ഒറ്റയാൾക്കൂട്ടം @ 50
Mail This Article
രണ്ടു കാര്യങ്ങൾ സംഭവിച്ചില്ലായിരുന്നെങ്കിൽ ഉമ്മൻചാണ്ടിയുടെ നിയമസഭാ സുവർണ ജൂബിലി എന്ന വിശേഷം ഇപ്പോൾ സാധ്യമാകില്ലായിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ ആദ്യ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത രാഷ്ട്രീയ തിരിവ്. രണ്ടാമത്തേത് 1980ൽ സിപിഎമ്മുമായി ചേർന്നുള്ള മുന്നണിയിലെ സ്ഥാനാർഥിത്വം.
കന്നി തിരഞ്ഞടുപ്പിനെപ്പറ്റി പറഞ്ഞാണ് ഉമ്മൻചാണ്ടി തുടങ്ങിയത്:
കോൺഗ്രസ് പിളർന്നു സംഘടനാ കോൺഗ്രസ് ഉണ്ടായ കാലം. ഞാൻ മത്സരിക്കാൻ തീരുമാനം ഉണ്ടായിരുന്നില്ല. പുതുപ്പള്ളി ആർഎസ്പിക്കു കൊടുത്തു. എന്നാൽ അവർ അകലക്കുന്നം വേണമെന്നു പറഞ്ഞു. ജില്ലയിൽ ഏറ്റവും പിന്നിലാണു പുതുപ്പള്ളിയിലെ വിജയസാധ്യത എന്നർഥം. അങ്ങനെ ഞാൻ അവിടേക്കു നിയോഗിപ്പെടുന്നു.
സിപിഐ നേതാവ് എം. എൻ ഗോവിന്ദൻ നായർക്കും ഞാൻ നിൽക്കുന്നതിൽ താൽപര്യമുണ്ടായിരുന്നു. അപ്പോഴേക്കും സംഘടനാ കോൺഗ്രസിന്റെയും കേരളാ കോൺഗ്രസിന്റയും സ്ഥാനാർഥിയായി പുതുപ്പള്ളി മുൻ എംഎൽഎ കൂടിയായ പി.സി.ചെറിയാൻ പ്രചാരണം തുടങ്ങിയിരുന്നു. ത്രികോണ മത്സരത്തിൽ സിപിഎമ്മിന്റെ ഇ.എം.ജോർജ് ജയിക്കുമെന്ന വികാരം ഒരു പാട് പേർ പങ്കിട്ടതോടെ ചെറിയാൻ ധർമ സങ്കടത്തിലായി.
പിൻമാറാൻ തീരുമാനിച്ച അദ്ദേഹത്തെ ആ യോഗത്തിൽനിന്നു പുറത്തു പോകാൻ വിടാതെ റോഡ് ബ്ലോക്കു ചെയ്തു. പുറത്തു കടന്നു മദ്രാസിലെത്തിയ അദ്ദേഹം അവിടെ വച്ചാണു പിന്മാറുകയാണെന്ന പ്രസ്താവന പുറത്തു വിട്ടത്. ജയിച്ച ശേഷം ആദ്യം ചെയ്തത് അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങുകയായിരുന്നു.
1980 ൽ ഇടതുപക്ഷവുമായി ചേർന്നുള്ള മുന്നണി രൂപീകരിക്കുന്നതിൽ താങ്കൾക്കു മാനസികമായി യോജിപ്പുണ്ടായിരുന്നോ?
ഇല്ല. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സമീപനം ഒത്തുപോകുമെന്നു തോന്നിയിരുന്നില്ല. എന്നാൽ സിപിഐയുമായുള്ള മുന്നണിയിൽ ആ പ്രശ്നം വന്നിരുന്നുമില്ല. ഞാൻ തർക്കിച്ചില്ല. ആന്റണിയുടെ തീരുമാനം അംഗീകരിച്ചു. എന്നാൽ പുതുപ്പള്ളിയിൽ മത്സരിക്കേണ്ടെന്നു മനസ്സുകൊണ്ടു തീരുമാനമെടുത്തു. ആന്റണി സമ്മതിച്ചില്ല. ഉറപ്പിച്ചു പറയാനായി എറണാകുളത്തു പോയി. മറ്റു ചില കാരണങ്ങളുടെ പേരിൽ ആന്റണി ആകെ അപ്സെറ്റായിരിക്കുന്നു. വേറെ എന്തൊക്കെയോ പറഞ്ഞുതിരിച്ചു പോന്നു. മന്ത്രിസഭാ രൂപീകരണ ഘട്ടത്തിൽ തന്നെ ‘ഇത് അധികകാലം പോകില്ല’ എന്ന് ആന്റണിയോടു ഞാൻ പറഞ്ഞു.
