ADVERTISEMENT

രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കിയെത്തുന്ന‌ പി.വി.അബ്ദുൽ വഹാബിനു മഞ്ചേരി സീറ്റ് നൽകാനും കെ. എം. ഷാജിയെ കാസർകോട്ടേക്കു മാറ്റാനും ഒരു സീറ്റിൽ വനിതയെ മത്സരിപ്പിക്കാനുമുള്ള നീക്കങ്ങളുമായി മുസ്‌‍ലിം ലീഗിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടുപിടിക്കുന്നു.

എം.സി. കമറുദ്ദീനും വി.കെ. ഇബ്രാഹിംകുഞ്ഞും അടക്കം 6 സിറ്റിങ് എംഎൽഎമാർക്കു സീറ്റ് നഷ്ടപ്പെട്ടേക്കുമെന്നാണു വിവരം. 3 തവണ മത്സരിച്ചവർക്കു സീറ്റ് നൽകേണ്ടെന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ നയം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരണമെന്നാണു നേതൃത്വത്തിന്റെ നിലപാട്. പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ തുടങ്ങി മുതിർന്ന നേതാക്കൾക്ക് ഇളവുണ്ടാകും.

കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റുകൾക്കു പുറമേ, 3 മുതൽ 5 സീറ്റുകൾ വരെ ഇത്തവണ അധികം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണു മുസ്‍ലിം ലീഗ്. കഴിഞ്ഞ തവണ കോൺഗ്രസുമായി വച്ചുമാറിയ കോഴിക്കോട്ടെ ബാലുശ്ശേരിക്കു പകരം കുന്നമംഗലം ഏറ്റെടുക്കും. ഇതിനു പുറമേ ബേപ്പൂർ, കൂത്തുപറമ്പ്, പട്ടാമ്പി സീറ്റുകളും ഇത്തവണ ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ സ്ഥാനാർഥിക്കു മലപ്പുറം ജില്ലയ്ക്കു പുറത്തുള്ള സീറ്റ് നൽകാനാണ് ആലോചന. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് എന്നിവരാണു സാധ്യതാ പട്ടികയിൽ.

ലോക്സഭാ എംപി സ്ഥാനം രാജിവച്ചെത്തുന്ന ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തു മത്സരിക്കും. കുഞ്ഞാലിക്കുട്ടിയുടെ പഴയ തട്ടകമായ വേങ്ങരയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. എ. മജീദിനാണു സാധ്യത. വേങ്ങരയിൽ നിന്നു കഴിഞ്ഞതവണ വിജയിച്ച കെ.എൻ.എ. ഖാദറിനെ ഗുരുവായൂരിലും യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തെ കുന്നമംഗലത്തും പരിഗണിക്കുന്നുണ്ട്. പി.കെ. ഫിറോസിന് മലപ്പുറം ജില്ലയിലാണ് സീറ്റ്. ഇബ്രാഹിംകുഞ്ഞ് കളമശ്ശേരിയിൽ മത്സരിച്ചാൽ വിജയിച്ചേക്കാമെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം മറ്റു മണ്ഡലങ്ങളിൽ യുഡിഎഫിനു തിരിച്ചടിയായേക്കുമെന്നുമാണു വിലയിരുത്തൽ.

മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീനിനെ തിരൂരിൽ മത്സരിപ്പിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ, ഷംസുദ്ദീൻ മണ്ണാർക്കാട്ട് തുടരണമെന്നു പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദമുണ്ട്. കോഴിക്കോട്ടെ തിരുവമ്പാടി മണ്ഡലത്തിൽ സി.കെ. കാസിം, സി.പി. ചെറിയമുഹമ്മദ്, വി.കെ. ഹുസൈൻ‍കുട്ടി എന്നിവരുടെ പേരുകളാണു പരിഗണനയിൽ. കെ.എം. ഷാജി മത്സരിച്ചിരുന്ന അഴീക്കോട് സീറ്റിൽ ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, ഇ. അഹമ്മദിന്റെ മകൻ റെയ്സ് അഹമ്മദ് എന്നിവരിലൊരാൾ സ്ഥാനാർഥിയായേക്കും. മലപ്പുറത്തെ തിരൂർ, താനൂർ സീറ്റുകളിലൊന്നു പ്രവാസി ലീഗിനു നൽകാനാണ് ആലോചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com