ADVERTISEMENT

തിരുവനന്തപുരം ∙ 23 വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല (ഇഎസ്‌സെഡ്) ആയി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് കേരളം നൽകിയ ശുപാർശകൾ പരിഗണിക്കാതെയും ഭേദഗതിക്കു തയാറാ‍കാതെയും കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം. ഇതു കേരളത്തിന്റെ ആശങ്ക ഇരട്ടി‍പ്പിക്കുകയാണ്. 

അന്തിമ വിജ്ഞാപനം പുറത്തിറക്കുമ്പോൾ കേരളത്തിന്റെ ശുപാർശകൾ കേന്ദ്രം പൂർണമായും ത‍ള്ളുമോയെന്നു ഭീതി ഉയർന്നു.

കേരളത്തിലെ ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി, വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും പൂജ്യം മുതൽ ഒരു കിലോമീറ്റർ എന്ന തരത്തിലാണു ജനവാസമേഖലകളെ ഒഴിവാക്കി കേരളം ശുപാർശ സമർപ്പിച്ചത്. 

വയനാട് വന്യജീവി സങ്കേതത്തിന്റെ ചുറ്റും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി മൂന്നു മാസം മുൻപ് കേരളം ശുപാർശ നൽകിയിരുന്നു. എന്നാൽ, കരടു വിജ്ഞാപനം പുറപ്പെ‍ടുവിച്ചപ്പോൾ കേന്ദ്രം ആവശ്യം പരിഗണി‍ക്കാത്തത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

വയനാട് വന്യജീവി സങ്കേത‍ത്തിനുള്ളിലും ചുറ്റുമായി 118.59 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതിലോല മേഖ‍ലയാക്കുന്നതിനുള്ള കരട് വിജ്‍ഞാപനം കേന്ദ്രം കഴിഞ്ഞ മാസം 28ന് പുറത്തിറക്കി. ജീവ‍നോപാധികൾക്കുൾ‍പ്പെടെ നിരോധനവും നിയന്ത്രണങ്ങളും നിർദേശിക്കുന്ന കരടു വിജ്ഞാപനം വയനാട്ടിലെ കർഷക സമൂഹത്തിനിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. വയനാട് വന്യജീവി സങ്കേതത്തിന്റെ അതിർത്തിക്കു ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയുടെ വിസ്തീർണത്തിൽനിന്ന് 30 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണമെന്നായിരുന്നു ശുപാർശ.

കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം കേരളത്തിലെ 15 വന്യജീവി സങ്കേതങ്ങളെ സംബന്ധിച്ചു മാത്രമാണ് കരടു വിജ്ഞാപനം പുറത്തിറക്കിയത്. 

അതേസമയം, ആശങ്ക വേണ്ടെന്നും കരടു വിജ്ഞാപനം പുറത്തിറക്കാൻ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നു കാലതാമസമുണ്ടായെന്നും അതാണ് ഇപ്പോൾ പുറപ്പെ‍ടുവിച്ചതെന്നും വനം വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. അന്തിമ വിജ്ഞാപനം പുറത്തിറങ്ങുമ്പോൾ കേരളത്തിന്റെ ശുപാർശകൾ കേന്ദ്രം പരിഗണിക്കുമെന്നാ‍ണു കരുതുന്നതെന്നും അറിയിച്ചു.

തിങ്കളാഴ്ച വയനാട്ടിൽ‌ യു‍ഡിഎഫ് ഹർത്താൽ

കൽപറ്റ ∙ വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരടു വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് 8നു വയനാട്ടിൽ ഹർത്താൽ ആചരിക്കുമെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ പി.പി.എ. കരീം, കൺവീനർ എൻ.‍ഡി. അപ്പച്ചൻ എന്നിവർ അറിയിച്ചു.  രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ.

Content Highlights: Buffer zone notification Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com