കൊച്ചി കണ്ടു മടങ്ങി, സീപ്ലെയിൻ
Mail This Article
കൊച്ചി ∙ ഗുജറാത്തിൽ സർവീസ് നടത്താനുള്ള സീപ്ലെയിൻ കൊച്ചി കണ്ടു മടങ്ങി. മാലദ്വീപിൽനിന്നു ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാനാണു കൊച്ചിക്കായലിൽ ഇറങ്ങിയത്. ഉച്ചയ്ക്കു പന്ത്രണ്ടേമുക്കാലോടെ തേവരയ്ക്കും വില്ലിങ്ഡൻ ദ്വീപിനുമിടയ്ക്കുള്ള വെണ്ടുരുത്തി ചാനലിൽ കപ്പൽശാലയ്ക്കു സമീപത്ത് ഇറങ്ങിയ വിമാനം 3നു യാത്ര പുനരാരംഭിച്ചു.
വില്ലിങ്ഡൻ ദ്വീപിലെ നേവൽ ജെട്ടിക്കു സമീപം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സംവിധാനത്തിൽനിന്നാണ് ഇന്ധനം നിറച്ചത്. വൈകിട്ടു ഗോവയിലെത്തി. അവിടെ മാണ്ഡോവി നദിയിൽ വിശ്രമത്തിനുശേഷം ഇന്നുച്ചയ്ക്കു ഗുജറാത്തിലെ നർമദ ജില്ലയിലെ കെവാദിയയിലേക്കു പറക്കും. വിമാനത്തിനു ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.കെ. ചാവ്‌ലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. 1953 ഫെബ്രുവരി 4നു കൊച്ചിയിൽ സീലാൻഡ് വിമാനം ഇറങ്ങിയതു സേനാധികൃതർ അനുസ്മരിച്ചു. സ്പൈസ്ജെറ്റ്, സിയാൽ അധികൃതരും സ്ഥലത്തുണ്ടായിരുന്നു. കൊച്ചി– ലക്ഷദ്വീപ് യാത്രയ്ക്കു സീപ്ലെയിൻ സാധ്യതകൾ ഏറെയാണ്.
∙ 19 സീറ്റുള്ള ട്വിൻ ഓട്ടർ 300 വിമാനം. 14 സീറ്റ് യാത്രക്കാർക്ക്.
∙കെവാദിയ– അഹമ്മദാബാദ് റൂട്ടിൽ ദിവസം 8 സർവീസുകൾ.
∙നടത്തിപ്പു ചുമതല സ്പൈസ് ജെറ്റിന്.
∙ടിക്കറ്റ് നിരക്ക് 4,800 രൂപ.
∙സബർമതി നദിയിൽനിന്നു കെവാദിയയിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കു യാത്ര ഒരു മണിക്കൂർ. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണു സർദാർ പട്ടേലിന്റേത്.
∙ഉദ്ഘാടനം സർദാർ പട്ടേലിന്റെ ജന്മവാർഷികമായ 31ന്.