കൊള്ളാവുന്ന വകുപ്പുകൾ നൽകാൻ ആദ്യം സിപിഎം തയാറായില്ല. അഴിമതി സാധ്യതയുള്ള വകുപ്പുകളാണിതെന്നും നന്നാക്കിയെടുക്കണമെന്നുമുള്ള ന്യായം പറഞ്ഞു ചിലതു നീട്ടിയപ്പോൾ വകുപ്പേ വേണ്ടെന്നു പറഞ്ഞ് ഇറങ്ങിപ്പോന്നു. പിന്നെയാണു വ്യവസായവും മറ്റും ലഭിക്കുന്നത്. ഖാദി ബോർഡ് കോൺഗ്രസിനു വേണമെന്നു പറഞ്ഞപ്പോൾ പാർട്ടി സെക്രട്ടറിയായ വി.എസ്.അച്യുതാനന്ദനോടു സംസാരിക്കണമെന്നു പറഞ്ഞ് എന്നെയും കൂട്ടിചെന്നു. ‘ഇവർക്കു തിന്നു മുടിച്ചതു മതിയായില്ലേ, ഇനിയും വേണോ?’എന്നായിരുന്നു വിഎസിന്റെ ചോദ്യം. (ഉമ്മൻചാണ്ടി സാക്ഷാൽ വിഎസിന്റെ സംസാരരീതിയിലാണ് ചോദ്യം ഓർത്തെടുത്തത്!) അപ്പോഴേ കളഞ്ഞിട്ടിറങ്ങിപ്പോന്നു. പിന്നെ ഖാദി തന്നു.
മുഖ്യമന്ത്രി, മന്ത്രി എന്നീ നിലകളിൽ നിയമനിർമാണത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെങ്കിലും അംഗമെന്ന നിലയിൽ നിയമനിർമാണ ചർച്ചകളിൽ പങ്കെടുക്കാറേയില്ലല്ലോ?
ശരിയാണ്. മറ്റവസരങ്ങളിൽ അങ്ങനെ സജീവമാകാൻ കഴിഞ്ഞിട്ടില്ല. ഒരിക്കൽ ചർച്ചയിൽ പങ്കെടുക്കാൻ ഞാൻ നിർബന്ധിതനായി. പൊതു ചർച്ച നീട്ടണമെന്നു ചീഫ് വിപ്പ് എനിക്കു സ്ലിപ് തന്നു. ഭരണകക്ഷിയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്ന നിലയിൽ ചില വാദപ്രതിവാദങ്ങൾ ഞാൻ സംഘടിപ്പിച്ചു. അതിൽ പ്രതിപക്ഷം വീണു. സഭയിൽ ഓരോരുത്തർക്കും ഓരോ റോൾ ഉണ്ടല്ലോ. നിയമനിർമാണത്തിൽ ശ്രദ്ധചെലുത്തുന്ന എംഎൽഎമാരുണ്ട്. മറ്റു രാഷ്ട്രീയപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ളവരും.
പത്രസമ്മേളനങ്ങളിലും പ്രസംഗങ്ങളിലും കാണുന്ന ഉമ്മൻ ചാണ്ടിയെക്കാൾ നിയമസഭയിലെ ഉമ്മൻ ചാണ്ടിയാണ് മാസ്റ്റർ. ആ ഉമ്മൻ ചാണ്ടി ഇപ്പോൾ സഭയിൽ സജീവവുമല്ല.
