ബിജെഎസ് യുഡിഎഫിൽ; നാളെ പ്രഖ്യാപിച്ചേക്കും
Mail This Article
ആലപ്പുഴ ∙ ബിജെപിയുമായുള്ള സഖ്യം തുടരുന്നതിലെ എതിർപ്പുകാരണം ബിഡിജെഎസ് വിട്ടവർ ചേർന്നു രൂപീകരിച്ച ഭാരതീയ ജനസേന (ബിജെഎസ്) നാളെ യുഡിഎഫിന്റെ പരിപാടിയിൽ ആദ്യമായി പങ്കുചേരും.
നാളെ ചാവക്കാട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ ഭാഗമാകുമെന്നു വർക്കിങ് പ്രസിഡന്റ് വി.ഗോപകുമാർ പറഞ്ഞു. അവിടെ നടക്കുന്ന യോഗത്തിൽ ബിജെഎസിനെ യുഡിഎഫിൽ ഉൾപ്പെടുത്തി പ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ബിജെഎസ് പാർട്ടി റജിസ്റ്റർ ചെയ്യുന്നതിനു തിരഞ്ഞെടുപ്പു കമ്മിഷന് അപേക്ഷ നൽകിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കോ ഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിച്ചു.
അതേസമയം, നേരത്തെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയേയും വെല്ലുവിളിച്ചു ബിഡിജെഎസ് വിട്ടവരെയും അവരെ അനുകൂലിക്കുന്നവരെയും ബിജെഎസിൽ ചേർക്കില്ലെന്നും ഗോപകുമാർ പറഞ്ഞു. പാർട്ടിക്ക് എസ്എൻഡിപി യോഗവുമായോ ബിഡിജെഎസുമായോ അവയുടെ നേതാക്കളുമായോ വിരോധമില്ല. ബിജെപിയോടു മാത്രമാണ് എതിർപ്പ്.
Content Highlights: BJS joins UDF