ശിവഗിരി തീർഥാടനം ഓൺലൈൻ സമ്മേളനത്തിന് തുടക്കമായി
Mail This Article
വർക്കല∙ ശിവഗിരി ആഗോള തീർഥാടന സമ്മേളനത്തിന് ഇതാദ്യമായി വെർച്വൽ തുടക്കം. കോവിഡ് പശ്ചാത്തലത്തിലാണ് 88–ാം ശിവഗിരി ആഗോള തീർഥാടന സമ്മേളനം ഓൺലൈനിൽ സംഘടിപ്പിക്കുന്നത്. ഗുരുദേവന്റെ അഷ്ടലക്ഷ്യങ്ങൾ ആധാരമാക്കി ജനുവരി ഒന്നു വരെയാണ് സമ്മേളനങ്ങൾ നടക്കുക. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഭദ്രദീപം തെളിച്ചു.
ജീവിതത്തിലെ വിവിധ തലങ്ങൾ മറികടക്കാനുള്ള ഏറ്റവും ലളിതമായ വഴി ഭക്തിയാണെന്നു ‘ഈശ്വരഭക്തി’ എന്ന വിഷയത്തിൽ സംസാരിച്ച ഇഷാ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞു.
ആന്തരികമായ ആത്മീയാനുഭവത്തെ അടിസ്ഥാനമാക്കി സാമൂഹിക പുനരുജ്ജീവനത്തിനു ഗുരുദേവൻ കാരണമായെന്നു സത്സംഗ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ എം പറഞ്ഞു. വിവിധയിടങ്ങളിൽ ക്ഷേത്ര പ്രതിഷ്ഠ നടത്തിയ ഗുരുദേവൻ വൈവിധ്യമാർന്ന നിലയിൽ മതചിന്തകളെ കാണുവാനും ഉൾക്കൊള്ളുവാനും പഠിപ്പിച്ചെന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു.
ബാലരാമപുരം ഇമാം പാച്ചല്ലൂർ അബ്ദുസലീം മൗലവി, കേരള സർവകലാശാല ഇന്റർനാഷനൽ സെന്റർ ഫോർ ശ്രീനാരായണ സ്റ്റഡീസ് ഡയറക്ടർ ഡോ. എം.എ. സിദ്ദിഖ്, മംഗളൂരു ശ്രീനാരായണ ഗുരു സ്റ്റഡി സെന്റർ ഡയറക്ടർ മുദ്ദു മുദുബലെ, ഡോ.കെ.സുനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവരും പങ്കെടുത്തു. ശിവഗിരി ഓൺലൈൻ ടിവി വഴിയാണ് സമ്മേളനങ്ങൾ സംപ്രേഷണം ചെയ്യുന്നത്.