ADVERTISEMENT

പാലക്കാട് ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും സിറ്റിങ് എംഎൽഎയുമായ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന സൂചനയുമായി ഡിസിസി മുൻ അധ്യക്ഷനും മുൻ എംഎൽഎയുമായ എ.വി. ഗോപിനാഥ് രംഗത്ത്. മുഖ്യമന്ത്രിയുമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു.

ഗേ‍ാപിനാഥ് സിപിഎം സ്വതന്ത്രനാകുമെന്ന വാർത്ത ശരിവയ്ക്കുന്ന രീതിയിലാണ് സിപിഎം നേതാക്കൾ പ്രതികരിച്ചത്. അതേസമയം, കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ, ഗേ‍ാപിനാഥുമായി സംസാരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാമെന്നും കുറച്ചുകൂടി കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണു വിവരം. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഗോപിനാഥുമായി സംസാരിച്ചിട്ടുണ്ട്.

സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നു പിന്നീടു ഗോപിനാഥ് പറഞ്ഞെങ്കിലും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന രീതിയിലായിരുന്നു എ.വിജയരാഘവന്റെയും മന്ത്രി എ.കെ. ബാലന്റെയും ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ശശി എംഎ‍ൽഎയുടെയും പ്രതികരണം. ചർച്ച നടന്നുവെന്നു സൂചിപ്പിച്ച ബാലൻ, എ.വി.ഗേ‍ാപിനാഥ് കേ‍ാൺഗ്രസ് വിട്ടുവന്നാൽ ഒറ്റപ്പെടില്ലെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. 

നേതൃത്വം ഇഷ്ടപ്പെടാത്തവരെ ഗ്രൂപ്പ് തിരിഞ്ഞു വേട്ടയാടുകയും ഒതുക്കുകയുമാണെന്നു ഗേ‍ാപിനാഥ് ആരേ‍ാപിച്ചു. താൻ ഉറച്ച കേ‍ാൺഗ്രസുകാരനാണ്. സംഘടന ഇല്ലാതാകുന്നതു കണ്ടുനിൽക്കാനാകില്ല. വേണ്ട സമയത്ത് പാർട്ടി അംഗീകാരവും സ്ഥാനങ്ങളും തന്നിട്ടുണ്ട്. സീറ്റും ഭാരവാഹിത്വവും ആവശ്യപ്പെട്ടിട്ടില്ല. പ്രവർത്തനരീതിയും സമീപനവും മാറ്റാൻ നേതൃത്വം ഒരുക്കമല്ലെങ്കിൽ സ്വന്തം നയവുമായി മുന്നേ‍ാട്ടു പേകേണ്ടി വരും. തിരഞ്ഞെടുപ്പിൽ സജീവമായിരിക്കുമെന്നും ഏതു മുന്നണിയിലായിരിക്കുമെന്ന് ഇപ്പേ‍ാൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗേ‍ാപിനാഥ് നിലപാടു വ്യക്തമാക്കിയ ശേഷം പ്രതികരിക്കാമെന്ന് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനും ഷാഫി പറമ്പിലും പറഞ്ഞു.

Content Highlights: AV Gopinath against Shafi Parambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com