ADVERTISEMENT

തിരുവനന്തപുരം∙ മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്കാരം (5 ലക്ഷം രൂപ) സംവിധായകൻ ഹരിഹരന്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണിത്.അര നൂറ്റാണ്ടിലേറെ കാലം മലയാള സിനിമയുടെ കലാപരവും ഭാവുകത്വപരവുമായ പരിവർത്തനങ്ങൾക്ക് ഒപ്പം സഞ്ചരിച്ചാണു ഹരിഹരൻ മികച്ച ചിത്രങ്ങൾ സമ്മാനിച്ചത്. ലേഡീസ് ഹോസ്റ്റൽ, കോളജ് ഗേൾ, അയലത്തെ സുന്ദരി, രാജഹംസം, ഭൂമിദേവി പുഷ്പിണിയായി, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, സർഗം, പരിണയം, ഒരു വടക്കൻ വീരഗാഥ, കേരളവർമ പഴശ്ശിരാജ തുടങ്ങി അൻപതിലേറെ ചിത്രങ്ങളാണു സംവിധാനം ചെയ്തത്.

4 ദേശീയ ചലച്ചിത്ര അവാർഡുകളും 6 സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയ ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ. സർഗം, കേരളവർമ പഴശ്ശിരാജ എന്നീ സിനിമകൾ സംവിധായകനുള്ള സംസ്ഥാന അവാർഡ് ഹരിഹരനു സമ്മാനിച്ചു. ഈ സിനിമകളും ‘പരിണയ’വും ഒട്ടേറെ ദേശീയ, സംസ്ഥാന അവാർഡുകൾക്കും അർഹമായി. ഹരിഹരൻ കോഴിക്കോട് പള്ളിപ്പുറം സ്വദേശിയാണ്.

വിജയത്തിന് ഒരേ ഒരു കാരണം; ഗുരുത്വം: ഹരിഹരൻ

ചെന്നൈ∙‘ഗുരുക്കന്മാർക്കും സിനിമയിലേക്കു വഴി കാട്ടിയവർക്കും താങ്ങായി കൂടെ നിന്നവർക്കും നന്ദി. അവരുടെ അനുഗ്രഹവും ഈശ്വരാധീനവുമാണ് എന്റെ എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം’- ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ സംവിധായകൻ ഹരിഹരൻ പറയുന്നു. കലാകാരന്റെ ഏറ്റവും വലിയ ഭാഗ്യം നല്ല ഗുരുനാഥന്മാരെ ലഭിക്കുകയെന്നതാണ്. ആ കാര്യത്തിൽ ഞാൻ സമ്പന്നനാണ്. 1965 ഒക്ടോബർ 10നു ചെന്നൈ ഫിലിം സെന്റർ സ്റ്റുഡിയോയിൽ അപ്രന്റീസായാണു സിനിമാ പ്രവർത്തനം തുടങ്ങിയത്. പി.ബി.ഉണ്ണി സംവിധാനം ചെയ്ത ‘രാഗിണി’യായിരുന്നു ചിത്രം. അന്നു മുതൽ ഇന്നുവരെ സിനിമയിൽ സജീവമായി നിൽക്കുന്നതിനും വിജയങ്ങൾക്കും ഒറ്റ കാരണമേയൂള്ളൂ- ഗുരുത്വം.

സത്യൻ, പ്രേം നസീർ, ഡോ.ബാലകൃഷ്ണൻ എന്നിവർ നൽകിയ പിന്തുണ കൂടിയാണ് ഇവിടെവരെയെത്തിച്ചത്. പ്രമുഖ സംവിധായകർക്കെല്ലാം എന്നെ പരിചയപ്പെടുത്തിയതു മലയാളത്തിന്റെ അനശ്വര നടൻ സത്യനായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com