ജാർഖണ്ഡ് സ്വദേശിയുടെ മരണം കൊലപാതകം; 2 പേർ അറസ്റ്റിൽ
Mail This Article
ചെറുതോണി ∙ ഗുരുതരമായി പരുക്കേറ്റ് അവശനായി തടിയമ്പാട്ടു നിന്ന് കണ്ടെത്തിയ ജാർഖണ്ഡ് സ്വദേശി സുനിറാം (28) ആശുപത്രിയിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശികളായ സോനാലാൽ ടുഡു(19), ദോത്തു മറാൻണ്ടി(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കട്ടപ്പനയിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനായി ജാർഖണ്ഡിൽ നിന്ന് സ്ത്രീകളും പുരുഷന്മാരുമടക്കം 48 പേരെ കഴിഞ്ഞ 5 നു ടൂറിസ്റ്റ് ബസിൽ കൊണ്ടുവരുമ്പോഴായിരുന്നു സംഭവം. ജാർഖണ്ഡിൽ നിന്ന് യാത്ര ആരംഭിച്ചതു മുതൽ സുനിറാം ബസിൽ മറ്റു യാത്രക്കാരുമായി നിരന്തരം വഴക്കിട്ടു. ശല്യം സഹിക്കാനാവാതെ വന്നതോടെ മറ്റുള്ളവർ സുനിറാമിനെ വാഹനത്തിൽ കെട്ടിയിട്ടു. പിന്നീട് സുനിറാമിന്റെ അപേക്ഷപ്രകാരം കെട്ടഴിച്ചു വിടുകയായിരുന്നു. തുടർന്നും സുനിറാം വഴക്കിട്ടതോടെ ബസ് തടിയമ്പാട്ട് എത്തിയപ്പോൾ പ്രതികളായ രണ്ടുപേരും ചേർന്ന് സുനിറാമിനെ പൊക്കിയെടുത്ത് റോഡിലേക്ക് എറിയുകയായിരുന്നു. പുലർച്ചെ ആയതിനാൽ വാഹനത്തിലുള്ളവർ വിവരം അറിഞ്ഞില്ല.
കട്ടപ്പനയിൽ ബസ് എത്തി ഏജന്റ് തൊഴിലാളികളെ എണ്ണിയപ്പോൾ ആണ് ഒരാളുടെ കുറവ് കണ്ടെത്തിയത്. തുടർന്ന് കട്ടപ്പന പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തടിയമ്പാട്ടു നിന്ന് സുനിറാമിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന സുനിറാമിനെ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് മരിച്ചു.
മരണത്തിൽ സംശയമുയർന്നതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമിയുടെ നിർദേശാനുസരണം ഇടുക്കി എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എസ്ഐമാരായ അജയകുമാർ, ജേക്കബ് മാണി, എഎസ്ഐ ജോർജ്കുട്ടി, റഷീദ്, സിപിഒമാരായ ജോഷ്വാ, ബിനോയി, റെജി, ജിനു, അനുമോൾ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു..
Content Highlights: Migrant worker murder Idukki