സഭയിൽ എപ്പോഴും മറ്റേയാളുടെ വാദമുഖം നോക്കും. നമ്മുടെ വാക്കുകൾ മറ്റുള്ളവരെ വേദനിപ്പക്കരുതെന്നു ചിന്തിക്കും. അപ്പോൾ സാധാരണ നടക്കുന്ന സംവാദങ്ങളിൽനിന്നു വ്യത്യസ്തമായ സമീപനമാണു വരിക. ഏറ്റുമുട്ടി ബഹളമുണ്ടാക്കുന്ന രീതിയിലേക്കു പോകാറില്ല. പറയുന്നതെന്തും വസ്തുത ആകണമെന്നു നിർബന്ധമുണ്ട്. തൊണ്ടയിലെ പ്രശ്നം മൂലം തുടർച്ചയും ശക്തവുമായി സംസാരിക്കുന്നതിന് അടുത്തയിടെ പരിമിതിയുണ്ടായി. മിടുക്കരായ ധാരാളം സാമാജികർ ഞങ്ങൾക്കുണ്ട്.
കോൺഗ്രസിൽ എ ഗ്രൂപ്പിന്റെ ക്യാപ്റ്റൻ ആയിട്ടാണു താങ്കളെ കണ്ടിട്ടുള്ളത്. ഗ്രൂപ്പ് ദൗർബല്യമാണെന്ന വിമർശനത്തെക്കുറിച്ച്?
പാർട്ടി ആദ്യം, ഗ്രൂപ്പ് രണ്ടാമത്. പാർട്ടി താൽപര്യങ്ങളെ സംരക്ഷിക്കുന്ന ഒരു സൗഹൃദക്കൂട്ടായ്മ എന്ന നിലയിലാണെങ്കിൽ ദോഷം വരുമെന്നു തോന്നുന്നില്ല. പരിധി വിട്ടു പോകാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. പത്രങ്ങളിലും മറ്റും കാണുന്നപോലെ വ്യക്തിവൈരാഗ്യമൊന്നും ഇതിൽ ഇല്ല.
അടിയന്തരാവസ്ഥക്കാലത്തു കെപിസിസിയിലേക്കു നിയമസഭാകക്ഷിയിൽനിന്നുള്ള വിഹിതം തയാറാക്കിയ എനിക്കു സ്വയം ഒഴിവാകേണ്ടി വന്നു. കരുണാകരൻ ഉടനെ കോൺഗ്രസിന്റെ ഭരണഘടന എടുത്തുകൊണ്ടു വന്നു. ശതമാനം വച്ചു നോക്കുമ്പോൾ ദശാംശം വന്നാൽ അടുത്ത പൂർണസംഖ്യയായി എടുക്കണമെന്നു പറഞ്ഞ് എന്നെ കൂടി ചേർത്തു.17 കൊല്ലം ആ പട്ടികയിൽ നിന്നതു കരുണാകരൻ കണ്ടെത്തിയ ദശാംശത്തിന്റെ ബലത്തിലാണ്.
എന്നാൽ ചാരക്കേസിൽ ഉരുത്തിരിഞ്ഞ സാഹചര്യത്തെ അതേ കരുണാകരനെതിരെ താങ്കളും എ ഗ്രൂപ്പും ഉപയോഗപ്പെടുത്തിയില്ലേ?
അന്നത്തെ പ്രശ്നങ്ങൾക്കു ചാരക്കേസുമായി ഒരു ബന്ധവുമില്ല. സംഘടനാ തിരഞ്ഞെടുപ്പിൽ തുടങ്ങിയ അകൽച്ചയാണ് യഥാർഥ കാരണം. കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ആന്റണി കെപിസിസി പ്രസിഡന്റാകുന്നുവെന്നാണ് കരുതിയത്. ഒട്ടും പ്രതീക്ഷിക്കാതെ ആന്റണിയെ തോൽപ്പിച്ചു. രാജ്യസഭാ തർക്കം കൂടി മൂത്തതിനു പിന്നാലെയാണു ചാരക്കേസ് വരുന്നത്. കേസ് കുറച്ചുകൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്നാണു ഞാൻ പറഞ്ഞ ഒരേയൊരു കാര്യം.
