‘അമ്മ’യ്ക്ക് നക്ഷത്രമന്ദിരം; 10 കോടി ചെലവിൽ ആസ്ഥാന മന്ദിരം
Mail This Article
കൊച്ചി ∙ മലയാളത്തിന്റെ താരക്കൂട്ടായ്മയായ ‘അമ്മ’ കൊച്ചി നഗരഹൃദയത്തിൽ പുതിയ ആസ്ഥാന മന്ദിരത്തിനായി ചെലവിട്ടതു 10 കോടിയിലേറെ രൂപ. സംഘടനാ രൂപീകരണത്തിന്റെ 25–ാം വർഷത്തിലാണു സ്വന്തം ആസ്ഥാന മന്ദിരമെന്ന മോഹം പൂവണിയുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണു നക്ഷത്ര മന്ദിരം ഒരുക്കിയത്. ‘അമ്മ’യുടെ യോഗങ്ങൾക്കും ഒത്തുചേരലുകൾക്കും പുറമേ, വലിയ ഹാൾ സാംസ്കാരിക പരിപാടികൾക്കു ലഭ്യമാക്കാനും ആലോചിക്കുന്നു. മന്ദിരം ഉദ്ഘാടനം നാളെ 10ന് മമ്മൂട്ടിയും മോഹൻലാലും ചേർന്നു നിർവഹിക്കും.
സ്മാർട് ഓഫിസ്
പുതുകാലത്തിന്റെ സാങ്കേതികവിദ്യകളാണു പ്രധാന സവിശേഷത. ‘സ്മാർട് ബിൽഡിങ് എന്നു പറയാം. ഇന്നലെ രാത്രി വൈകി ഓഫിസിലെ ചില ലൈറ്റുകൾ ഞാനാണ് ഓഫ് ചെയ്തത്; ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടിലിരുന്ന്. ഫോൺ ഉപയോഗിച്ച് ഓഫിസിലെ എസിയും ലൈറ്റുകളുമൊക്കെ പ്രവർത്തിപ്പിക്കാം. ഓഫിസിലെ ദൃശ്യങ്ങളും ഫോണിൽ ലഭിക്കും. സുരക്ഷാ സംവിധാനങ്ങളും ആധുനികമാണ്’ – ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. കലൂർ ദേശാഭിമാനി റോഡിൽ 5 നില മന്ദിരം വിലയ്ക്കു വാങ്ങി നവീകരിക്കുകയാണു ചെയ്ത്.
കഥ കേൾക്കാൻ നിശ്ശബ്ദ മുറികൾ
അംഗങ്ങൾക്കു എഴുത്തുകാരെയോ സംവിധായകരെയോ കാണാൻ പ്രത്യേക ചേംബറുകളുണ്ട്. പതിവു രീതിയിൽ കോഫി ഷോപ്പിലോ, താരങ്ങളുടെ വീടുകളിലോ പോകേണ്ടതില്ല. ശല്യമില്ലാതെ കഥ കേൾക്കാൻ 5 സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളാണു സജ്ജീകരിച്ചിട്ടുള്ളത്. പ്രസിഡന്റിനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും വേണ്ടി ഒരു നില മാറ്റിവച്ചിട്ടുണ്ട്.
പ്രത്യേക കാബിനുകളും ഹാളുകളും ലോഞ്ചുമെല്ലാം ഇതിന്റെ ഭാഗം. ചലച്ചിത്ര പ്രദർശനത്തിനു സൗകര്യമുള്ള വലിയ ഹാളിൽ എൽഇഡി വോൾ പോലുള്ള സംവിധാനങ്ങളുമുണ്ട്. നാടക, കലാ ശിൽപശാലകൾ പോലുള്ള സാംസ്കാരിക പരിപാടികൾക്കും സൗകര്യമൊരുക്കും. കഫെറ്റീരിയയുമുണ്ട്.
English Summary: New headoffice for AMMA