ADVERTISEMENT

തിരുവനന്തപുരം ∙ 2004 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് സ്ഥാനമൊഴിയാൻ താൻ ഫലം വന്നപ്പോൾ തന്നെ തീരുമാനിച്ചതാണെന്നും അതിന് ആരുടേയും സമ്മർദമുണ്ടായിരുന്നില്ലെന്നും മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി. 

   ഹൈക്കമാൻഡ് അനുമതി  വൈകിയതു കൊണ്ടു മാത്രമാണ് ഒന്നര മാസം താമസിച്ചത്. തന്റെ പിൻഗാമിയായി ഉമ്മൻ ചാണ്ടിയുടെ പേര് ഹൈക്കമാൻഡിനോട് നിർദേശിച്ചതും താൻ തന്നെയാണെന്നും ആന്റണി വ്യക്തമാക്കി. ഇക്കാര്യം തന്റെ ഏറ്റവും വിശ്വസ്തനായ ഉമ്മൻ ചാണ്ടിക്കോ തന്റെ വീട്ടുകാർക്കോ അറിയില്ലായിരുന്നു.   നിയമസഭാ സാമാജികനെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന  ഉമ്മൻചാണ്ടിയെ അനുമോദിക്കാൻ കെപിസിസി ആസ്ഥാനത്ത് നടന്ന ജൂബിലി ആഘോഷം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. 

   ‘‘ തിരഞ്ഞെടുപ്പ് ഫലം  വന്ന ഉടൻ, മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു കൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഫാക്‌സും അയച്ചിരുന്നു.    ആരാണ് അടുത്തതെന്ന് എന്നോട് സോണിയ ചോദിച്ചു.  ഉമ്മൻചാണ്ടി തന്നെ എന്നാണ് താൻ പറഞ്ഞത്. ഒന്നര മാസം കഴിഞ്ഞ് രാജിവയ്ക്കാൻ സമ്മതം കിട്ടി.  അതുവരെ രാജിക്കാര്യം രഹസ്യമാക്കി വച്ചു ജോലി ചെയ്തു.  2002–ൽ സർക്കാർ ജീവനക്കാരുടെ നിർത്തലാക്കിയ ആനുകുല്യങ്ങൾ പുനഃസ്ഥാപിക്കുന്നതുൾപ്പെടെ ചില കാര്യങ്ങൾ ചെയ്യാനുമുണ്ടായിരുന്നു. 

   2004 ഓഗസ്റ്റ് 28 നു സോണിയാ ഗാന്ധി എസ്എൻഡിപി പരിപാടിക്കു  കൊല്ലത്തു വന്നു. സോണിയ മടങ്ങിയപ്പോൾ, വിമാനത്താവളത്തിൽ വച്ച് ഞാൻ രാജി പ്രഖ്യാപിച്ചു. അതു വരെ ആരും അറിഞ്ഞില്ല.  രാജി വച്ച് പിറ്റേ ദിവസം പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്ന അന്ന് രാവിലെ ഉമ്മൻ ചാണ്ടി കോട്ടയത്തുനിന്ന് തിരിച്ചുവരുമ്പോൾ ഞാൻ ഫോണിൽ വിളിച്ച് അടുത്ത മുഖ്യമന്ത്രിയായിരിക്കുമെന്നു പറഞ്ഞു. മുതിർന്ന നേതാക്കളോടും എംഎൽഎമാരോടും  പറഞ്ഞു. 

പാർലമെന്ററി പാർട്ടിയിൽ ഞാൻ ഉമ്മൻ ചാണ്ടിയെ നിർദേശിച്ചു.  തുടർന്നാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായത്.  ഏതു പ്രതിസന്ധിയിലും വിശ്വസിക്കാവുന്ന അത്താണിയാണു ഉമ്മൻചാണ്ടി.’’– ആന്റണി പറഞ്ഞു.    ‘‘ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ നിർത്തിയതിനാണു 2002–ൽ 33 ദിവസം നീണ്ട എൻജിഒ സമരം ഉണ്ടായത്. അന്നു സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

തനിക്ക് ഡൽഹിക്കു പോകാനുള്ള വിമാന ടിക്കറ്റു പോലും ട്രാവൽ ഏജൻസിക്ക് കുടിശിക വന്നതിനാൽ നിരസിച്ചു. പിന്നീട് ധനമന്ത്രി കെ. ശങ്കരനാരായണന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായി ധനസ്ഥിതി മെച്ചപ്പെടുകയും സർക്കാർ ജീവനക്കാർക്കു നൽകിയ വാക്കു പാലിച്ച് അവരുടെ ആനുകൂല്യങ്ങൾ പൂർണമായി പുന:സ്ഥാപിക്കുകയും ചെയ്തു.നായനാർ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ഡിഎ കുടിശിക പോലും നൽകി. എന്നിട്ടായിരുന്നു രാജി ’’– ആന്റണി പറഞ്ഞു.

English summary: A.K.Antony reveals on resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com