എനിക്കു ചാരക്കേസിന്റെ മുഴുവൻ സാഹചര്യങ്ങളും അറിയാം. പത്രങ്ങളിൽ വരുന്നത് ഒന്നും ശരിയല്ലെന്നും അറിയാം. അന്നു രണ്ടു രാജ്യസഭാ സീറ്റും കോൺഗ്രസിന് എന്ന ധാരണ ലീഗുമായി ഉണ്ടാക്കിയിരുന്നു. അതിനിടയിൽ യുപിയിലെ എഐസിസിക്കായി ഡൽഹിയിലെത്തിയപ്പോൾ സമ്മേളനം മാറ്റി. കേരള ഹൗസിൽ എം. ഐ.ഷാനവാസ് ആരോ കൊടുത്തുവിട്ട മാങ്ങ എല്ലാവർക്കും വിളമ്പി.
നല്ല മാങ്ങയായതിനാൽ വീണ്ടും ചെത്തുന്നു, കഴിക്കുന്നു. സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ഗ്രൂപ്പ് ചർച്ചയാണു നടക്കുന്നതെന്ന് അടുത്ത മുറിയിലുണ്ടായിരുന്ന കരുണാകരനോട് ആരോ പറഞ്ഞു ചൂടാക്കി. ഈ തെറ്റിദ്ധാരണയുടെ പുറത്താണ് അദ്ദേഹം സമദാനിയെ വിളിച്ചു ലീഗിന്റെ സ്ഥാനാർഥിയാക്കിയത്. അങ്ങനെയാണു രാജ്യസഭാ ചിത്രം മാറുന്നതും ഞങ്ങൾ കടുത്ത നിലപാട് എടുത്തതും.
സ്വകാര്യമായി ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നവർക്ക് തിരക്ക് പ്രയാസമുണ്ടാകില്ലേ? തിരക്കിട്ട തീരുമാനങ്ങളെടുക്കുന്നതുകൊണ്ട് അപകടം ഉണ്ടായിട്ടുണ്ടോ?
സമയമെടുത്തു വരുന്നവർക്ക് ആ സമയം കൃത്യമായി കൊടുക്കും. മുൻകൂട്ടി ചോദിച്ചില്ല എന്നതിന്റെ പേരിൽ മറ്റുള്ളവരെ പറഞ്ഞയയ്ക്കാറില്ല. ഒരു ഉദ്യോഗസ്ഥനും വഞ്ചിക്കില്ല എന്നാണു കരുതുന്നത്. ഒരു കാര്യം ഞാൻ എഴുതി എന്നതിന്റെ പേരിൽ അതു ഫൈനലായിട്ടു കാണരുതെന്നു നിർദേശിച്ചിട്ടുള്ളതിനാൽ ഉദ്യോഗസ്ഥർ ഒരു മടിയും കൂടാതെ തിരിച്ചെഴുതാറുണ്ട്.
അപ്പോൾ മുന്നിലെത്തുന്ന നൂറു കാര്യത്തിൽ തൊണ്ണൂറും ചെയ്യാനാകും. ഞാൻ ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത മന്ത്രിയോ മുഖ്യമന്ത്രിയോ ആണെന്നുവന്നാൽ കുഴപ്പത്തിൽ ചാടിയിരിക്കും. അതു നിശ്ചയം. ആ സമീപനം സ്വീകരിച്ചതുകൊണ്ട് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഇടപാടുകൾ പരിശോധിച്ച മന്ത്രി എ.കെ.ബാലൻ സമിതിക്ക് 700 ഫയൽ നോക്കിയിട്ട് ഒരെണ്ണത്തിൽ വിജിലൻസ് കേസെടുക്കാൻ കഴിഞ്ഞോ?
കൂടെ നിൽക്കുന്നവർക്ക് അമിത സ്വാതന്ത്ര്യം കൊടുക്കുന്നുവെന്നും ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനമുണ്ടല്ലോ?
സോളർ കേസിനെക്കുറിച്ചാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവർ ഫോണിൽ വിളിച്ചുവെന്നതാണ് കണ്ടെത്തിയത്. അതും ഇന്നത്തെപ്പോലെ അമ്പതും നൂറും വിളികളല്ല. മൂന്നോ നാലോ തവണ. എന്റെ ഓഫിസ് ആരും ദുരുപയോഗം ചെയ്തിട്ടില്ല.
