ADVERTISEMENT

കൊച്ചിയിലൂടെ യാത്ര ചെയ്തിട്ടുള്ളവരെല്ലാം വൈറ്റിലയിലെയും കുണ്ടന്നൂരിലെയും ഗതാഗതക്കുരുക്കിനെ ശപിച്ചിട്ടുണ്ടാകാം. ആംബുലൻസുകൾ, വിമാനത്താവള യാത്രക്കാർ, അഭിമുഖങ്ങൾക്കും പരീക്ഷകൾ‍ക്കും എത്തിയവർ തുടങ്ങി കൊച്ചിയിലെ കുരുക്കിന്റെ തിക്താനുഭവം ഇല്ലാത്തവർ ചുരുക്കമായിരിക്കും. മുന്നിലെ വാഹനം നീങ്ങുന്നതും നോക്കി കാത്തുകിടന്ന കാലത്തിൽനിന്നുള്ള മോചനമാണു പുതിയ 2 മേൽപാലങ്ങൾ കൊച്ചിക്കു സമ്മാനിക്കുക. 

ദേശീയപാതയിൽ കൊല്ലം ബൈപാസിനു പിന്നാലെ ആലപ്പുഴ ബൈപാസും കൊച്ചി നഗരത്തിലെ പുതിയ മേൽപാലങ്ങളും വരുന്നതോടെ സംസ്ഥാനത്ത് തെക്ക് – വടക്ക് യാത്രയുടെ പ്രധാന കുരുക്കുകൾ കൂടിയാണ് അഴിയുക. വൈറ്റിലയിൽ 10 മുതൽ 45 മിനിറ്റ് വരെയാണു വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ടിരുന്നത്. അത് ഇടറോഡുകളിലേക്കും വ്യാപിക്കുന്നതോടെ ഗതാഗതം സാധാരണ നിലയിലാകാൻ ചിലപ്പോൾ ഒരു മണിക്കൂറോളം വേണ്ടി വരുമായിരുന്നു. ഇന്ധന നഷ്ടവും വാഹനങ്ങളുടെ തേയ്മാനവും പരിസ്ഥിതി മലിനീകരണവും വേറെ. 

ദേശീയപാതയിലെ വാഹനങ്ങളെക്കാൾ ഏറെ വലഞ്ഞിരുന്നതു തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് എസ്എ റോഡിലൂടെ നഗരത്തിലേക്കെത്തുന്ന വാഹനങ്ങളായിരുന്നു. പുതിയ പാലങ്ങളോടൊപ്പം ഈ ഭാഗത്തെ റോഡുകൾക്കു വീതി കൂടിയതും ആശ്വാസം പകരും. 

കൊച്ചി – ധനുഷ്കോടി, പൻവേൽ – കന്യാകുമാരി, കുണ്ടന്നൂർ – വെല്ലിങ്‌ടൻ ഐലൻഡ് എന്നീ ദേശീയപാതകളുടെ സംഗമസ്ഥാനമായ കുണ്ടന്നൂരിലും ആശ്വാസത്തിന്റെ വഴി തുറക്കും പുതിയ മേൽപാലം.

പാലാരിവട്ടം മേയിൽ

പുതുവർഷത്തിൽ പേരുദോഷം മായ്ക്കാനൊരുങ്ങുകയാണു പാലാരിവട്ടം പാലം. നിർമാണത്തിലെ പിഴവുകൾ മൂലം അടച്ചിട്ട പാലം ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ നേതൃത്വത്തിലാണു പുനർനിർമിക്കുന്നത്. പണികൾ 50 % പിന്നിട്ടു. സർക്കാർ ജൂൺ വരെ സമയം നൽകിയിട്ടുണ്ടെങ്കിലും മേയിൽ പൂർത്തിയാക്കുകയാണു ലക്ഷ്യം. 

ഇൻപുട്സ്: റോബിൻ ടി.വർഗീസ്

English Summary: CM Pinarayi Vijayan to inaugurate Kundannoor, Vyttila flyovers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com