ജോലി വാഗ്ദാനം നടപ്പായില്ല തലമുണ്ഡനം ചെയ്ത് കായിക താരങ്ങളുടെ പ്രതിഷേധം
Mail This Article
തിരുവനന്തപുരം ∙ ജോലി വാഗ്ദാനം ചെയ്തു സർക്കാർ ഉത്തരവിറങ്ങിയിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഒരു മാസത്തിലേറെയായി സെക്രട്ടേറിയറ്റിനു മുന്നിൽ സമര രംഗത്തുള്ള കായിക താരങ്ങൾ ഇന്നലെ തല മുണ്ഡനം ചെയ്താണു പ്രതിഷേധിച്ചത്.
താൽക്കാലികക്കാരെ തസ്തികകൾ സൃഷ്ടിച്ച് സ്ഥിരപ്പെടുത്തുമ്പോൾ തങ്ങളുടെ ജോലി സംബന്ധിച്ച് ധനവകുപ്പ് അംഗീകരിച്ച ഫയൽ രണ്ടാഴ്ചയായി മുഖ്യമന്ത്രിയുടെ ഓഫിസിൽ പിടിച്ചു വച്ചിരിക്കുകയാണെന്ന് ഇവർ പറയുന്നു. ഒട്ടേറെ തീരുമാനങ്ങളുണ്ടായ കഴിഞ്ഞ മന്ത്രിസഭ യോഗങ്ങളിൽ ഇതു പരിഗണിക്കുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ആ പ്രതീക്ഷ തകർന്നതോടെയാണ് മെഡലുകൾ റോഡിൽ നിരത്തി പരസ്പരം തല മുണ്ഡനം ചെയ്ത് ഇവർ പ്രതിഷേധിച്ചത്.
കേരളം വേദിയായ 2015ലെ ദേശീയ ഗെയിംസിൽ കേരളത്തിനു വേണ്ടി വെള്ളി, വെങ്കല മെഡൽ നേടിയവരാണു സമരം ചെയ്യുന്നത്. സ്വർണം നേടിയവർക്ക് സർക്കാർ വകുപ്പുകളിലും വെള്ളി, വെങ്കല മെഡലുകൾ നേടിയവർക്ക് പൊതുമേഖല സ്ഥാപനങ്ങളിലും ജോലി നൽകുമെന്നാണു പ്രഖ്യാപിച്ചത്.
പൊതുമേഖല സ്ഥാപനങ്ങളിൽ ഒഴിവില്ലെന്നും അതിനാൽ സൂപ്പർ ന്യൂമറി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകുമെന്നും വ്യക്തമാക്കി ഈ സർക്കാർ ഉത്തരവിറക്കിയിട്ട് 16 മാസമായി. രണ്ടാഴ്ച മുൻപ് ജിവി രാജ പുരസ്കാര വിതരണ ചടങ്ങിൽ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞത് സൂപ്പർ ന്യൂമറി തസ്തികൾ സൃഷ്ടിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വരുന്ന ഒഴിവുകളിലേക്കും തസ്തികളിലേക്കും ഇവരെ നിയമിക്കുമെന്നാണ്.
സ്പോർട്സ് കൗൺസിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താനായാണു തങ്ങളെ അവഗണിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. കൂലിപ്പണിയുൾപ്പെടെ ചെയ്താണ് അഭിമാന വിജയം നേടിയ താരങ്ങളുടെ ജീവിതം.