കേരളത്തിന് പൊള്ളുന്നു; കോട്ടയത്തും ആലപ്പുഴയിലും ജാഗ്രതാ നിർദേശം
Mail This Article
തിരുവനന്തപുരം ∙ കോട്ടയം, ആലപ്പുഴ, ജില്ലകളിൽ ചൂട് ശരാശരിയിലും 2-3 ഡിഗ്രി കൂടാൻ സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കോട്ടയത്ത് ഇന്നലെ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴയിൽ 36.4 ഡിഗ്രിയുമായിരുന്നു ചൂട്. ശരാശരിയിലും 3 ഡിഗ്രി കൂടുതലാണിത്. പാലക്കാട് മുണ്ടൂരിലാകട്ടെ ചൂട് 40 ഡിഗ്രിയായി.
കേരളം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാൽ താപനിലയെക്കാൾ ചൂട് അനുഭവപ്പെടാനും സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനും ഇടയുണ്ട്. പകൽ 11 മുതൽ 3 വരെ നേരിട്ടു വെയിലേൽക്കരുതെന്നും നിർജലീകരണം തടയാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.
പാലക്കാട് മുണ്ടൂരിലുള്ള ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിലെ (ഐആർടിസി) താപമാപിനിയിലാണ് 40 ഡിഗ്രി രേഖപ്പെടുത്തിയത്. മലമ്പുഴ അണക്കെട്ടിലെ താപമാപിനിയിൽ 36.2 ഡിഗ്രിയായിരുന്നു ചൂട്.