികാരം കാണിക്കില്ല, വഴക്കിടില്ല, ആക്ഷേപിക്കില്ല. ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. ഒരിഷ്ടത്തിനും എതിരല്ല. സർവസ്വാതന്ത്യം. ഭക്ഷണത്തിലുൾപ്പെടെ ഒരു നിർബന്ധവുമില്ല, പരാതിയുമില്ല. മേശപ്പുറത്തു വച്ച പഴത്തിൽ ഒരെണ്ണം ചീത്തയായാൽ അതാവും കുഞ്ഞ് എടുത്തു കഴിക്കുക.
നല്ലൊരു സാരിയുടുത്താൽ, നന്നായൊന്ന് അണിഞ്ഞൊരുങ്ങിയാൽ പ്രശംസിക്കാത്ത ഭർത്താവ് അരസികനാണെന്നു പൊതുവേ ഭാര്യമാർക്കു തോന്നാം. എനിക്കതു തോന്നാത്തത്, ഇതൊന്നും കുഞ്ഞിന്റെ ഉള്ളിൽ തട്ടുന്ന കാര്യങ്ങളല്ലെന്ന് നല്ല ബോധ്യമുള്ളതു കൊണ്ടാണ്. മനസ്സ് നിറയെ നാട്ടുകാരും അവരുടെ പ്രശ്നങ്ങളുമാണ്.
ബൈബിൾ പഴയ നിയമത്തിലെ യാക്കൂബ് അതിലാവണ്യവതിയായ റേച്ചലിനെ പ്രണയിച്ചു, മനസ്സാ വരിച്ചു. പക്ഷേ വിവാഹം കഴിക്കേണ്ടി വന്നത് അനാകർഷകയായ ലിയയെ. പുതുപ്പള്ളിയാണ് ഉമ്മൻചാണ്ടിയുടെ റേച്ചൽ. ഞാൻ ലിയ. പരസ്പര ബഹുമാനത്തോടെ, സ്നേഹത്തോടെ ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നു.
English summary: Oommen Chandy Family