‘മരണത്തിനു മുമ്പ് ആശ പറഞ്ഞു: എന്നെ ഇടിച്ചിട്ടത് ആടല്ല, ഭർത്താവ് വയറ്റിൽ ചവിട്ടി’
Mail This Article
ഓയൂർ (കൊല്ലം) ∙ ആശുപത്രിയിൽ, മരണത്തോടു മല്ലിട്ട അവസാന മണിക്കൂറുകളിൽ ആശ മാതാപിതാക്കളോടു പറഞ്ഞു; ‘എന്നെ ഇടിച്ചിട്ടത് ആടല്ല’. ഭർത്താവിന്റെ ചവിട്ടേറ്റ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിട്ടും അതല്ലാതെ മറ്റൊന്നും അവൾ പറഞ്ഞുമില്ല.
കൊടുംക്രൂരത നിശ്ശബ്ദം സഹിച്ച്, ആശ യാത്രയായി. ഹൃദയം പൊട്ടുന്ന വേദനയ്ക്കിടയിലും മകളുടെ അവസാന വാക്കുകൾ അച്ഛനമ്മമാരെ വേട്ടയാടി. ആട് ഇടിച്ചതിനെത്തുടർന്നു വീണു പരുക്കേറ്റെന്ന ഭർത്താവിന്റെ മൊഴി അവർ വിശ്വസിക്കാതിരുന്നത് അതുകൊണ്ട്. ഒടുവിൽ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നു; ഭർത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുൺ (36) അറസ്റ്റിലായി.
കരിക്കം അഭിലാഷ് ഭവനിൽ ജോർജ് – ശോഭ ദമ്പതികളുടെ മകൾ ആശ (29) കഴിഞ്ഞ നാലിനാണു മീയണ്ണൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വീടിനു സമീപത്തെ പാറമുകളിൽ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആശയെ ഇടിച്ചിട്ടെന്നാണു ഭർത്താവ് ബന്ധുക്കളെ അറിയിച്ചിരുന്നത്.
പൊലീസ് പറയുന്നത്: മദ്യപിച്ചെത്തിയ അരുൺ ഒക്ടോബർ 31ന് ആശയുമായി വഴക്കിട്ടു. അരുൺ വയറ്റിൽ ചവിട്ടിയതോടെ ആശ അബോധാവസ്ഥയിലായി. ഈ മാസം രണ്ടിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. സ്ഥിതി വഷളായതോടെ മീയ്യണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ആശ മരിച്ചത്. ആട് ഇടിച്ചിട്ടെന്ന കഥ അരുൺ ആശുപത്രിയിലും ആവർത്തിച്ചിരുന്നു.
എന്നാൽ രണ്ടു മക്കളെയും അരുണിന്റെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം വ്യക്തമായി. തുടർന്നാണു പോസ്റ്റ്മോർട്ടം നടത്തിയത്. പാറയുടെ മുകളിൽ നിന്നു വീണാൽ ശരീരം മുഴുവൻ മുറിവുകളുണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പോസ്റ്റ്മോർട്ടത്തിൽ ആശയുടെ ശരീരത്തിൽ 7 മുറിവുകളാണു കണ്ടെത്തിയത്. ഇവയിൽ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. റൂറൽ എസ്പി: ഇളങ്കോയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി എം.എ.നസീർ അടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്.