60% നവാഗതർക്ക് സാധ്യതയെന്ന് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി; 10 നകം പട്ടിക തയാറാകും
Mail This Article
തിരുവനന്തപുരം ∙ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ 60% വരെ പുതുമുഖങ്ങൾക്കു സാധ്യതയുണ്ടെന്ന് സ്ക്രീനിങ് കമ്മിറ്റി. പട്ടിക നാളെ ഡൽഹിയിൽ സ്ക്രീനിങ് കമ്മിറ്റി യോഗത്തിനു ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്കു കൈമാറും. ഒമ്പതിനോ പത്തിനോ പൂർണമാകുമെന്ന് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ എച്ച്.കെ. പാട്ടീൽ അറിയിച്ചു.
നേതാക്കളും സ്ഥാനാർഥിത്വം ആഗ്രഹിക്കുന്നവരും അടക്കം ഇരുനൂറോളം പേരുമായി കമ്മിറ്റി ചർച്ച നടത്തി. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഇതു പ്രതിഫലിക്കുന്ന പട്ടികയാകും കോൺഗ്രസിന്റേത്. ആകെ 92 സീറ്റിലെങ്കിലും മത്സരിക്കും. ഇതിൽ 60% പുതുമുഖങ്ങളാകാം. യുവാക്കൾക്കും സ്ത്രീകൾക്കും നല്ല പരിഗണന ഉണ്ടാകും.
2 തവണ തുടർച്ചയായി തോറ്റവരെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെയും പരിഗണിക്കില്ല. അവർക്കു മറ്റ് അവസരങ്ങൾ നൽകും. സിറ്റിങ് എംഎൽഎമാരിൽ ഭൂരിപക്ഷവും വീണ്ടും മത്സരിക്കും. എല്ലാ എംഎൽഎമാരും ഉണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനം ആയില്ല. എംപിമാർ മത്സരിക്കേണ്ടെന്നാണ് പൊതു കാഴ്ചപ്പാട്. എഐസിസി തയാറാക്കിയ സർവേയിലെ വിവരങ്ങളും സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കും.
എല്ലാ മണ്ഡലത്തിലും പാനൽ റെഡി
കോൺഗ്രസ് മത്സരിക്കുന്ന മുഴുവൻ മണ്ഡലങ്ങളിലും സ്ക്രീനിങ് കമ്മിറ്റി പാനൽ തയാറാക്കിയിട്ടുണ്ട്. സിറ്റിങ് എംഎൽഎമാരുടെ മണ്ഡലങ്ങളിൽ വേറെ പേരില്ല. മറ്റു മണ്ഡലങ്ങളിൽ 2 മുതൽ 5 വരെ പേരുകൾ പാനലിലുണ്ട്. എംഎൽഎമാരിൽ പല തവണ മത്സരിച്ച മുതിർന്ന നേതാവ് കെ.സി.ജോസഫിന്റെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.
ഓരോ മണ്ഡലത്തിലും പരിഗണിക്കാവുന്ന സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കുക എന്ന ജോലിയാണ് സ്ക്രീനിങ് കമ്മിറ്റി പ്രധാനമായും 2 ദിവസം ചെയ്തത്. പുതുമുഖ നിര തയാറാകുന്നു എന്ന സൂചന പട്ടികയും നൽകുന്നുണ്ട്.
ആരോപണവിധേയരും കളങ്കിതരും ആയവരെ ഒഴിവാക്കണമെന്നാണ് അഭിപ്രായം. 4 തവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന അഭിപ്രായവും സ്ക്രീനിങ് കമ്മിറ്റി പരിഗണിച്ചിരുന്നു. എന്നാൽ പ്രമുഖരായ ചില നേതാക്കൾ ഈ ഗണത്തിൽ വരും എന്നതിനാൽ വേണ്ടെന്നുവച്ചു. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഇന്നും ഉമ്മൻ ചാണ്ടി നാളെയും ഡൽഹിക്കു തിരിക്കും.
മുഖ്യമന്ത്രി സ്ഥാനാർഥി മുൻകൂറില്ല
ന്യൂഡൽഹി ∙ കേരളമടക്കം ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് മുൻകൂട്ടി പ്രഖ്യാപിക്കില്ല. തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടിക ഈ മാസം 11ന് അകം പ്രഖ്യാപിക്കണമെന്നും സംസ്ഥാന നേതൃത്വങ്ങൾക്കു കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകി.ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണു പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകുക.
അനാരോഗ്യം മൂലം വിശ്രമിക്കുന്ന സോണിയ സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിൽ സജീവമായി പങ്കെടുത്തേക്കില്ല. ചർച്ചകൾക്കു രാഹുൽ ഗാന്ധി നേതൃത്വം നൽകും. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ.സി. വേണുഗോപാലും പങ്കെടുക്കും.
‘ആരും ഡൽഹിക്ക് വരേണ്ട’
സ്ഥാനാർഥിത്വം ആഗ്രഹിച്ച് ആരും ഡൽഹിക്കു വരേണ്ടെന്ന് എച്ച്.കെ.പാട്ടീൽ പറഞ്ഞു. മണ്ഡലത്തിൽ തുടർന്ന് തയാറെടുപ്പുകളിൽ മുഴുകുകയുമാണു ചെയ്യേണ്ടത്. ഒരു മണ്ഡലത്തിൽ ശരാശരി 5 അപേക്ഷകർ ഉണ്ട്. ചിലയിടത്ത് 20 വരെയുണ്ട്.
ഐഎൻടിയുസി ആവശ്യം 5 സീറ്റ്
തിരുവനന്തപുരം ∙ ഐഎൻടിയുസിക്ക് 5 സീറ്റ് ലഭിച്ചേ തീരൂവെന്ന് എഐസിസിയോടും കെപിസിസിയോടും സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തഴഞ്ഞ ഘട്ടത്തിൽ അടുത്ത തവണ പരിഗണിക്കാമെന്ന ഉറപ്പാണ് നൽകിയതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ (കൊട്ടാരക്കര), തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ (നേമം അല്ലെങ്കിൽ വാമനപുരം), കോട്ടയം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് (ഏറ്റുമാനൂർ അല്ലെങ്കിൽ പൂഞ്ഞാർ), സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് (വൈപ്പിൻ), കാസർകോട് ജില്ലാ പ്രസിഡന്റ് പി.ജി. ദേവ് (കാഞ്ഞങ്ങാട്) എന്നിവരുടെ പട്ടികയാണ് കൈമാറിയത്.
Content Highlights: Kerala assembly election: Congress screening committee