പുതുപ്പള്ളിയും കോട്ടയവുമായുള്ള ആത്മബന്ധം മിത്തു പോലെയാണ്. പക്ഷേ കോട്ടയത്തുനിന്നു മറ്റൊരു നേതാവിനെ ഉയർത്തിക്കൊണ്ടുവരാതിരിക്കാൻ നോക്കിയെന്ന് ആക്ഷേപിക്കുന്നവരുണ്ട്.
കോട്ടയത്തുനിന്ന് എത്രയോ പേർ ഉയരങ്ങളിലെത്തി?എം.എം.ജേക്കബ്, പാലാ കെ.എം മാത്യു, റോസമ്മ ചാക്കോ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ... കേരള കോൺഗ്രസിനു സീറ്റു കൊടുക്കണമെങ്കിൽ കോട്ടയത്തേ കഴിയൂ . എന്നിട്ടും കോട്ടയത്തെ കോൺഗ്രസ് നേതാക്കൾക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി, ഞാനല്ല, പാർട്ടി മറ്റു സ്ഥലങ്ങളിൽ അവർക്ക് അവസരം നൽകി.
താങ്കൾക്ക് ഒരു ഡൽഹി ഫോബിയ ഉണ്ടോ? തിരിച്ചു കേരളത്തിലേക്കു വരാനുള്ള ടിക്കറ്റ് ബുക് ചെയ്തിട്ടാണ് ഡൽഹിക്കു പോകുന്നതെന്നാണു പറയുന്നത്?
എന്റെ മനസ്സു മുഴുവൻ പുതുപ്പള്ളിയും കേരളവുമാണ്. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടപ്പോൾ ‘ഏൽപ്പിച്ച ചുമതല ചെയ്യും, ഡൽഹിയിൽ ആവശ്യത്തിനു മാത്രമേ വരൂ’ എന്നാണു രാഹുൽജിയോടു പറഞ്ഞത്.
കേരളത്തിലെ ആർക്കും ഒരു ആരോഗ്യപ്രശ്നം വന്നാൽ ഓടിയെത്തി സഹായം ചോദിക്കാവുന്നയാളാണ് താങ്കൾ. പക്ഷേ, സ്വന്തം ആരോഗ്യപ്രശ്നത്തിന്റെ കാര്യത്തിൽ അലംഭാവം കാട്ടിയോ?
(ചിരി) തൊണ്ടയ്ക്കുള്ള ഒരു പ്രശ്നം 2015 അരുവിക്കര ഉപതിരഞ്ഞെടുപ്പു കാലത്തു വന്നതാണ്. കുറച്ചു കഴിഞ്ഞപ്പോൾ മാറി. കഴിഞ്ഞ കൊല്ലം വീണ്ടും വന്നു. ഇപ്പോൾ ചികിത്സ വേണമെന്നു നിർദേശമുണ്ട്. അതു ചെയ്യും. ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല.
അമ്പത്തിയൊന്നാം വർഷവും പുതുപ്പള്ളിയുടെ എംഎൽഎ ആയിരിക്കില്ലേ?
അർഹിക്കുന്നതിൽ കൂടുതൽ അവസരങ്ങൾ എനിക്കു കിട്ടി. പാർട്ടി അംഗീകാരവും ജനങ്ങൾ സ്നേഹവും തന്നു. ഞാൻ തികച്ചും സംതൃപ്തനാണ്. ഇനിയുള്ള കാര്യങ്ങളെക്കുറിച്ചു പ്രത്യേകമായ അഭിപ്രായമില്ല. പാർട്ടി തീരുമാനിക്കട്ടെ.
യുഡിഎഫ് വന്നാൽ ആരു മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിനു കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നു പറയുമ്പോൾ താങ്കളും മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന ധ്വനി കൂടി ആ മറുപടിക്കുള്ളിലുണ്ടോ?
അതു പൂർണമായും ശരിയല്ല. എനിക്ക് എല്ലാ അംഗീകാരവും കിട്ടിയിട്ടുണ്ട്. പാർട്ടി എന്തു പറയുന്നോ അതുപോലെ അനുസരിക്കും.
English summary: Oommen Chandy legislative career