കൽപറ്റ ബാലകൃഷ്ണൻ അന്തരിച്ചു
Mail This Article
തൃശൂർ ∙ അധ്യാപകനും എഴുത്തുകാരനുമായ ഡോ. കൽപറ്റ ബാലകൃഷ്ണൻ (75) അന്തരിച്ചു. ഇന്നു 12 മുതൽ ഒന്നു വരെ സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനു ശേഷം 1.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിക്കും.
ദേശീയാംഗീകാരം നേടിയ 'മലമുകളിലെ ദൈവം', 'ശക്തൻ തമ്പുരാൻ' എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. കെ. കരുണാകരന്റെ നിയമസഭാ പ്രസംഗങ്ങൾ എഡിറ്റ് ചെയ്തത് കൽപറ്റയാണ്.
1945 ജൂലൈ നാലിന് കൈതള ഉണ്ണി നീലകണ്ഠന്റെയും കെ. കാർത്യായനിയുടെയും മകനായി കോട്ടയത്തു ജനനം. പിന്നീട് കൽപറ്റയിലേക്കു കുടിയേറി. കൽപറ്റ എസ്കെഎംജെ ഹൈസ്കൂൾ, കോതമംഗലം മാർ അത്തനേഷ്യസ് കോളജ്, തൃശൂർ കേരളവർമ കോളജ്, ശ്രീശങ്കരാചാര്യ സംസ്കൃതം സർവകലാശാലയുടെ തൃശൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
1999ൽ കേരളവർമയിൽ നിന്നു മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു. കേരള കലാമണ്ഡലം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ബോർഡംഗം എന്നീ പദവികൾ വഹിച്ചു.
അയ്യന്തോൾ മൈത്രി പാർക്കിലെ കൽപറ്റ വില്ലയിലായിരുന്നു താമസം. ഡോ.കെ.സരസ്വതിയാണ് ഭാര്യ. മക്കൾ: ജയ്സൂര്യ (ഹൈദരാബാദ്), കശ്യപ് (യുഎസ്), അപർണ (അബുദാബി). മരുമക്കൾ: ജ്യോതി (ഹൈദരാബാദ്), മഞ്ജുള (യുഎസ്), മണികണ്ഠൻ (അബുദാബി).
English Summary: Kalpetta Balakrishnan passed away