ADVERTISEMENT

ന്യൂഡൽഹി ∙ 3 ദിവസത്തെ ചർച്ചയ്ക്കു ശേഷവും ഭൂരിഭാഗം മണ്ഡലത്തിലേക്കും ഒന്നിലധികം പേരുകളുമായി കോൺഗ്രസ് പട്ടിക നീളവെ, സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് പാർട്ടി എംപിമാർ.

തങ്ങളോട് ആലോചിക്കാതെ ഗ്രൂപ്പ് നേതാക്കൾ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിശ്ചയിച്ചാൽ, വിജയിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തവും അവർ തന്നെ ഏൽക്കണമെന്ന് എംപിമാരായ കെ. സുധാകരൻ, എം.കെ. രാഘവൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ തുറന്നടിച്ചു. സ്ഥാനാർഥികളായി പരിഗണിക്കേണ്ടവരുടെ പട്ടിക വാങ്ങിയ ശേഷം, സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കുന്നതു പ്രഹസനമാണെന്നും ഇവർ വ്യക്തമാക്കി. 

ആരെയെങ്കിലും സ്ഥാനാർഥിയാക്കിയിട്ട് പരാജയപ്പെട്ടാൽ ഉത്തരവാദിത്തം എംപിമാരുടെ തലയിൽ കെട്ടിവയ്ക്കരുതെന്നു രാഘവൻ പറഞ്ഞു. എഐസിസി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലും അദ്ദേഹം നിലപാട് ആവർത്തിച്ചു. വിമർശനം ഹൈക്കമാൻഡിനെ അറിയിക്കാമെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ കേരള ഹൗസിൽ എംപിമാർക്കായി ഇന്നലെ ഒരുക്കിയ പ്രഭാത ഭക്ഷണ വേളയാണ് രൂക്ഷമായ വാക്കേറ്റത്തിനു വേദിയായത്. വിട്ടുനിന്ന കെ. മുരളീധരൻ വൈകിട്ട് സംസ്ഥാന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ തന്റെ എതിർപ്പ് അറിയിച്ചു.

സ്ഥാനാർഥി പട്ടിക രൂപീകരണം സംബന്ധിച്ച് തർക്കം മുറുകിയതോടെ ഹൈക്കമാൻഡ് രംഗത്തുവന്നു. ചേരിതിരിഞ്ഞുള്ള പോരാട്ടം അനുവദിക്കില്ലെന്നും ഗ്രൂപ്പ് വീതംവയ്പ് അംഗീകരിക്കില്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ സന്ദേശം എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നിവർ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

പട്ടികയിൽ 60% പുതുമുഖങ്ങളും ബാക്കി സീറ്റുകളിൽ മുതിർന്നവരും എന്ന ഫോർമുലയാണു ഹൈക്കമാൻഡ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിൽ ഒരു ഇളവും ഉണ്ടാകില്ലെന്നും ഹൈക്കമാൻഡ് പ്രതിനിധികൾ അറിയിച്ചു.

ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേർന്ന് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കണമെന്ന നിർദേശം നടപ്പാക്കാത്തതിലും ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. ഓരോ മണ്ഡലത്തിലും ഒരു പേരിലേക്കു ചുരുക്കാൻ നേതാക്കൾ ഉറക്കമിളച്ച് ചർച്ച നടത്തുന്നുണ്ടെങ്കിലും അന്തിമ പട്ടികയ്ക്കു രൂപമായിട്ടില്ല. 

ഇന്നു വൈകിട്ടോടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേർന്ന് പട്ടിക പ്രഖ്യാപിക്കാനാണു ശ്രമം.

ആർഎസ്പി പട്ടിക

ചവറ: ഷിബു ബേബി ജോൺ (മുൻ മന്ത്രി)

ഇരവിപുരം: ബാബു ദിവാകരൻ (മുൻ മന്ത്രി)

കുന്നത്തൂർ: ഉല്ലാസ് കോവൂർ (ആർവൈഎഫ് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം)

ആറ്റിങ്ങൽ: എ.ശ്രീധരൻ (മുൻ സിപിഐ പ്രവർത്തകൻ, ആറ്റിങ്ങൽ ഉപജില്ലാ മുൻ വിദ്യാഭ്യാസ ഓഫിസർ). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com